ADVERTISEMENT

കേരളത്തിൽ വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവനെടുത്ത് കൃഷിയും നശിപ്പിച്ച് വിളയാടുമ്പോൾ തമിഴ്നാട്ടിൽ ഇതെല്ലാം പഴങ്കഥയായി മാറുകയാണ്. മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതെ സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ കാര്യക്ഷമമാണ് ഇവിടങ്ങളിലെല്ലാം. ഇടുക്കി ജില്ല തമിഴ്നാട് സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന 6 ജില്ലകളിലും കാര്യക്ഷമമാണ് വനംവകുപ്പിന്റെ പ്രവർത്തനം. തെങ്കാശി, വിരുതുനഗർ, തേനി, ഡിണ്ടിഗൽ, തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളാണ് ഇടുക്കിയുമായി അതിരിടുന്ന ജില്ലകൾ. കുമളി, അട്ടപ്പള്ളം, ചെല്ലാർകോവിൽ, മന്തിപ്പാറ, കമ്പംമെട്ട്, കരുണാപുരം, രാമക്കൽമേട്, ചതുരംഗപ്പാറ പ്രദേശങ്ങളും മതികെട്ടാൻചോല വനമേഖലയും സൂര്യനെല്ലി, മീശപ്പുലിമല, മൂന്നാർ ഹിൽസ്റ്റേഷനും അതിർത്തി പങ്കിടുന്നത് തമിഴ്നാട്ടിലെ തേനി ജില്ലയോടാണ്‌. പാമ്പാടുംചോല ദേശീയ ഉദ്യാനവും വട്ടവട, കൊട്ടാക്കമ്പൂർ പ്രദേശങ്ങളും ഡിണ്ടിഗൽ ജില്ലയുമായി അതിർത്തി പങ്കുവയ്ക്കുന്നു. കുറിഞ്ഞിമല ഉദ്യാനവും ചിന്നാർ വന്യജീവിസങ്കേതവും മറയൂർ പ്രദേശങ്ങളും തിരുപ്പൂർ ജില്ലയുടെ അതിർത്തിയിലാണ്. തെങ്കാശി, വിരുതുനഗർ ജില്ലകൾ കേരളത്തിലെ പെരിയാർ ടൈഗർ റിസർവ് ഉൾപ്പെടുന്ന വനമേഖലയുമായാണ് അതിർത്തി പങ്കുവയ്ക്കുന്നുണ്ട്. ഇരവികുളം ദേശീയ ഉദ്യാനവും മറയൂർ വനപ്രദേശവും കോയമ്പത്തൂർ ജില്ലയുമായി അതിരിടുന്നു. ഈ പ്രദേശങ്ങളിൽ കേരളത്തിൽ വന്യജീവി പ്രശ്നമുണ്ടാകുമ്പോൾ തമിഴ്നാട്ടിൽ അത് തടയാനാകുന്നുണ്ട്. 

സുരക്ഷയ്ക്ക് ഉദാഹരണം തൊട്ടടുത്ത് 

പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന മേഘമല കടുവ സങ്കേതമാണ് തേനി ജില്ലയിൽ കൃഷിയിടങ്ങളുമായി അതിർത്തി പങ്കിടുന്നത്. ആന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ എല്ലാ വന്യജീവികളുടെയും ശല്യം ഒരുകാലത്ത് ഇവിടെയുള്ള കർഷകർക്കും തലവേദനയായിരുന്നു. എന്നാൽ, ഇപ്പോൾ ഈ പ്രദേശങ്ങളെല്ലാം തെങ്ങ്, മുന്തിരി, പച്ചക്കറികൾ തുടങ്ങിയ കൃഷികളാൽ സമ്പന്നമാണ്. കർഷകർക്ക് സഹായവുമായി സർക്കാർ ഒപ്പം നിന്നതോടെ മൃഗങ്ങളെ അകറ്റാനുള്ള പദ്ധതികളെല്ലാം അവിടെ വിജയത്തിലെത്തി. വൈദ്യുതി വേലികൾ, ട്രഞ്ചുകൾ, മുള്ളുവേലികൾ എന്നിവയാണ് ഇവിടെ വിജയകരമായി നടപ്പാക്കിയിരിക്കുന്നത്.  ആനകൾ കൃഷിയിടത്തിലേക്ക് കടക്കുന്ന സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കി അവിടെ ട്രഞ്ചുകൾ നിർമിച്ചിട്ടുണ്ട്. ട്രഞ്ചുകടന്ന് എത്തിയാലും അടുത്ത സംരക്ഷണ കവചമായി മുള്ളുവേലിയോ വൈദ്യുതി വേലിയോ ഉണ്ടാകും. അതോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ടാകും. 

തേക്കുതോട് മൂർത്തിമൺ ചെറിയത്ത് സി.എൻ.അജിയുടെ വീടിനോട് ചേർന്നുള്ള ശുചിമുറി കാട്ടാന തകർത്ത നിലയിൽ.
തേക്കുതോട് മൂർത്തിമൺ ചെറിയത്ത് സി.എൻ.അജിയുടെ വീടിനോട് ചേർന്നുള്ള ശുചിമുറി കാട്ടാന തകർത്ത നിലയിൽ.

