ADVERTISEMENT

ആഗോളതാപനത്തിന്റെ ഫലമായുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ ആദ്യത്തെ ജീവിയാണ് സുവർണ തവള (Golden toad). ആഗോളതാപനത്തിന്റെ ആദ്യത്തെ ഇരയായാണ് സുവർണ തവളയെ പരിഗണിക്കുന്നത്. മധ്യഅമേരിക്കൻ രാജ്യമായ കോസ്റ്റ‌റിക്കയിലെ മോണ്ടെവർഡെ ക്ലൗഡ് ഫോറസ്റ്റ് ബയോളജിക്കൽ റിസർവ് (Monteverde Cloud Forest Biological Reserve) സംരക്ഷിത വനത്തിൽ 1500 മുതൽ 1620 മീറ്റർ വരെ ഉയരമുള്ള, കോടമഞ്ഞു വീഴുന്ന പ്രദേശത്തു മാത്രമായിരുന്നു സുവർണ തവളകൾ വസിച്ചിരുന്നത്. 1964 ൽ കണ്ടെത്തിയ ഈ ജീവിവർഗത്തിൽ അവസാനം അവശേഷിച്ചതിനെ കണ്ടത് 1989 ൽ ആയിരുന്നു. സുവർണ തവളകളെ ഐയുസിഎൻ 2008 ൽ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽപെടുത്തുകയായിരുന്നു.

1964 ൽ അമേരിക്കൻ ഗവേഷകനായ ജയ് സാവേജ് (Jay Savage) ആയിരുന്നു ഭൂമിയിൽ ഒളിഞ്ഞുകഴിഞ്ഞിരുന്ന സുവർണ തവളകളെ കണ്ടെത്തിയത്. അവസാനമായി കണ്ടെത് 1989-ൽ മാർത്ത ക്രംപ് (Martha Crump) എന്ന ഗവേഷക ആയിരുന്നു. സുവർണ തവളകളെപ്പറ്റി ഏറ്റവും അധികം പഠനങ്ങൾ നടത്തിയതും മാർത്ത ക്രംപ് ആയിരുന്നു. വനമധ്യത്തിൽ ചിതറിക്കിടക്കുന്ന രത്നങ്ങൾ പോലെ എന്നാണ് ‘ഇൻ സെർച്ച് ഓഫ് ദ് ഗോൾഡൻ ഫ്രോഗ്’ (In Search Of The Golden Frog) എന്ന പുസ്തകത്തിൽ അവർ സുവർണ തവളകളെപ്പറ്റി വിവരിച്ചത്.

വർഷത്തിൽ ഏറിയ പങ്കും ഇവ കോടമഞ്ഞുള്ള കാട്ടിൽ മണൽക്കൂനകൾക്ക് അടിയിലും മരങ്ങളുടെ വേരുകൾക്കിടയിലുമായിരുന്നു കഴിഞ്ഞിരുന്നത്. 5 സെന്റിമീറ്ററോളം നീളമുള്ള സുവർണ തവളകളിൽ ആൺ തവളകൾക്കാണ് സ്വർണനിറമുള്ളത്. പെൺ തവളകൾക്ക് കറുപ്പ് നിറത്തിൽ നിരവിധി പൊട്ടുകൾ കാണും. മഴ തുടങ്ങുമ്പോൾ പ്രജനനത്തിനു മാത്രമായി പുറത്തിറങ്ങും. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിലാണ് ഇണ ചേരുക. ഇണ ചേരുവാനായി ആൺ തവളകൾ തമ്മിൽ മത്സരം തന്നെ നടക്കാറുണ്ടെന്ന് ക്രംപ് തന്റെ പുസ്തകത്തിൽ പറയുന്നു. ഓരോ പെൺതവളയും 200 മുതൽ 400 വരെ മുട്ടകളാണ് വെള്ളത്തിലിടുക. വെള്ളത്തിൽ കിടക്കുന്ന മുട്ടകൾ രണ്ടു മാസംകൊണ്ട് വിരിഞ്ഞ് വാൽമാക്രിയാകും. 1964-നും 1989-നും ഇടയിൽ മുപ്പതിനായിരത്തോളം സുവർണ തവളകൾ കോസ്റ്റാറിക്കയിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.

