ADVERTISEMENT

2022ൽ ലോകസമുദ്രമേഖലയിൽ അദ്ഭുതമുളവാക്കിയ ഒരു സംഭവം നടന്നു. 107 വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്കയിൽ മറഞ്ഞ പ്രശസ്ത കപ്പലായ എൻഡുറൻസ് കടലിനടിയിൽ നിന്നു കണ്ടെത്തി. വിഖ്യാത ബ്രിട്ടിഷ്‌ ഐറിഷ് പര്യവേക്ഷകനായ സർ ഏർണസ്റ്റ് ഷാക്കിൾടണിന്റെ കപ്പലായിരുന്നു ഇത്. 1915ലാണ് അന്റാർട്ടിക്കയ്ക്കു സമീപം തണുത്തുറഞ്ഞ സമുദ്രമഞ്ഞിൽ ഇടിച്ച് കപ്പൽ തകർന്നു മുങ്ങിയത്. ഇതിലുണ്ടായിരുന്ന ഷാക്കിൾടണും സംഘവും തുടർന്ന് ചെറിയബോട്ടുകളിലും മഞ്ഞിൽ കാലുറപ്പിച്ചു നടന്നും രക്ഷപ്പെട്ടിരുന്നു. അന്റാർട്ടിക് പര്യവേക്ഷണ ചരിത്രത്തിലെ അദ്ഭുതകരമായ രക്ഷപ്പെടലുകളിലൊന്നായിരുന്നു അത്.

ഷാക്കിൾടൺ ചില്ലറക്കാരനല്ലായിരുന്നു. കറതീർന്ന സാഹസികനായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും ദുഷ്‌കരമായ സമുദ്രമേഖലയായ ഡ്രേക്‌സ് പാസേജിലൂടെ ഒരു സാധാരണ ബോട്ടിൽ സഞ്ചരിച്ചു എന്നതുതന്നെയാണ് ആ സാഹസികതയുടെ വലിയ തെളിവ്. എൻഡുറൻസ് തകർന്ന ശേഷം സൗത്ത് ജോർജിയ എന്ന സ്ഥലത്തെത്താനായാണ് അദ്ദേഹം ഇതു ചെയ്തത്. 15 ദിവസമെടുത്തു ആ യാത്ര.

ഡ്രേക് പാസേജ് (Photo by VANDERLEI ALMEIDA / AFP)
ഡ്രേക് പാസേജ് (Photo by VANDERLEI ALMEIDA / AFP)

പഴയകാലത്ത് അന്റാർട്ടിക്ക ലക്ഷ്യമിട്ട പര്യവേക്ഷകരുടെ പേടിസ്വപ്‌നമായിരുന്നു ഡ്രേക്‌ പാസേജ്. 1525ൽ സ്പാനിഷ് സഞ്ചാരിയായ ഫ്രാൻസിസ്‌കോ ഡി ഹോക്‌സ് ആണ് ഈ മേഖല കണ്ടെത്തിയത്. തെക്കൻ അമേരിക്കയുടെ തെക്കൻ മുനമ്പായ കേപ് ഹോണും അന്റാർട്ടിക്കയുടെ ഭാഗമായ സൗത്ത് ഷെറ്റ്‌ലൻഡ് ദ്വീപുകൾക്കുമിടയിൽ 800 കിലോമീറ്റർ വീതിയിലും 1000 കിലോമീറ്റർ നീളത്തിലും സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡ്രേക് പാസേജ്. ലോകത്തിലെ രണ്ട് വൻ സമുദ്രങ്ങളായ പസിഫിക്കും അറ്റ്‌ലാന്റിക്കും കൂട്ടിമുട്ടുന്ന ഇടമെന്ന പ്രത്യേകതയും ഡ്രേക്കിനുണ്ട്.

ഉയർന്ന തോതിൽ കാറ്റടിക്കുന്ന മേഖലയാണ് ഡ്രേക് പാസേജ്. അടുത്തെങ്ങും കരഭാഗമില്ലാത്തതിനാൽ വലിയ വേഗത്തിലാണ് ഇവിടെ വെള്ളം നീങ്ങുന്നത്. 1616ൽ ആണ് ആദ്യമായി ഇതുവഴി ഒരു കപ്പൽ യാത്ര ചെയ്തത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികനായ വില്യം ഷോട്ടന്‌റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം സാധ്യമാക്കിയത്.

Read Also: പിങ്ക് നിറത്തിൽ ഒരു കുട്ടിയാന! ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അപൂർവ ചിത്രങ്ങൾ വൈറൽ.

ഡ്രേക് പാസേജിലൂടെ പോകുന്ന കപ്പൽ. (Photo by VANDERLEI ALMEIDA / AFP)
ഡ്രേക് പാസേജിലൂടെ പോകുന്ന കപ്പൽ. (Photo by VANDERLEI ALMEIDA / AFP)

ഇവിടെ യാത്ര ചെയ്തിരുന്ന നാവികരിൽ പലരും എട്ട് അടി പൊക്കത്തിൽവരെ തിരകൾ ഉയർന്നു പൊങ്ങിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധാരാളം വെള്ളം ഒഴുകുന്ന മേഖലയായതിനാൽ ജലത്തിനു വലിയ ശക്തിയുമാണ് ഇവിടെ. അന്റാർട്ടിക്കയിലേക്ക് മനുഷ്യരെത്തുന്നതിനു വലിയ തടസ്സമായി നിന്ന കാരണങ്ങളിലൊന്ന് ഡ്രേക്‌ പാസേജ് ആയിരുന്നു.

ഇന്നത്തെ കാലത്ത് ഡ്രേക്‌സ് പാസേജ് വഴിയുള്ള യാത്ര അത്ര ഒരു വലിയ വെല്ലുവിളിയല്ല. അത്യാധുനിക കപ്പലുകളുടെ സഹായത്താൽ സുരക്ഷിതമായി ഇതുവഴി പോകാം. എന്നാൽ കടൽച്ചൊരുക്ക് ഇവിടെ രൂക്ഷമായി അനുഭവപ്പെടാറുണ്ടെന്നു പല നാവികരും സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com