കേരളത്തിൽ കാലഹരണപ്പെട്ട സുരക്ഷ 

കേരളത്തിലും ചില സ്ഥലങ്ങളിൽ ട്രഞ്ചുകളും വൈദ്യുതി വേലികളും ഉണ്ടെങ്കിലും അവ പ്രയോജനകരമല്ല. ട്രഞ്ചുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പലയിടങ്ങളിലും നികന്ന നിലയാണ്. വൈദ്യുത വേലികൾ സ്ഥാപിച്ചത് ചാർജ് ചെയ്യാതെ പൊട്ടി നശിച്ച നിലയിൽ കിടക്കുന്നത് പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ കാണാം. കോടികൾ മുടക്കി നിർമിക്കുന്ന സംവിധാനങ്ങൾ പരിപാലിക്കാൻ കേരളം കാണിക്കുന്ന അലംഭാവമാണ് പലപ്പോഴും വിനയാകുന്നത്. 

തമിഴ്നാട്ടിൽ കാട് മൃഗങ്ങൾക്കും നാട് മനുഷ്യർക്കും 

മറയൂർ മേഖലയിൽ നിന്നു തമിഴ്നാട് അതിർത്തി പങ്കിടുന്ന ആനമല കടുവ സങ്കേതത്തിൽ നൂറിലധികം ആനകളാണുള്ളത്. ഈ ആനകളാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ ജനവാസ മേഖലയിലേക്ക് എത്തിച്ചേരുന്നതും. എന്നാൽ, ഈ ആനകൾ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ ഗ്രാമങ്ങളിലേക്ക് എത്തുന്നില്ല. തമിഴ്നാട് വനം വകുപ്പ് വനത്തിനുള്ളിൽ തന്നെ വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ അതിർത്തിയിൽ ട്രഞ്ച് കുഴിച്ചും സോളർ ഫെൻസിങ് നടപ്പാക്കിയും ഇവ കൃത്യനിഷ്ഠയോടെ പരിപാലിച്ചു വരികയാണ്. കൂടാതെ അമരാവതി ഡാമിൽ നിന്നുള്ള കാണ്ടൂർ കാൽവായ്(കനാൽ) വർഷം മുഴുവൻ വെള്ളം ഉള്ളതിനാൽ വന്യമൃഗങ്ങൾ അതിർത്തികടന്ന് കൃഷിത്തോട്ടത്തിലോ ജനവാസ മേഖലയിലോ എത്തുന്നില്ല. 

തമിഴ്നാട്ടിൽ വന്യമൃഗങ്ങൾക്കായി വനത്തിനുള്ളിൽ കുളം നിർമിച്ച് വെള്ളം ശേഖരിച്ചിരിക്കുന്നു.
തമിഴ്നാട്ടിൽ വന്യമൃഗങ്ങൾക്കായി വനത്തിനുള്ളിൽ കുളം നിർമിച്ച് വെള്ളം ശേഖരിച്ചിരിക്കുന്നു.

ഇവിടെയുമുണ്ട് വിജയമാതൃക 

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നെടുങ്കണ്ടം പഞ്ചായത്തിലെ തേവാരംമെട്ട്, ശൂലപ്പാറ മേഖലകളിൽ കാട്ടാനശല്യം പതിവായിരുന്നു. തമിഴ്നാട് വനമേഖലയിൽ നിന്നെത്തുന്ന ആനക്കൂട്ടം കേരള അതിർത്തി കടന്നു വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് സൗരോർജ വേലി സ്ഥാപിച്ചതോടെയാണ് ആനശല്യത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമായത്. ഉടുമ്പൻചോല - ശാന്തരുവി ഭാഗങ്ങളിലും കൂട്ടമായെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കാറുണ്ട്.

മൂന്നാറിന് എന്നും ശല്യം, നടപടിയില്ല

മൂന്നാർ വനം ഡിവിഷനിൽ വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപണം. 2011 മുതൽ 2022 വരെ മൂന്നാർ ഡിവിഷനിൽ മനുഷ്യ വന്യജീവി സംഘർഷമാെഴിവാക്കാൻ ചെലവഴിച്ചത് വെറും 70 ലക്ഷം രൂപ മാത്രമാണ്. ഇക്കാലയളവിൽ മൂന്നാർ ഡിവിഷനിൽ മാത്രം 42 പേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇതേ കാലയളവിൽ കാട്ടാനയാക്രമണത്തിൽ ആരും കൊല്ലപ്പെടാത്ത മാങ്കുളം ഡിവിഷനിൽ 1.44 കോടി രൂപയാണ് വന്യജീവി പ്രതിരോധ സംവിധാനങ്ങളാെരുക്കാൻ ചെലവഴിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാലാണ് കാട്ടാനശല്യം മാങ്കുളത്ത് കുറഞ്ഞതെന്ന് വിദഗ്ധർ പറയുന്നു. 