കോസ്റ്റാറിക്കയിൽ 1987 ഉണ്ടായ കടുത്ത വരൾച്ച സുവർണ തവളകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. വരൾച്ചയെ തുടർന്ന് കോടമഞ്ഞിന്റെ തോത് നന്നേ കുറഞ്ഞു. ശാന്തസമുദ്രത്തിൽ പതിവില്ലാതെ രൂപംകൊണ്ട എൽ നിനോ പ്രതിഭാസമായിരുന്നു കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണം. അക്കാലത്ത് കോസ്റ്റാറിക്കയിൽ ഗവേഷകയായിരുന്നു മാർത്ത ക്രംപ്. 1987 ഏപ്രിൽ 15-ന് 133 സുവർണ തവളകൾ ഇണചേരുന്നതിന് ക്രംപ് സാക്ഷിയായി. എന്നാൽ ഇണചേരലിനു ശേഷം മുട്ട വിരിയുവാനുള്ള സാഹചര്യം അന്ന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. മുട്ടകൾ നിക്ഷേപിച്ച വെള്ളകെട്ടുകൾ കൊടുംചൂടിനെ തുടർന്ന് പെട്ടെന്ന് വറ്റിയതോടെ മുട്ടകൾ ചെളിയിൽ ആണ്ടുപോയി. ഇതോടെ, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സുവർണ തവളകളുടെ പ്രത്യുല്പാദനം പൂർണമായും നിലയ്ക്കുകയാണെന്ന് മാർത്ത ക്രംപ് രേഖപ്പെടുത്തി. 

പ്രതീക്ഷ കൈവിടാതെ ക്രംപ് വീണ്ടും സുവർണ തവളകളെ തേടിയുള്ള യാത്ര തുടർന്നു. ഒരു മാസത്തിനു ശേഷം തിമിർത്ത് പെയ്ത മഴയിൽ സുവർണ തവളകൾ വീണ്ടും വെള്ളക്കെട്ടുകൾക്കു സമീപമെത്തി ഇണചേർന്നു. ഏകദേശം 43500 മുട്ടകൾ ഉണ്ടായിരുന്നു എന്നാണ് ക്രംപ് പറയുന്നത്. എന്നാൽ അപ്പോഴും പ്രതീക്ഷ ആസ്ഥാനത്തായിരുന്നു. മുട്ടകൾ നിക്ഷേപിച്ച വെള്ളക്കെട്ടുകൾ അത്യുഷ്ണത്തിൽ വീണ്ടും വറ്റി. മുട്ടകളിൽ ബഹുഭൂരിപക്ഷവും നശിച്ചു. 29 വാൽമാക്രികൾക്ക് മാത്രേമേ ഒരാഴ്ചയെങ്കിലും ജീവൻ നിലനിർത്തുവാൻ കഴിഞ്ഞുള്ളു. 1988-ലെ പ്രജനന കാലത്ത് മാർത്ത ക്രംപ് വീണ്ടും സുവർണ തവളകളുടെ പ്രജനനം തേടിയെത്തിയെങ്കിലും ഒരു സുവർണ തവളയെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. ഇവ ഇണചേരുവാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അലഞ്ഞ  ക്രംപ് നിരാശയായി ഒടുവിൽ ഇങ്ങനെ എഴുതി, ‘‘ഏറെ അലച്ചിലിനു ശേഷവും ഒരു സുവർണ തവളയെ പോലും എനിക്ക് കാണുവാൻ കഴിഞ്ഞില്ല. മനോഹരമായ സ്വർണ വർണ ചലനങ്ങൾ ഇല്ലാത്ത ഈ വനത്തിൽ വന്ധ്യത ബാധിച്ചതായി എനിക്ക് തോന്നുന്നു.’’

