ADVERTISEMENT

തന്നെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ വീട് സന്ദർശിച്ച് തെരുവുനായ. യുവാവിന്റെ വീട്ടിലെത്തിയ നായ അമ്മയെ കാണുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഹോദരിയെ ബസ് സ്റ്റോപ്പിൽ വിട്ട് തിരിച്ചുപോകുന്നതിനിടെയാണ് 21കാരൻ തിപ്പേഷ് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്. ദാവണഗരെയിലെ ഹൊന്നാള്ളി ഏരിയയിലെ ക്യസനകെരെ സ്വദേശിയാണ് തിപ്പേഷ്.

കഴിഞ്ഞ നവംബര്‍ 16 ന് ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലായിരുന്നു സംഭവം. തെരുവുനായ ബൈക്കിനുമുന്നിൽ ചാടിയതോടെ കൂട്ടിയിടിക്കാതിരിക്കാൻ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞുവീണ തിപ്പേഷിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻതന്നെ മരണത്തിനും കീഴടങ്ങി. അപകടസ്ഥലത്തുനിന്ന് മൃതദേഹം പോകുമ്പോൾ വാഹനത്തിനു പിന്നാലെ തെരുവുനായയും കൂടി. യുവാവിന്റെ വീട്ടിലേത്തിയ നായ ആ പരിസരത്തുതന്നെ കറങ്ങിനടന്നു. നാട്ടുകാരിൽ ചിലർ അതിനെ തല്ലിയോടിച്ചെങ്കിലും മൂന്നു ദിവസത്തിനുശേഷം വീണ്ടും തിപ്പേഷിന്റെ വീട്ടിലെത്തുകയായിരുന്നു. 

‘വീട്ടിലേക്ക് കയറിവന്ന നായ എന്റെ കൈയിൽ തല ചായ്ച്ചു. കൈ തന്നു. ഏറെ ദുഃഖിതനായിരുന്നുവെന്ന് തോന്നി. മകന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ചതുപോലെയാണ് തോന്നിയത്.’–  തിപ്പേഷിന്റെ അമ്മ യശോദാമ്മ പറഞ്ഞു.

അപകടസ്ഥലത്തുനിന്ന് 8 കിലോമീറ്റർ അകലെയായാണ് തിപ്പേഷിന്റെ വീട്. ഇത്രയും നടന്നാണ് നായ വീട്ടിലേക്ക് എത്തിയത്. തിപ്പേഷിന്റെ ശവസംസ്കാര ചടങ്ങ് നടക്കുന്ന സമയവും പ്രദേശത്ത് ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. മൂന്നുദിവസത്തിനുശേഷം വീട്ടിൽ കയറി അമ്മയെ കാണുകയായിരുന്നു. തിപ്പേഷിന്റെ മരണത്തിനു കാരണമായ നായയോട് ദേഷ്യമില്ലെന്ന് സഹോദരി ചന്ദന വ്യക്തമാക്കി. ‘അതൊരു അപകടമായിരുന്നു. നിർഭാഗ്യം കൊണ്ട് ഞങ്ങൾക്ക് സഹോദരനെ നഷ്ടമായി.’– ചന്ദന ദേശീയമാധ്യമങ്ങളോട് പറഞ്ഞു. നായ ഇപ്പോൾ തിപ്പേഷിന്റെ വീട്ടില്‍ താമസമാക്കിയിരിക്കുകയാണ്.

English Summary:

Stray dog involved in fatal accident visits deceased bikers grieving mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com