കാണാൻ കണവ പോലെ, താമസം ഭൂമിക്കടിയിൽ; ജപ്പാനിൽ വിചിത്ര സസ്യത്തെ കണ്ടെത്തി
Mail This Article
ജപ്പാനിൽ നിന്ന് ഒരു വിചിത്ര സസ്യത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. കടൽജീവിയായ കണവയെ അനുസ്മരിപ്പിക്കുന്ന ഈ സസ്യം ഭൂമിക്കടിയിലാണ് താമസം. 1930നു ശേഷം ജപ്പാനിൽ നിന്നു കണ്ടെത്തപ്പെടുന്ന ആദ്യ സസ്യജനുസ്സാണ് ഇത്. റെലിക്ട്തിസ്മിയ കിമോട്‌സുകെനിസ് എന്നാണ് ഈ സസ്യത്തിനു നൽകിയിരിക്കുന്ന പേര്. ജപ്പാനിലെ ക്യൂഷു ദ്വീപിൽ കിമോട്‌സുകി മലനിരകളിലാണ് ഈ സസ്യത്തെ ഒരു അമച്വർ സസ്യശാസ്ത്രജ്ഞനായ 2022 ജൂണിൽ കണ്ടെത്തിയത്. തുടർന്നു രണ്ടുവർഷം നീണ്ട പഠനത്തിനും വിലയിരുത്തലിനും ശേഷമാണ് ഈ സസ്യത്തെ ശാസ്ത്രലോകം സ്ഥിരീകരിച്ചത്.
അധികമൊന്നുമില്ല ഈ സസ്യമെന്ന് ഗവേഷകർ പറയുന്നു. കൂടിപ്പോയാൽ 50 എണ്ണമൊക്കെയാണ് ഇവയുടെ അംഗസംഖ്യ. മൂന്ന് സെന്റിമീറ്റർ ഉയരത്തിലും രണ്ടു സെന്റിമീറ്റർ വീതിയിലുമാണ് ഈ സസ്യം വളരുക. ഭൂമിക്കടിയിലാണു വളരുന്നതെങ്കിലും ഓരോ വർഷവും ഒരു തവണ ഇത് ഉപരിതലം കടന്ന് ദൃശ്യമാകും. ഫെയറി ലാന്‌റേൺ എന്ന വിഭാഗത്തിലെ ചെടികളുമായി സാമ്യമുള്ളതാണ് ഈ സസ്യം.
ഫെയറി ലാന്റേൺ വിഭാഗത്തിലുള്ള സസ്യങ്ങൾക്ക് ഹരിതക പിഗ്‌മന്റായ ക്ലോറോഫിൽ ശരീരത്തിലുണ്ടാകില്ല. മറ്റു സസ്യങ്ങളിൽ പ്രകാശസംശ്ലേഷണം വഴി സൂര്യനിൽ നിന്ന് ഊർജം സ്വീകരിച്ചുവയ്ക്കുന്ന പ്രക്രിയയിൽ ക്ലോറോഫിൽ നിർണായകമാണ്. ഫെയറി ലാന്റേണുകൾ ഇതിനു പകരം ഫംഗസുകളിൽ നിന്നാണ് തങ്ങൾക്കുവേണ്ട ഊർജം സ്വീകരിക്കുന്നത്. ഇവയ്ക്ക് അതിനാൽ തന്നെ പച്ചപ്പ് കലർന്ന നിറവുമായിരിക്കില്ല. തിസ്മിയ റോഡ്‌വായി എന്നാണ് ഫെയറി ലാന്റേൺ ചെടികളുടെ ശാസ്ത്രനാമം. ഓസ്ട്രേലിയയിലാണ് ഇതു കാണപ്പെടുന്നത്.
പൊതുവെ സസ്യങ്ങളുടെ വലിയ സവിശേഷതയാണ് ക്ലോറോഫില്ലെങ്കിലും ഇതില്ലാത്ത സസ്യങ്ങൾ വേറെയുമുണ്ട്. ബ്രൂംറേപ്പ്, കസ്കുട്ട. നെറ്റിൽസ് തുടങ്ങി പല ചെടികൾക്കും ക്ലോറോഫില്ലില്ല. ഇവ ഭക്ഷണത്തിനായി മറ്റു സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്.