അടുത്ത വർഷവും പ്രജനന കാലത്ത് അന്വേഷണവുമായി ഇറങ്ങിയ ക്രംപിന് വീണ്ടും ഒരു സുവർണ തവളയെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു. ആ ആൺതവള, നഷ്ടപ്പെട്ട പെൺതവളയ്ക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ പല ഗവേഷകരും സുവർണ തവളകളെ തേടി അലഞ്ഞെങ്കിലും ഒന്നിനെപ്പോലും കണ്ടെത്തുവാനായില്ല. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ (University of East Anglia) ഗവേഷണം നടത്തിയ മൈക്ക് ഹുൽമിയും (Mike Hulmey) നിക്കോള ഷേർഡും (Nicola Sheard) ചേർന്ന് നടത്തിയ പഠനത്തിൽ നിർണായകമായ ചില കാര്യങ്ങൾ വെളിവായതോടെ സുവർണ തവളകളുടെ തിരോധാനത്തിന്റെ കാരണം പൂർണമായും പുറത്തുവന്നു. മോണ്ടെവർഡെ കാടുകളിൽ 1970 കൾക്ക് ശേഷം കോടമഞ്ഞിന്റെ സാന്നിധ്യം കുറഞ്ഞുവന്നതായി ഇവർ കണ്ടെത്തി. ഇതിനു കാരണം ആഗോളതാപനമായിരുന്നു. മധ്യ പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഉപരിതല ഊഷ്മാവ് ആഗോളതാപനത്തിന്റെ ഫലമായി ക്രമേണ വർധിച്ചപ്പോൾ അന്തരീക്ഷ വായു ചൂടാവുകയും മേഘങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് പോകുകയും ചെയ്തു. ഇത് ബാഷ്പകണങ്ങളും ഈർപ്പവും നിറഞ്ഞ കോടമഞ്ഞിന്റെ ഉയർന്ന സാന്നിധ്യത്തെ  കാട്ടിലെ മലഞ്ചെരുവുകളിൽ നിന്നുമകറ്റി. ഈ കാലാവസ്ഥാ വ്യതിയാനം സുവർണ തവളകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.

1987-ൽ എൽ നിനോ പ്രതിഭാസം ഭൂമിയിൽ എത്തിയതോടെ പുതിയ ആവാസ വ്യവസ്ഥയിൽ അതിജീവിക്കുവാൻ കഴിയാതെ ലോകത്തിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞ ജീവിവർഗങ്ങളിൽ ഒന്നായ സുവർണ തവള ഭൂമുഖത്തുനിന്നു വിടവാങ്ങി. 2004-ൽ ഐയുസിഎൻ സുവർണ തവളകളെ വംശനാശം സംഭവിച്ച ജീവിവർഗങ്ങളുടെ പട്ടികയിൽ ചേർത്തു. സുവർണ തവളകളുടെ തിരോധാനം ലോകത്തിന് ഒരു വലിയ മുന്നറിയിപ്പ് നൽകുകയായിരുന്നു. കാലാവസ്ഥ വ്യതിയാനം ഉഷ്ണമേഖലാവനങ്ങളിലെ ജൈവവൈവിധ്യങ്ങളെ എത്രവേഗത്തിൽ നശിപ്പിക്കും എന്നതായിരുന്നു ആ മുന്നറിയിപ്പ്.

Representative Image (Photo Contributor: Anan Kaewkhammul/ Shutterstock)
Representative Image (Photo Contributor: Anan Kaewkhammul/ Shutterstock)

