അഞ്ച് വയസുകാരി ഗാമിനി ജന്മം നൽകിയത് 5 ചീറ്റകൾക്ക്; കുനോയിൽ ആകെ ചീറ്റകൾ 26
Mail This Article
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ അഞ്ച് വയസ്സുള്ള പെൺചീറ്റ ഗാമിനി അഞ്ച് കുട്ടികൾക്ക് ജന്മം നൽകി. ഇതോടെ ദേശീയോദ്യാനത്തിൽ ജനിച്ച ചീറ്റകളുടെ എണ്ണം 13 ആയി. കുനോയിൽ പ്രസവിക്കുന്ന നാലാമത്തെ ചീറ്റയാണ് ഗാമിനി. ഈ വർഷം ജനുവരിയിൽ ജ്വാല എന്ന ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. നിലവിൽ ദേശീയോദ്യാനത്തിൽ മൊത്തം 26 ചീറ്റകളാണുള്ളത്.
‘ഹൈ ഫൈവ് കുനോ!’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഗാമിനി ചീറ്റയ്ക്ക് കുഞ്ഞ് ജനിച്ച വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചീറ്റകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയൊരുക്കുന്നതിൽ കുനോയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും വിജയിച്ചെന്ന് ഭൂപേന്ദർ യാദവ് പ്രതികരിച്ചു.
Read Also: വെള്ളം കിട്ടാതെ ബെംഗളൂരു: തടാകങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു യുവാവിന്റെ പോരാട്ടം
1952ൽ ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. 2022ൽ ചീറ്റകളെ ഇന്ത്യയിലെത്തിക്കാനായി പ്രൊജക്ട് ചീറ്റ പുനരവതരിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 20 ചീറ്റകളെ ഇന്ത്യയിലെത്തിച്ചു. എന്നാൽ 2023 മാർച്ച് മുതൽ ഏഴ് പ്രായപൂർത്തിയായ ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ചത്തു. അനുയോജ്യമല്ലാത്ത കാലാവസ്ഥയിൽ ചീറ്റകളെ വളർത്തുന്നത് കൂട്ടമരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേർ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു.