ADVERTISEMENT

ഇന്ന് ഭക്ഷണമേഖലയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സാങ്കേതികവിദ്യകളിലൊന്നാണ് ലാബ് ഗ്രോൺ മീറ്റ്. മൃഗങ്ങളെ അറുക്കാതെ പരീക്ഷണശാലകളിൽ മാംസകലകൾ വളർത്തിയെടുക്കുന്ന ഈ രീതി പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെയടക്കം ശ്രദ്ധ നേടിയിരുന്നു. ഇത് കൂടുതൽ പരിസ്ഥിതി സൗഹൃദപരമാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. ലാബ് ഗ്രോൺ മീറ്റിന്റെ കാര്യത്തിൽ പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞർ. ബീഫും ചോറും ചേർന്ന ഒരു ഹൈബ്രിഡ് ഭക്ഷണമാണ് ഇവർ ഒരു പെട്രിഡിഷിൽ ഒരുക്കിയത്. പിങ്ക് നിറമുള്ള, ചോറു പോലെയിരിക്കുന്ന ഈ ഭക്ഷണം പ്രോട്ടീനുകളുടെ മികച്ച കലവറയാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

പരമ്പരാഗത മൃഗ ഫാമിങ് രീതികളെക്കാൾ കുറച്ചുമാത്രം ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിനാൽ ഇവ പരിസ്ഥിതിക്ക് വളരെയേറെ ഗുണകരമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ യോൻസി സർവകലാശാലയിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നിൽ. കന്നുകാലികളിലെ പേശി, കൊഴുപ്പ് വിത്തുകോശങ്ങളെടുത്ത് അരിയിൽ സ്ഥാപിച്ചാണ് ഗവേഷണം പുരോഗമിച്ചത്. കോശങ്ങൾ അരിയിലേക്കു ഘടിപ്പിക്കപ്പെടാനായി ഫിഷ് ജെലാറ്റിൻ, വിവിധ രാസവസ്തുക്കൾ എന്നിവ ആദ്യം അരിയിൽ നൽകിയിരുന്നു.

Credit: Yonsei University
Credit: Yonsei University

വിത്തുകോശങ്ങൾ നൽകിയശേഷം ഇവ 9 മുതൽ 11 ദിവസം വരെ കൾച്ചറിങ് പ്രക്രിയയ്ക്കായി ഒരു പെട്രിഡിഷിൽ നിലനിർത്തി. പരീക്ഷണം വിജയമായതോടെ പുതിയ ഹൈബ്രിഡ് ബീഫ്-അരി യാഥാർഥ്യമായി. സാധാരണ അരിയെ അപേക്ഷിച്ച് 8 ശതമാനം കൂടുതൽ പ്രോട്ടീൻ ഇതിനുണ്ടെന്ന് ഗവേഷകർ പറയുന്നു.

ഭക്ഷണസംബന്ധമായ രോഗസാധ്യതകൾ പുതിയ ഉൽപന്നത്തിൽ കുറവാണെന്ന് ഗവേഷകർ പറയുന്നു. സാധാരണ ബീഫ് വാങ്ങുന്നതിന്റെ ഏഴിലൊന്നു മാത്രമേ ഇതിനു ചെലവുണ്ടാകുകയുള്ളുവെന്നും ഗവേഷകർ പറയുന്നു. സാധാരണ ബീഫിലൂടെ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്‌സൈഡിന്റെ എട്ടിലൊന്നേ ഇതിൽ നിന്നു പുറന്തള്ളപ്പെടൂ എന്നുള്ളത് പരിസ്ഥിതിപരമായി ഗുണകരമാണെന്നും ഗവേഷകർ പറയുന്നു.

കഴിഞ്ഞ വർഷം ഡേവിസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ നടത്തിയ ഒരു പഠനത്തിൽ, സാധാരണ ബീഫിനെക്കാൾ 25 മടങ്ങ് ഹരിതഗൃഹ വാതകങ്ങൾ ഇവ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നു. മനുഷ്യർ മൂലമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിൽ മൂന്നിലൊന്നും ഭക്ഷണമേഖലയിൽ നിന്നാണ്. 17300 കോടി മെട്രിക് ടൺ ഹരിതഗൃഹവാതകങ്ങൾ മേഖലയിൽ നിന്നുണ്ടാകുന്നെന്നാണ് കണക്ക്. ഇതിൽ 60 ശതമാനവും മൃഗസ്രോതസ്സിൽ നിന്നുള്ള ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. ഫാമിങ്ങിനുപയോഗിക്കുന്ന സാധന സാമഗ്രികൾ, ഉപകരണങ്ങൾ, തീറ്റയ്ക്കായുള്ള പുൽമേടുകൾ എന്നിവയെല്ലാം ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ പങ്കുവഹിക്കുന്നുണ്ട്.

ഈ ഭക്ഷണത്തിന്റെ രുചിയും ആവശ്യത്തിനനുസരിച്ച് മാറ്റാം. പേശികളിൽ നിന്നുള്ള വിത്തുകോശങ്ങൾ കൂടുതൽ അടങ്ങിയിട്ടുള്ള ഉൽപന്നത്തിന്റെ രുചി കൊഴുപ്പ് വിത്തുകോശങ്ങൾ കൂടുതലടങ്ങിയിരിക്കുന്ന ഉൽപന്നത്തിൽനിന്നു വ്യത്യസ്തമായിരിക്കും. ഈ ഉൽപന്നം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഇത് ജനപ്രിയമായ ഒരു ഭക്ഷണസ്രോതസ്സായി മാറുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

English Summary:

Introducing meat–rice: grain with added muscles beefs up protein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com