കാലാവസ്ഥാ വ്യതിയാനം നിലവിലെ അവസ്ഥയിൽ തുടർന്നാൽ 2070 ഓടെ ഭൂമുഖത്തെ ജീവജാലങ്ങളിൽ മൂന്നിലൊന്നിനും വംശനാശം സംഭവിച്ചേക്കാമെന്ന് അരിസോണ സർവകലാശാല (Arizona State University) നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 581 വ്യത്യസ്ത പ്രദേശങ്ങളിൽ ഉള്ള 538 സസ്യ ജന്തു കീട വിഭാഗങ്ങൾക്കിടയിൽ നടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഏറെ ആശങ്കയുളവാക്കുന്ന ഈ വിവരം പുറത്തുവന്നത്. 538 വിഭാഗങ്ങൾക്കിടയിൽ നടത്തിയ പഠനത്തിൽ, ഈ വിഭാഗങ്ങളിൽ 44 ശതമാനവും ഇതിനോടകം വംശനാശം നേരിടുന്നതായി കണ്ടെത്തുകയായിരുന്നു. ആഗോള താപനത്തിന്റെ ഫലമായി ഈ ഭൂപ്രദേശങ്ങളിലെ താപനിലയിൽ വന്ന വലിയ മാറ്റങ്ങളാണ് ഇതിനു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ജീവജാലങ്ങൾക്ക് സ്ഥാനമാറ്റങ്ങൾ വരുത്തുന്നതിലൂടെ 30 ശതമാനം വരെ വംശനാശ ഭീഷണി കുറയ്ക്കുവാൻ കഴിയുമെന്നും പഠനം പറയുന്നു. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും എത്ര വേഗത്തിലാണ് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നതെന്ന് ഈ പഠനം ലോകത്തിനു മുന്നറിയിപ്പ് നൽകുന്നു. ആഗോളതാപനത്തിന് തടയിട്ടില്ലെങ്കിൽ ഭാവിയിൽ വലിയൊരു വിഭാഗം ജീവജാലങ്ങൾ ഭൂമിയിൽനിന്നു തുടച്ചു നീക്കപ്പെട്ടേക്കാം. ആവാസവ്യവസ്ഥയിൽ അവശേഷിക്കുന്നവയുടെ നിലനിൽപിനെയും ആഗോളതാപനം പ്രതികൂലമായി ബാധിച്ചേക്കാം.

തേനീച്ചകൾ (Credit:Viesinsh/ Istock )
തേനീച്ചകൾ (Credit:Viesinsh/ Istock )

ഭൂമിയിൽ ഒരു ജീവിവർഗത്തിനുണ്ടാകുന്ന വംശനാശം മറ്റ് ജീവിവർഗത്തിന്റെ നിലനിൽപിനെ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്നതിന്റെ തെളിവാണ് തേനീച്ചകൾ. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് തേനീച്ചകൾ ഗണ്യമായ സംഭാവനകളാണ് നൽകുന്നത്. ഭൂമിയിലെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് ആധാരമായ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് പരാഗണമാണ്. പരാഗണം പ്രധാനമായും നടത്തുന്നത് ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, തേനീച്ചകൾ, വണ്ടുകൾ, ഈച്ചകൾ തുടങ്ങിയ നട്ടെല്ലില്ലാത്ത ജീവികളും പക്ഷികൾ, കുരങ്ങുകൾ, എലികൾ, വവ്വാലുകൾ തുടങ്ങിയ നട്ടെല്ലുള്ള ജീവിവർഗങ്ങളുമാണ്. ഇവയിൽ ഏറ്റവും കൂടുതൽ പരാഗണം നടത്തുന്നത് തേനീച്ചകളാണ്. ഭൂമിയിലെ 75 ശതമാനം ഭക്ഷ്യവിളകളിലും 90 ശതമാനം പുഷ്പിണികളായ സസ്യങ്ങളിലും പരാഗണം നടത്തുന്നതിന്റെ പ്രധാന കാരണക്കാർ മേൽപറഞ്ഞ ജീവിവർഗങ്ങളാണ്. ഇവയുടെ പരാഗണഫലമായുണ്ടായ കാർഷിക ഉൽപാദനമാണ് മനുഷ്യന്റെ ഭക്ഷണമായ ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ. തേനീച്ചകളുടെ പരാഗണം രണ്ടുലക്ഷം ഇനം പൂക്കളിൽ നടത്തുന്നതായി പഠനങ്ങൾ പറയുന്നു.

