ADVERTISEMENT

മൃഗങ്ങളിലെ ശക്തന്മാരുടെ പട്ടികയിൽ ഒന്നാം നിരയിലാണ് സിംഹങ്ങൾ. ജന്തുജാലങ്ങളിൽ ഏറ്റവും കുഞ്ഞന്മാരായി കരുതപ്പെടുന്ന ഉറുമ്പുകളുമായി അവയെ താരതമ്യം ചെയ്യാൻ പോലുമാവില്ല. എന്നാൽ, ഏതാനും ഉറുമ്പുകൾ കാരണം ഏതാണ്ട് പട്ടിണിയിൽ ആയിരിക്കുകയാണ് കെനിയയിലെ സിംഹങ്ങളെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ബിഗ് ഹെഡഡ് ആന്റ് ഇനത്തിൽപ്പെട്ട ഉറുമ്പുകളാണ് കിഴക്കൻ ആഫ്രിക്കയിലെ സിംഹങ്ങളുടെ ഇര പിട‌ിത്തത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നത്.

ഫ്ലോറിഡ സർവകലാശാലയിലെ പ്രഫസറായ ടോഡ് പാൽമറും സംഘവുമാണ് വിചിത്രമായ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ, ഉറുമ്പുകൾ സിംഹങ്ങളുമായി നേരിട്ട് ഇടപെടുന്നതു മൂലമല്ല ഈ സാഹചര്യം ഉണ്ടാകുന്നത്. നേരെമറിച്ച് അവയുടെ സാന്നിധ്യം സിംഹങ്ങളുടെ വേട്ടയാടൽ സ്ഥലങ്ങളെ അപ്പാടെ മാറ്റിമറിയ്ക്കുയാണ് ചെയ്യുന്നത്. പൊതുവേ കിഴക്കൻ ആഫ്രിക്കയിലെ സിംഹങ്ങൾ സീബ്രകളെ പിടികൂടുന്ന മേഖലയിൽ വിസിലിംഗ് തോർൺ ഇനത്തിൽപ്പെട്ട മരങ്ങൾ ധാരാളമുണ്ട്. ഇവയുടെ മറവു പറ്റിയിരിക്കുന്ന സിംഹങ്ങളെ സീബ്രക്കൂട്ടങ്ങൾക്ക് കാണാനാവില്ല. അവ അരികിൽ എത്തുമ്പോൾ സിംഹങ്ങൾക്ക് അങ്ങനെ വേഗത്തിൽ ഇര പിടിക്കാനും സാധിക്കും.

Big-headed-ant
ബിഗ് ഹെഡഡ് ആന്റ് . ചിത്രം: https://twitter.com/coaldragon

വിസിലിംഗ് തോർൺ മരത്തിന്റെ ഇലകൾ ആനകളുടെ ഇഷ്ട ഭക്ഷണമാണ്. ഇലകൾ ഭക്ഷിക്കുന്ന വേളയിൽ അവ മരങ്ങൾ അപ്പാടെ നാശമാക്കുകയും ചെയ്യും. എന്നാൽ, ഇത്തരത്തിൽ തങ്ങളെ ആക്രമിക്കാൻ എത്തുന്ന ആനക്കൂട്ടത്തെ തുരത്താനായി വിസിലിംഗ് തോർൺ മരങ്ങൾക്ക് ഒരു കൂട്ടം കൂട്ടുകാരുണ്ട്. അക്കേഷ്യ ആന്റ് എന്നറിയപ്പെടുന്ന പ്രത്യേക ഉറുമ്പ് വർഗ്ഗമാണ് അവ. ഈ മരങ്ങളിൽ നിന്നുള്ള ദ്രാവകമാണ് അക്കേഷ്യ ഉറുമ്പുകളുടെ ആഹാരം. ഇങ്ങനെ ആഹാരവും അഭയവും തേടി അവ വിസിലിംഗ് തോർണുകളിൽ തന്നെ താമസമാക്കും. ആനകൾ മരങ്ങൾ നശിപ്പിക്കാനെത്തിയാൽ ഉറുമ്പുകൾ അവയുടെ തുമ്പിക്കൈകളിൽ കടിച്ച് ഓടിക്കും.

