ADVERTISEMENT

വരുന്ന വസന്തകാലത്ത് യുഎസിൽ ശതകോടിക്കണക്കിന് സിക്കാഡകൾ പുറത്തുവരുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഈ സിക്കാഡകളെക്കുറിച്ച് കൗതുകകരമായ പല കാര്യങ്ങളുമുണ്ട്. മണ്ണിൽനിന്നും പുറത്തുവന്നാൽ ഇവ ത്വക്ക് പൊളിച്ചു പുറത്തുവരും. അപ്പോഴിവരെ കണ്ടാൽ കുഞ്ഞൻ അന്യഗ്രഹജീവികളാണെന്നു തോന്നുമെന്നാണ് പല അമേരിക്കക്കാരുടെയും അഭിപ്രായം. അതുപോലെ തന്നെ ഇവയെ ഭക്ഷിക്കാമോ തുടങ്ങിയ ചോദ്യങ്ങൾ വിവിധ വാദങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

2021ൽ യുഎസിൽ ബ്രൂഡ് 10 എന്നയിനം സിക്കാഡ ചീവീടുകൾ പുറത്തിറങ്ങിയിരുന്നു. അന്ന് സിക്കാഡകളെ ഭക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചില ശാസ്ത്രജ്ഞർ ആഹ്വാനം ചെയ്തത് വിവാദമുയർത്തി. പരിസ്ഥിതി സൗഹൃദഭക്ഷണമെന്ന നിലയിൽ കീടങ്ങളെ ഭക്ഷിക്കാൻ ആവശ്യപ്പെട്ടുള്ള ക്യാംപെയ്‌നാണ് ഇതെന്നാണ് ഇതിനെ എതിർത്തവർ പറഞ്ഞത്.

സിക്കേഡ (Photo: X/ @jameszaworski)
സിക്കേഡ (Photo: X/ @jameszaworski)

ഏതായാലും അന്ന് ഇവയെ വ്യാപകമായി ഭക്ഷണത്തിനുപയോഗിച്ചിരുന്നു. വറുത്ത ചീവീടുകളെ ചോക്കലേറ്റിൽ മുക്കി മേരീലാൻഡിലെ ചില ബേക്കറികൾ കച്ചവടം ചെയ്തിരുന്നു. വലിയ ഡിമാൻഡായിരുന്നു ഈ ചീവീട് ഫ്രൈ ചോക്കലേറ്റിന്. ചൂടപ്പം പോലെയാണ് ഈ ചീവീട് ചോക്കലേറ്റ് അന്നു വിറ്റുപോയത്. പക്ഷേ പല വിദഗ്ധരും സിക്കാഡയെ ഭക്ഷിക്കുന്നതു മൂലം ഉടലെടുക്കാനിടയുള്ള അലർജി പോലുള്ള അസുഖങ്ങളെക്കുറിച്ച് വെളിപ്പെടുത്തി.

അന്നു യുഎസിന്റെ കിഴക്കൻ, മധ്യമേഖലകളിലുള്ള സംസ്ഥാനങ്ങളിലാണ് സിക്കാഡകൾ പുറത്തിറങ്ങിയിരുന്നത്. ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി യൂറോപ്പിലേക്കു പോകാൻ എയർഫോഴ്‌സ് വൺ വിമാനത്തിൽ കയറാനെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ, പിൻകഴുത്തിലേക്ക് ഒരു ചീവീട് ചാടിക്കയറിയതും തുടർന്ന് ബൈഡൻ ഇതിനെ തട്ടിമാറ്റുന്നതും അക്കാലത്ത് ചിരിപടർത്തിയ രംഗമായിരുന്നു. യുഎസിൽ പലരും റെയിൻകോട്ടുകളും ഫെയ്‌സ്ഷീൽഡുമിട്ടാണ് അന്ന് നടന്നത്.