തേനീച്ചക്കൂട് (Credit:VILWADRI Istock )
തേനീച്ചക്കൂട് (Credit:VILWADRI Istock )

2019-ൽ ആമസോൺ കാടുകളിൽ വലിയ തോതിൽ കാട്ടുതീ പടർന്നപ്പോൾ നിരവധി സസ്യജീവ ജാലങ്ങളാണ് കത്തിയമർന്നത്. അക്കൂട്ടത്തിൽ 50 കോടിയോളം തേനീച്ചകൾക്കും ജീവൻ നഷ്ടമായി. വലിയ തോതിലുള്ള ഈ നഷ്ടം മറ്റുജീവജാലങ്ങളെ എങ്ങനെയാവും ബാധിക്കുക? ഏകദേശം മുപ്പതിനായിരം ഇനങ്ങളിലുള്ള തേനീച്ചകൾ ഭൂമിയിൽ ഉണ്ടെന്നാണ് കണക്ക്. മനുഷ്യൻ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ മുക്കാൽപങ്കും ലഭിക്കുന്നത് തേനീച്ചകൾ മാത്രം നടത്തുന്ന പരാഗണത്തിലൂടെയാണ്. അതുകൊണ്ടാണ് വ്യക്തമായ പഠനങ്ങൾക്ക് ശേഷം എർത്ത് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് (Earth Watch Institute) ലണ്ടനിലെ റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റിയുടെ (The Royal Geographical Society) സമ്മേളനത്തിൽ തേനീച്ചകളെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജീവിയായി പ്രഖ്യാപിച്ചത്. മനുഷ്യന്റെ ഭക്ഷണത്തിനും നിലനിൽപ്പിനും തേനീച്ചകളുടെ പങ്ക് നിർണായകമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഈ പ്രഖ്യാപനം.

honey-bee-local

തേനീച്ചകൾ ഉൾപ്പെടെയുള്ള പരാഗണ സഹായികളായ ജീവിവർഗങ്ങൾ വംശനാശ ഭീഷണിയിലാണെന്ന് പഠനങ്ങൾ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ തേനീച്ചകളുടെ എണ്ണത്തിൽ മാത്രം 90 ശതമാനം കുറവ് വന്നിട്ടുണ്ടെത്രേ. മുൻപുണ്ടായിരുന്നതിനെക്കാൾ നൂറു മുതൽ ആയിരം മടങ്ങ് വരെ വംശനാശ ഭീഷണിയാണ് ഇപ്പോൾ തേനീച്ചകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് തുടരുകയാണെങ്കിൽ ലോകത്തിലെ ഭക്ഷ്യോൽപാദനത്തെ ഭാവിയിൽ പ്രതികൂലമായി ബാധിച്ചേക്കാം. ഇവയുടെ സമ്പൂർണ വംശനാശം സംഭവിക്കുകയാണെങ്കിൽ മനുഷ്യന്റെ ഭക്ഷണ വൈവിധ്യം നഷ്ടപ്പെടുകയും പോഷണക്കുറവുള്ള അസന്തുലിത ഭക്ഷണക്രമം കാരണം അകാല മരണത്തിന് മനുഷ്യൻ കീഴടങ്ങേണ്ടതായും വരും. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, കീടനാശിനികളുടെ ഉപയോഗം തുടങ്ങിയവയാണ് പരാഗണത്തിലൂടെ ലോക ജൈവ വ്യവസ്ഥിതിയെ നിലനിർത്തുവാൻ സഹായിക്കുന്ന ജീവജാലങ്ങളുടെ വംശനാശത്തിന്റെ മുഖ്യകാരണങ്ങൾ.