ഇങ്ങനെ പരസ്പരം സഹായിച്ച് അക്കേഷ്യ ഉറുമ്പുകളും വിസിലിംഗ് തോർൺ മരങ്ങളും നിലനിൽക്കുന്നതിനിടയിലേയ്ക്കാണ് ബിഗ് ഹെഡഡ് ഉറുമ്പുകളുടെ കടന്നുവരവ്. പ്രായപൂർത്തിയായ അക്കേഷ്യ ഉറുമ്പുകളെ കൊന്ന് അവയുടെ മുട്ടകളും ലാർവകളും ഭക്ഷിക്കുകയാണ് ബിഗ് ഹെഡഡ് ഉറുമ്പുകളുടെ പ്രധാന ലക്ഷ്യം. ഒരു മരത്തിൽ താമസമാക്കിയിരിക്കുന്ന അക്കേഷ്യ ഉറുമ്പുകളെ അത്രയും നശിപ്പിച്ച് മരത്തിന്റെ ആധിപത്യം ഏറ്റെടുക്കാൻ ഇവയ്ക്ക് സാധിക്കും. എന്നാൽ അക്കേഷ്യ ഉറുമ്പുകളെ പോലെ ആനകളെ ആക്രമിക്കാനോ അതുവഴി മരങ്ങൾക്ക് സംരക്ഷണം നൽകാനോ ഇവ മുതിരാറുമില്ല. 

അതിനാൽ ബിഗ് ഹെഡെഡ് ഉറുമ്പുകൾ അധികമുള്ള മേഖലകളിൽ ആനകൾ കൂട്ടമായി എത്തി മരങ്ങൾ നാശമാക്കുന്നുണ്ട്. ഈ ഉറുമ്പുകളുടെ സാന്നിധ്യമില്ലാത്ത മേഖലകളെ അപേക്ഷിച്ച് അവ ഉള്ള ഇടങ്ങളിൽ ആനകൾ ഏഴുമടങ്ങ് അധികം മരങ്ങൾ നശിപ്പിക്കുന്നുണ്ടെന്നാണ് ഗവേഷകർ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. കെനിയയിലെ ലൈകിപിയ മേഖലയിൽ  വിസിലിംഗ് തോർൺ മരങ്ങളുടെയും ബിഗ് ഹെഡെഡ് ഉറുമ്പുകളുടെയും ആനകളുടെയും സാന്നിധ്യമുള്ളതും ഇല്ലാത്തതുമായ വ്യത്യസ്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു പഠനം നടത്തിയത്. ബിഗ് ഹെഡെഡ് ഉറുമ്പുകളും ആനകളും ധാരാളമുള്ള സ്ഥലങ്ങളിൽ മരങ്ങൾ നഷ്ടപ്പെടുന്നതുമൂലം മറവുള്ള ഇടങ്ങൾ കുറവാണെന്ന് കണ്ടെത്തി.

സിംഹം (Credit:SeymsBrugger/Istock)
സിംഹം (Credit:SeymsBrugger/Istock)

ഇതുതന്നെയാണ് സിംഹങ്ങൾ നേരിടുന്ന പ്രശ്നവും. ഭക്ഷണത്തിനായി ഇവ പ്രധാനമായും വേട്ടയാടുന്നത് സീബ്രകളെയാണ്. മരങ്ങൾ നഷ്ടപ്പെടുന്നത് മൂലം ദൂരക്കാഴ്ച സാധ്യമാകുന്നതിനാൽ വളരെ അകലത്തിൽ നിന്ന് തന്നെ സീബ്രകൾക്ക് സിംഹങ്ങളെ കാണാനാവും. സിംഹങ്ങൾക്ക് ആക്രമിക്കാനാവും മുൻപു തന്നെ അവ രക്ഷപ്പെടുകയും ചെയ്യും. ഇത് പതിവായതോടെ പ്രധാനമായും സീബ്രകളെ ഭക്ഷണമാക്കിയിരുന്ന സിംഹങ്ങൾ എരുമകളെയും പോത്തുകളെയും ആക്രമിക്കുന്നതിനാണ് ഇപ്പോൾ താൽപര്യം കാണിക്കുന്നത്. 

മാറിയ സാഹചര്യങ്ങൾ സിംഹങ്ങളുടെ ആഹാരക്രമത്തെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും നിലവിൽ അവയുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്നും ഗവേഷകർ പറയുന്നു. എന്നാൽ ബിഗ് ഹെഡഡ് ഉറുമ്പുകളുടെ സാന്നിധ്യം സിംഹങ്ങൾക്ക് മാത്രമല്ല അക്കേഷ്യ മരങ്ങളുടെ ഇലകൾ ഭക്ഷിച്ചു ജീവിക്കുന്ന ജിറാഫുകളെയും കാണ്ടാമൃഗങ്ങളെയുമൊക്കെ വിപരീതമായി ബാധിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ തന്നെ മാറ്റിമറിക്കുന്നതിലേയ്ക്ക് ഇത് നയിക്കുമോ എന്ന ആശങ്കയാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്. സയൻസ് എന്ന ജേർണലിലൂടെയാണ് പഠന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

English Summary:

Lions making fewer zebra kills due to ‘chain reaction’ involving invasive ants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com