U.S. President Joe Biden swats away a cicada (Not Seen) that was flying around his head prior to boarding Air Force One as he departs on travel to attend the G-7 Summit in England, the first foreign trip of his presidency, from Joint Base Andrews, Maryland, U.S., June 9, 2021. REUTERS/Kevin Lamarque
U.S. President Joe Biden swats away a cicada (Not Seen) that was flying around his head prior to boarding Air Force One as he departs on travel to attend the G-7 Summit in England, the first foreign trip of his presidency, from Joint Base Andrews, Maryland, U.S., June 9, 2021. REUTERS/Kevin Lamarque

സികാഡ എന്ന പ്രത്യേകയിനം ചീവിടിന്റെ പ്രജനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പെരുകലാണ് ഇത്. ഭൗമോപരിതലത്തിൽ മുട്ടവിരിഞ്ഞുണ്ടായ ശേഷം ഇതു നിംഫ് എന്ന അവസ്ഥയിലെത്തും, തുടർന്ന് ഇത് മണ്ണിലേക്കു പോകും. അവിടെ മരങ്ങളുടെ വേരിൽ നിന്നുള്ള രസങ്ങൾ കുടിച്ച് വർഷങ്ങൾ ചെലവിടും. വർഷങ്ങൾക്കു ശേഷം ഇവ പൂർണമായി വളർച്ചയെത്തി ചീവീടാകുമ്പോൾ പുറത്തുവരും. പിന്നീടിവയുടെ ജീവിതം ആഴ്ചകൾ മാത്രമാണ്. അങ്ങനെയൊരു പുറത്തുവരലാണ് ഇപ്പോൾ സംഭവിക്കാനിരിക്കുന്നത്. 17, 13 വർഷങ്ങൾ ഇങ്ങനെ മണ്ണിൽ കഴിഞ്ഞ ചീവീടുകളാണ് പുറത്തു വരാൻ പോകുന്നത്.

ചുവന്ന കണ്ണും സ്വർണനിറത്തിലുള്ള ചിറകുകളും ഇരുണ്ട ശരീരവുമുള്ള സിക്കാഡ ചീവീട് മനുഷ്യർക്ക് അത്ര അപകടകാരിയൊന്നുമല്ല, കടിക്കാനോ കുത്താനോ കഴിവില്ലാത്ത നിരുപദ്രവകാരികളാണ് ഇവ. സാധാരണക്കാർക്ക് ഇതു പ്രശ്‌നമാകില്ലെങ്കിലും പ്രശ്‌നമാകുന്ന ഒരു കൂട്ടരുണ്ട്. യുഎസിൽ ജനസംഖ്യയുടെ 12.5 ശതമാനം പേർക്ക് ഏതെങ്കിലുമൊരു തരത്തിൽ ഫോബിയയുണ്ടെന്ന് പഠനമുണ്ട്. പ്രാണികളോടുള്ള പേടിയായ എന്റെമോഫോബിയ ഇതിൽ ഏറ്റവും വ്യാപകമായിട്ടുള്ളതാണ്. ഇത്തരക്കാർക്ക് നൂറുകോടിക്കണക്കിന് ചീവീടുകൾ ഒരു സുപ്രഭാതത്തിൽ മേഖല മുഴുവൻ പരക്കുന്നത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും.

സിക്കാഡകൾ.(Credit: NPvancheng55/Shutterstock)
സിക്കാഡകൾ.(Credit: NPvancheng55/Shutterstock)

എന്നാൽ ഇത്തരം സംഭവങ്ങൾ ആഘോഷിക്കപ്പെടേണ്ടവയാണെന്നും ചില പരിസ്ഥിതി വിദഗ്ധർക്ക് അഭിപ്രായമുണ്ടായിരുന്നു. കണക്ടിക്കറ്റ് സർവകലാശാലാ ഗവേഷകനായ ജോൺ കൂലി ഇത്തരത്തിലൊരാളാണ്. പ്രകൃതി ആരോഗ്യമുറ്റതാണെന്നു കാട്ടുന്നതാണ് ഈ സംഭവം. ഇതൊക്കെ കാലാകാലങ്ങളായി പ്രകൃതിയുടെ പ്രക്രിയകളാണ്. ഇവ നടന്നില്ലെങ്കിലാണ് വിഷമിക്കേണ്ടത്-അദ്ദേഹം പറയുന്നു.

English Summary:

"Billions of Cicadas Set to Invade the US: Alien-Like Emergence Sparks Curiosity and Controversy"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com