Photo Contributor: Enessa Varnaeva/ Shutterstock
Photo Contributor: Enessa Varnaeva/ Shutterstock

നീലത്തിമിംഗലങ്ങൾ, കടലാമകൾ തുടങ്ങി സ്രാവുകൾ വരെ നിരവധി കടൽ ജീവികൾ വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഏകദേശം 32000 മത്സ്യ വർഗങ്ങൾ ഉള്ളതിൽ 33 ശതമാനത്തോളം വംശനാശ ഭീഷണിയിലാണ്. കടൽ ജീവികളുടെ ആവാസകേന്ദ്രങ്ങളായ പവിഴപ്പുറ്റുകളും വംശനാശത്തിന്റെ വക്കിലാണ്. കവചിത ജീവിവിഭാഗങ്ങളിൽ ഞണ്ട്, കൊഞ്ച് തുടങ്ങി പലതും വംശനാശ ഭീഷണിയുടെ നിഴലിലാണ്. കടലിലെ എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളിൽ പലതും മനുഷ്യന്റെ ശ്രദ്ധയിൽ പെടാത്തവയുമാണ്. ആഗോളതാപനം, വേട്ടയാടൽ, കടൽ കയ്യേറ്റം, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം കടൽ ജീവികളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നു. ഭൂമുഖത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. ഏകദേശം 35 മീറ്റർ നീളവും 18 മെട്രിക് ടൺ ഭാരവും ഒരു നീലത്തിമിംഗലത്തിനുണ്ടാവും. മനുഷ്യന്റെ അനിയന്ത്രിതമായ വേട്ടയാണ് സമുദ്രത്തിലെ രാജാവായിരുന്ന നീലത്തിമിംഗലത്തെ വംശനാശ പട്ടികയിലെത്തിച്ചെത്. ആഴക്കടലിൽ ധാരാളമായി കണ്ടിരുന്ന ഇവയെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വ്യാപകമായി വേട്ടയാടുകയായിരുന്നു. അന്റാർട്ടിക് കടലിൽ മാത്രം 239000 തിമിംഗലങ്ങൾ വരെ ഉണ്ടായിരുന്നതായി കണക്കുകൾ പറയുന്നു. എന്നാൽ ഇന്ന് 10000 നും 25000 നും ഇടയിൽ നീലത്തിമിംഗലങ്ങൾ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ. ഭക്ഷ്യ എണ്ണ, സൗന്ദര്യവർധക വസ്തുക്കൾ, മെഴുകുതിരികൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾക്കായാണ് മനുഷ്യൻ  നീലത്തിമിംഗലങ്ങളെ വ്യാപകമായി വേട്ടയാടിയത്.

Sharks Almost Went the Way of the Dinosaurs 19 Million Years Ago

പല രാജ്യങ്ങളും  സ്രാവുകളെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വർഷവും 8 കോടി സ്രാവുകളാണ് ചാവുന്നത്. ഇവയിൽ രണ്ടരക്കോടി എണ്ണം വംശനാശ ഭീഷണി നേരിടുന്ന വിവിധ സ്രാവ് വിഭാഗങ്ങളിൽപെടുന്നവയാണ്. ഒരുവിഭാഗം സ്രാവുകൾ ചാവുന്നത് സ്വാഭാവിക കാരണങ്ങളാലാണെങ്കിലും, വർധിച്ചു വരുന്ന മരണസംഖ്യയ്ക്കു പിന്നിൽ മനുഷ്യന്റെ വേട്ടയാടലും കാലാവസ്ഥാ വ്യതിയാനവും കാരണമാകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് മാത്രമായി മനുഷ്യൻ ഒരുവർഷം ഏകദേശം 30 ലക്ഷം സ്രാവുകളെ കൊല്ലുന്നതായി കണക്കാക്കപ്പെടുന്നു. സ്രാവുകളുടെ കരളിൽനിന്ന് എടുക്കുന്ന എണ്ണയായ ഷാർക്‌ലിവർ ഓയിലിൽ, സ്ക്വാലിൻ (Squalene) ഏന്നൊരു രാസവസ്തു അടങ്ങിയിട്ടുണ്ട്. സൗന്ദര്യവർധക വസ്തുക്കളിലെ മോയ്സ്ചറൈസറായി ഈ രാസവസ്തു ഉപയോഗിക്കുന്നതാണ് സ്രാവുകൾക്ക് ഈ ദുർഗതി വരുവാൻ കാരണം.