വന്യജീവി സംഘർഷത്തിന്റെ കാരണം

ജനവാസമേഖലയിൽ വന്യജീവി ആക്രമണം വർധിച്ചു വരുന്നതിന്റെ കാരണമെന്ത് ? എന്ന്  നിയമസഭയിൽ അനൂപ് ജേക്കബ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ ഉത്തരം. 

 മുളങ്കുഴി മഹാഗണിത്തോട്ടത്തിനു സമീപം പുഴ കുറുകെ കടന്നു മുളങ്കുഴി വനത്തിലേക്കെത്തുന്ന കാട്ടാനക്കൂട്ടം
മുളങ്കുഴി മഹാഗണിത്തോട്ടത്തിനു സമീപം പുഴ കുറുകെ കടന്നു മുളങ്കുഴി വനത്തിലേക്കെത്തുന്ന കാട്ടാനക്കൂട്ടം

‘വന്യജീവി ആവാസ മേഖലകളുടെ വിഘടനവും (Habitat Fragmentation) ടൂറിസം ഉൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ മനുഷ്യരുടെ സാന്നിധ്യം കൂടിയതും മനുഷ്യ വന്യജീവി സംഘർഷങ്ങൾ കൂടാൻ കാരണമായി. വന്യജീവികളുടെ പരമ്പരാഗത സഞ്ചാര പാതകൾ/ ആനത്താരകൾ എന്നിവ തടസ്സപ്പെടുത്തുന്നത് കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളിൽ അസ്വസ്ഥതയും പ്രകോപനവും ഉണ്ടാക്കുന്നു. വനത്തോട് ചേർന്നുള്ള ജനവാസമേഖലകളിൽ കൃഷി ചെയ്യുന്ന വിളകൾഭക്ഷണമാക്കുന്നതിനും പ്രായാധിക്യം, പരുക്ക്, അസുഖങ്ങൾ എന്നിവമൂലം ഇരപിടിക്കുവാൻ ബുദ്ധിമുട്ടുളള മാംസഭുക്കുകളായ മൃഗങ്ങൾ വളർത്തുമൃഗങ്ങളെ ഇരയാക്കുന്നതും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേയ്ക്ക് എത്താൻ കാരണമാകുന്നു’.

കാട് വളർത്താൻ 2 കോടി

മൂന്നാർ വന്യജീവി ഡിവിഷനിൽ 2019ൽ പരിസ്ഥിതി പുനഃസ്ഥാപനം (എക്കോ റീസ്റ്റോറേഷൻ) പദ്ധതി കൊണ്ടുവന്നു. 2022 വരെ 3 വർഷത്തിനിടെ യുഎൻഡിപി പദ്ധതി പ്രകാരം 2 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ജലസ്രോതസ്സുകളുടെ നവീകരണം, വനമേഖലയിൽ പുല്ലുവച്ചു പിടിപ്പിക്കൽ, വനമേഖലയിൽ ആകർഷകമായ മരങ്ങൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിരുന്നു. 

പൊന്മുടി റൂട്ടിൽ റോഡിലേക്ക് ഇറങ്ങിയ അമ്മയാനയും കുട്ടിയും.
പൊന്മുടി റൂട്ടിൽ റോഡിലേക്ക് ഇറങ്ങിയ അമ്മയാനയും കുട്ടിയും.

ആനകൾക്ക് ആഹാരം കാട്ടിലൊരുക്കാനാണ് പദ്ധതി നടപ്പിലാക്കിയതെന്ന് വനംവകുപ്പ് പറയുന്നു. എന്നിട്ടും വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ നടപടികൾ സ്വീകരിച്ചത് കാര്യക്ഷമമായില്ലെന്നാണ് ആരോപണം. 

Read Also: പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീൻ; കൃത്രിമ മഴ, ഇഷ്ടിക കല്ലുകളിൽ വീടുകൾ ഉയരും

പോംവഴിയെന്ത് ?

സ്ഥിരം അക്രമകാരിയായ കാട്ടാനകളെ പിടികൂടി ആനത്താവളങ്ങളിലേക്കോ വിദൂരമേഖലയിലുള്ള വനങ്ങളിലേക്കോ മാറ്റുകയാണ് കാട്ടാന ശല്യം പരിഹരിക്കാനുള്ള ഒരു നടപടിയെന്ന് വിദഗ്ധർ പറയുന്നു. വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിലെ ദ്രുതപ്രതികരണ സേനയെ ശക്തിപ്പെടുത്തണം. ദ്രുതപ്രതികരണ സേനയ്ക്ക് വാഹനങ്ങളും ആവശ്യമായ ഉപകരണങ്ങളും നൽകണം. കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ വൈദ്യുത തൂക്കു വേലികൾ സ്ഥാപിക്കാൻ സർക്കാർ സഹായം ഉറപ്പ് വരുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com