യഥാർഥ ഡ്രാഗൺ! സ്കോട്ലൻഡിൽ ഭീകരൻ പറവയുടെ ഫോസിൽ കണ്ടെത്തി
Mail This Article
കഥകളിലും സിനിമകളിലും കൂടി പ്രശസ്തമായ ഡ്രാഗണുകളെ അനുസ്മരിപ്പിക്കുന്ന ടെറോസറുകളുടെ ഫോസിലുകൾ സ്കോട്‌ലൻഡിലെ സ്കൈ ദ്വീപിൽ കണ്ടെത്തി. രൂപസാദൃശ്യം മൂലം ടെറോസറുഖവെ ഡ്രാഗണുകൾ എന്നു തന്നെ ചില ശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ ആദ്യത്തെ പറക്കുന്ന നട്ടെല്ലുള്ള ജീവികളായിട്ടാണ് ശാസ്ത്രലോകം ഇവയെ പരിഗണിക്കുന്നത്.
16.6 കോടി വർഷം മുൻപാണ് ഈ ജീവി സ്കോട്‌ലൻഡിൽ ജീവിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പൊതുവെ ചൈനയിലാണ് ഈ ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ ഫോസിലുകളിലൊന്ന് സ്കോട്ലൻഡിൽ കണ്ടെത്തിയത് ശാസ്ത്രജ്ഞരിൽ ആവേശമുയർത്തിയിട്ടുമുണ്ട്. സിയോപ്ടെറ ഇവാൻസെ എന്നാണ് പുതിയ ഫോസിലിനു നൽകിയിരിക്കുന്ന ശാസ്ത്രനാമം.
ഇരുന്നൂറിലേറെ തരം ടെറോസറുകൾ ഭൂമിയിലുണ്ടായിരുന്നെന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കൂർത്ത തല, വവ്വാലുകളെ പോലുള്ള തൊലി വിടർന്ന ചിറകുകൾ എന്നിവയെല്ലാം ഇവർക്കുണ്ടായിരുന്നു. 2015ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ് സിനിമയിലൊക്കെ ഇവയെ കാണിക്കുന്നുണ്ട്.
ഇവയിൽ ഏറ്റവും വലിയ ഇനമായ ക്വെറ്റ്സാൽകോട്‌ലസ് നോർത്ത്റോപ്പിക്ക് ഒരു ജിറാഫിന്റെ ഉയരവും 35 അടി വീതിവരുന്ന ചിറകുകളുമുണ്ടായിരുന്നു, ഏറ്റവും ചെറിയവയ്ക്ക് നമ്മൾ നാട്ടിലൊക്കെ കാണുന്ന അടയ്ക്കാക്കുരുവികളുടെ വലുപ്പവും. കാര്യം ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിലും ടെറോസറുകൾക്ക് ദിനോസറുകളുമായി ജീവശാസ്ത്രപരമായ ബന്ധം ഇല്ലെന്നാണു വിലയിരുത്തൽ .എന്നാൽ ഇവ എങ്ങനെയാണു ഭൂമിയിലെത്തിയത്? ഏതു ജീവി പരിണമിച്ചാണ് ഇവയുടെ ഉദ്ഭവത്തിനു കാരണമായത്?
ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. 200 വർഷത്തോളം ഇവ ജുറാസിക് യുഗത്തിലെ മൃഗങ്ങളെക്കുറിച്ച് പഠനം നടത്തിയവരെ അലട്ടിക്കൊണ്ടേയിരുന്നു. ഇടയ്ക്ക് ഉത്തരം ലഭിച്ചു.
ലാഗർപെറ്റിഡ്സ് എന്ന കരയിൽ താമസിച്ച ജീവികളിൽ നിന്നാണു ടെറോസറുകൾ ജനനമെടുത്തത്. ടോമോഗ്രഫി സ്കാനുകൾ, പറക്കാൻ കഴിയാത്ത ലാഗർ പെറ്റിഡിൽ നിന്നു പറക്കുന്ന ടെറോസറിലേക്കുള്ള പരിണാമ ദൈർഘ്യം ചെറുതായിരുന്നത്രേ. ഏതായാലും ടെറോസറുകൾ ജുറാസിക് കാലഘട്ടത്തിനപ്പുറം നിലനിന്നില്ല. ദിനോസറുകളെ ഈ ഭൂമിയിൽ നിന്നില്ലാതാക്കിയ പ്രകൃതിദുരന്തത്തോടൊപ്പം ഇവയും പോയ്മറഞ്ഞെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്.എന്നാൽ ഇന്നും നമുക്ക് ചുറ്റും ചില ദിനോസറുകൾ പറന്നു നടപ്പുണ്ട്. ആരാണെന്നോ? പക്ഷികൾ.
പക്ഷികളുണ്ടായത് ചെറിയ ദിനോസറുകളായ തെറോപോഡുകളിൽ നിന്നാണെന്നത് ശാസ്ത്രജ്ഞർ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. മാംസം കഴിക്കുന്ന തെറപോഡുകൾക്ക് കൊക്കിനൊപ്പം വായിൽ പല്ലുമുണ്ടായിരുന്നു.പിൽക്കാലത്ത് പക്ഷികളായി ഇവ പരിണമിച്ചപ്പോഴും വായിൽ പല്ലുണ്ടായിരുന്നത്രേ. എന്നാൽ പിന്നീട് അത് കൊഴിഞ്ഞുപോയി. കൊക്കിനു പുറമേ, ഇന്നത്തെ പക്ഷികളെ പോലെ തന്നെ ശരീരമാസകലം തൂവലും തെറപോഡുകൾക്കുണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ പക്ഷിയെന്ന് ശാസ്ത്രജ്ഞർക്കിടയിൽ ഇടക്കാലത്ത് പ്രശസ്തി നേടിയ ആർക്കയോപ്ടെറിക്സും പക്ഷികളുടെയും ദിനോസറുകളുടെയും സവിശേഷതകൾ ഒത്തിണങ്ങിയ ജീവികളായിരുന്നു. കാര്യം ഇരു കൂട്ടരും പറക്കുമെങ്കിലും ടെറോസറുകളും ഇന്നത്തെ പക്ഷികളുമായി യാതൊരു ബന്ധവുമില്ലെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.