ADVERTISEMENT

400 രൂപ ചെലവിൽ വീടിനകം ശീതീകരിക്കാൻ കഴിയുമോ? കഴിയും എന്നതാണു തൃശൂർ കുരിയച്ചിറ നെഹ്‌റു നഗർ റസിഡൻഷ്യൽ കോളനിയിലെ സി.ഡി.സ്കറിയയുടെ അനുഭവ പാഠം. 20 വർഷങ്ങൾക്കു മുൻപു തന്നെ വീട് കുറഞ്ഞ ചെലവിൽ ശീതീകരിച്ച അദ്ദേഹം ഇന്നും അതേ മാർഗമാണു പിന്തുടരുന്നത്. പുറത്തു ചൂട് 40 ഡിഗ്രി എത്തിയാലും വീടിനകത്തു ചൂട് 30 ഡിഗ്രിയിൽ താഴെ മാത്രം. 

ചകിരിച്ചോറ് ഉപയോഗിച്ചു നിർമിക്കുന്ന ബ്രിസ്ക്കറ്റുകൾ (ചകിരിച്ചോറിന്റെ കട്ട) വീടിന്റെ ടെറസിൽ വിരിച്ചു നനച്ചാണ് വീടിനകത്തെ ചൂട് കുറയ്ക്കുന്നത്. വൈദ്യുതി വേണ്ട, പ്രകൃതിക്കു ദോഷമില്ല, ചെലവും കുറവ്. 20 വർഷങ്ങൾക്കു മുൻപു ചൂട് വർധിച്ച ഒരു വേനൽക്കാലത്താണു മുറിക്കുള്ളിലെ ചൂടിനെപ്പറ്റി സ്കറിയ ചിന്തിച്ചത്. ചൂട് കുറയ്ക്കാൻ എന്താണു മാർഗമെന്ന് ആലോചിച്ചു. പലതും പരീക്ഷിച്ചു. ആദ്യം വൈക്കോൽ നിരത്തി നോക്കി. 

പിന്നീട് ഓല മടലുകൾ നിരത്തി വെള്ളം ഒഴിച്ചു. അതിനടിയിൽ പഴുതാരയും അട്ടയും നിറഞ്ഞതോടെ ആ മാർഗം ഉപേക്ഷിച്ചു. പിന്നീട് ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണു ചകിരിച്ചോറ് നിരത്തിയത്. അന്നു കണ്ടശാംകടവിൽ നിന്നാണു ചകിരിച്ചോർ കൊണ്ടുവന്നത്. ടെറസിൽ നിരത്തിയ ശേഷം വെള്ളം നനച്ചു. അതോടെ വീടിനകത്തെ ചൂട് നന്നായി കുറഞ്ഞു. എന്നാൽ ചകിരിച്ചോറിന്റെ ഉള്ളിലെ കറ ഭിത്തിയിലൂടെ ചുവരിൽ പടർന്നതു പ്രശ്നമായി. അതിനും സ്കറിയ മാർഗം കണ്ടെത്തി. ഒരു ടാർപോളിൻ ഷീറ്റ് വിരിച്ച് അതിനു മുകളിൽ ചകിരിച്ചോർ നിരത്തിയതോടെ ആ പ്രശ്നത്തിനും പരിഹാരമായി. പിന്നീടു വർഷങ്ങളോളം ചകിരിച്ചോർ വിരിച്ചാണു ചൂട് കുറച്ചത്. ഇപ്പോൾ ബ്രിസ്ക്കറ്റുകളാണു വിരിക്കുന്നത്.

വീടിന്റെ ടെറസിൽ ബ്രിസ്ക്കറ്റുകൾ (ചകിരിച്ചോറിന്റെ കട്ട) വിരിച്ച നിലയിൽ.
വീടിന്റെ ടെറസിൽ ബ്രിസ്ക്കറ്റുകൾ (ചകിരിച്ചോറിന്റെ കട്ട) വിരിച്ച നിലയിൽ.

5 കിലോയുടെ ഒരു ബ്രിസ്ക്കറ്റിനു 130 രൂപയാണു വില. അത്തരം രണ്ടെണ്ണമാണു ടെറസിൽ വിരിച്ചിരിക്കുന്നത്. ടാർപോളിൻ ഷീറ്റു കൊണ്ടു മൂടിയിട്ടുമുണ്ട്. ആഴ്ചയിൽ ഒരിക്കൽ നനച്ചുകൊടുക്കും. വൈക്കോലിനേക്കാൾ പത്തിരട്ടി ജലം സംഭരിച്ചു നിർത്താൻ ചകിരിച്ചോറിനു കഴിയും. എന്നാൽ പകൽ സമയത്തു വീടിനകത്തു വെയിലും ചൂടും കടക്കാതെ നോക്കണമെന്നു പറയുന്നു സ്കറിയ. കിടപ്പു മുറി, ഓഫിസ് മുറി എന്നിവയുടെ മുകളിലെ ടെറസിലാണു ഇപ്പോൾ ബ്രിസ്ക്കറ്റ് വിരിച്ചിരിക്കുന്നത്. ചകിരിച്ചോറിനു ദുർഗന്ധമില്ലാത്തതിനാൽ ആ ടെൻഷനും വേണ്ട.കോൺക്രീറ്റ് കെട്ടിടത്തിനു ചോർച്ചയുണ്ടാകുമെന്നു കെട്ടിട നിർമാണ രംഗത്തെ സാങ്കേതിക വിദഗ്ധർ പറയുമ്പോഴും അത്തരം പ്രശ്നങ്ങൾ ഇതു വരെ ഇല്ലെന്നാണു സ്കറിയ പറയുന്നത്. ഇതേ മാതൃക അയൽക്കാരും സുഹൃത്തുക്കളും അനുകരിച്ചു. 

അവർക്കും വീടിനകത്തെ ചൂടു കുറയ്ക്കാൻ സാധിച്ചു. പലരും ഇപ്പോഴും ഇതിനെക്കുറിച്ച് അറിയാൻ സ്കറിയയുടെ വീട്ടിൽ എത്താറുണ്ട്. ഫോൺ: 8075247681.

English Summary:

Eco-Friendly Cooling Hack: How Rs 400 Can Beat the 40°C Heat – CD Skaria's Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com