ജാവ സ്റ്റിംഗാരി (Photo: X/@theboringmates)
ജാവ സ്റ്റിംഗാരി (Photo: X/@theboringmates)

മനുഷ്യൻ കാരണം വംശനാശം സംഭവിച്ച ആദ്യ കടൽമത്സ്യമാണ് ജാവ സ്റ്റിംഗാരി (Jawa stingaree). ഇന്തൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ഒരു സീഫുഡ്സ് റസ്റ്ററന്റിൽ 1862-ൽ യാദൃച്ഛികമായി സന്ദർശനത്തിനെത്തിയ ജർമൻ ശാസ്ത്രജ്ഞനായ എഡ്വേഡ് വോൺ മാർട്ടെൻസാണ് തിരണ്ടി വർഗത്തിൽപ്പെട്ട ഈ മീനിനെ ആദ്യമായും അവസാനമായും തിരിച്ചറിഞ്ഞത്. അദ്ദേഹമാണ് ഇതിന് പേരും ശാസ്ത്രനാമവും നൽകിയത്. എന്നാൽ അതിനു ശേഷം 161 വർഷങ്ങൾ അന്വേഷിച്ചിട്ടും ശാസ്ത്രസംഘങ്ങൾക്ക് ഈ മീനിനെപ്പറ്റി കൂടുതൽ അറിവൊന്നും ലഭിച്ചില്ല. തുടർന്ന് നീണ്ട നാളത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷം ഓസ്ട്രേലിയയിലെ ഡാർവിൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ജാവ സ്റ്റിംഗാരിക്ക് വംശനാശം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇന്തൊനീഷ്യൻ കടൽ പ്രദേശങ്ങളിൽ പത്തൊൻപതാം നൂറ്റാണ്ടിലുണ്ടായ വ്യാപകമായ മത്സ്യബന്ധനവും കടൽതീരങ്ങളിലെ വ്യവസായ ശാലകൾ സൃഷ്ടിച്ച മലിനീകരണവുമാണ് ജാവ സ്റ്റിംഗാരിയുടെ അപ്രത്യക്ഷമാകലിന് കാരണമെന്നാണ് ഡാർവിൻ സർവകലാശാലയുടെ വിലയിരുത്തൽ.

 240000 ത്തിൽപരം കടൽ ജീവിവർഗങ്ങൾ മനുഷ്യന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് കടൽ ജീവികൾ മനുഷ്യന്റെ ശ്രദ്ധയിൽപെടാത്തവയായി കാണുമെന്ന് ശാസ്ത്രലോകം കരുതുന്നു. എണ്ണിയാൽ ഒടുങ്ങാത്ത സൂക്ഷ്മജീവികളും ഇവയിൽപെടും. ഇത്ര വിപുലമായ ഒരു കടൽ ജീവിസമ്പത്ത് നിലനിൽക്കുന്നത് കടലിലെ നിലവിലെ തനത് ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായാണ്. ആ ആവാസവ്യവസ്ഥയ്ക്ക് ഏൽക്കുന്ന വിള്ളലുകൾ കടലിലെയും കരയിലെയും ജീവജാലങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ കടലിലെ ആവാസവ്യവസ്ഥ തകരാതെ നോക്കുന്നതിൽ മനുഷ്യന്റെ പങ്ക് നിർണായകമാണ്. മനുഷ്യനിർമിതമായ കാലാവ്യസ്ഥാ വ്യതിയാനം കടലിലെ ജീവജാല സമ്പത്തിനെയും പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവിൽ നിന്നും  മനുഷ്യൻ പാഠങ്ങൾ ഉൾക്കൊണ്ടേ മതിയാകൂ.

English Summary:

Gone with the Climate: Unveiling the Tragic Tale of the Extinct Golden Toad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com