അത് മുതലയല്ല, 50 അടി നീളമുള്ള പാമ്പ്; വാസുകിയെക്കുറിച്ച് കൂടുതൽ കണ്ടെത്തലുമായി ഗവേഷകർ
Mail This Article
2005ൽ ഗുജറാത്തിലെ കച്ചിൽ നിന്ന് കണ്ടെത്തിയ ഫോസിൽ ഭീമൻ മുതലയുടേതെന്നായിരുന്നു ഇത്രയുംകാലം വിശ്വസിച്ചിരുന്നത്. എന്നാൽ അത് ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായി മാറുകയായിരുന്നു. ഐഐടി റൂർക്കിയിലെ ശാസ്ത്രജ്ഞരാണ് 50 അടി നീളമുള്ള പാമ്പിന്റെ ഫോസിൽ കണ്ടെത്തിയത്. ഗുജറാത്തിലെ പനാന്ദ്രോ ലിഗ്നൈറ്റ് ഖനിയിലാണ് ഫോസിലുകൾ കിട്ടിയത്.
ഇന്ത്യൻ ഐതിഹ്യങ്ങളിലെ സർപ്പരാജാവായ വാസുകിയുടെ പേരാണ് ഈ പാമ്പിന് നൽകിയിരിക്കുന്നത്. വാസുകി ഇൻഡിക്കസ് എന്നാണ് മുഴുവൻ പേര്. ഏകദേശം 4.7 കോടി വർഷം മുൻപ് ജീവിച്ചിരുന്നവയാണ് ഇവ. ഉരഗങ്ങളുടെ ഉത്ഭവത്തിൽ ഇന്ത്യയ്ക്കുള്ള പങ്ക് ഇതിലൂടെ തെളിയിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. പ്രാചീന പാമ്പുകളിൽ ഏറ്റവും വലുതായി ഇതുവരെ കണക്കാക്കിയിരുന്ന ടൈറ്റനോബോവയെക്കാൾ 2 മീറ്ററോളം നീളം കൂടിയതാണ് വാസുകിയെന്ന് ഗവേഷകർ അനുമാനിക്കുന്നു. പ്രത്യേകമായ ഒരു പാമ്പ്‌വിഭാഗത്തിൽ പെട്ട വാസുകിക്ക് പൈഥൺ, ആനക്കോണ്ട പാമ്പുകളുമായി അടുത്ത ബന്ധമില്ല. മറ്റ്സോലിഡെ എന്ന പാമ്പിനത്തിൽപെട്ടതാണ് വാസുകി. തെക്കേഅമേരിക്ക, ആഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ഇതുണ്ടായിരുന്നു.
∙ ടൈറ്റനോബോവ
ഇന്നു നമ്മുടെ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നീളമുള്ള പാമ്പാണ് റെറ്റിക്കുലേറ്റഡ് പൈഥൺ. ഈ വമ്പൻ പെരുമ്പാമ്പിന്റെ 2 ഇരട്ടി വലുപ്പമുള്ളവായിരുന്നു ടൈറ്റനോബോവ.
തെക്കൻ അമേരിക്കൻ രാജ്യം കൊളംബിയയിലെ ലാ ഗ്വാജിറയിലുള്ള കൽക്കരി ഖനിയിലാണ് ഈ പാമ്പിന്റെ ഫോസിലുകൾ കിട്ടിയത് 1135 കിലോ വരെ ഭാരവും വയ്ക്കുന്നവയായിരുന്നത്രേ ഈ പാമ്പുകൾ. 6 കോടി വർഷങ്ങൾ മുൻപാണ് ഇവ ഭൂമിയിൽ ജീവിച്ചതെന്നു കരുതപ്പെടുന്നു. മത്സ്യങ്ങളെയായിരുന്നു ഈ പാമ്പുകൾ പ്രധാനമായും ഭക്ഷിച്ചിരുന്നത്. ഈ പാമ്പുകളെക്കുറിച്ച് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ട് 2012ൽ പുറത്തിറക്കിയ ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു. ഇതിലൂടെയാണ് ജനങ്ങൾക്കിടയിൽ ടൈറ്റനോബോവ ശ്രദ്ധ നേടിയത്.