വോട്ടിങ് മെഷീനുമായി പോയത് ‘മരവേര്’ പാലത്തിലൂടെ; വൈറലായ ചിത്രം പറയുന്നത് മേഘാലയയുടെ കഥ
Mail This Article
മേഘാലയയിലെ ഷില്ലോങ്ങിൽ മരങ്ങളുടെ വേരുകൾ വഴിയുണ്ടാക്കിയ പാലത്തിലൂടെ തിരഞ്ഞെടുപ്പു സാമഗ്രികളുമായി പോകുന്ന പോർട്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റൂട്ട് ബ്രിജുകൾ എന്നറിയപ്പെടുന്ന ഇത്തരം പാലങ്ങൾ ലോകപ്രശസ്തമാണ്. മേഘാലയയിലെ തദ്ദേശീയ ജനസമൂഹമാണ് ഈ രീതി വികസിപ്പിച്ചെടുത്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളം കൂടിയാണ് ഈ റൂട്ട്ബ്രിജുകൾ.
പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന സംസ്ഥാനമാണ് മേഘാലയ. സംസ്ഥാനത്ത് വൈവിധ്യപൂർണമായ സസ്യ–ജന്തു സമ്പത്തും പ്രകൃതി വിഭവങ്ങളുമൊക്കെയുണ്ട്. മേഘാലയയിൽ കിഴക്കൻ മേഖലയിൽ ജീവിക്കുന്ന ഖാസി ഗോത്രക്കാരാണ് വേരുപാലങ്ങളുണ്ടാക്കുന്ന രീതികൾ വികസിപ്പിച്ചത്. മേഖലയിൽ കാണുന്ന ഫിഗ് ഇനത്തിൽ പെട്ട ചില മരങ്ങളുടെ വേരുകളാണ് ഇവർ കൂട്ടിയോജിപ്പിച്ച് പാലങ്ങളാക്കിയത്. ആൽമരങ്ങളെപ്പോലെ ശിഖരങ്ങളിൽ നിന്നും തടിയിൽ നിന്നും താഴേക്കുണ്ടാകുന്ന ഏരിയൽ റൂട്ടുകൾ എന്ന വേരുകളാണ് ഈ രീതിക്കായി ഉപയോഗിക്കപ്പെട്ടത്.
ഇത്തരം കാൽനടപ്പാലങ്ങൾ നദികൾ കടക്കാനായാണ് പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. മേഘാലയയിൽ വിദൂരമേഖലകളിലേക്ക് സഞ്ചാരപാത ഒരുക്കുന്നതിലും ഇവ ഉപയോഗിക്കപ്പെടുന്നു. വനവിഭവങ്ങളു ഭക്ഷണവും ശേഖരിക്കുന്നതിലും ഇവ ഉപയോഗപ്രദമാണ്. മേഘാലയയിലെ ഈസ്റ്റ് ഖാസി കുന്നുകളിൽ ഇത്തരം വേരുപാലങ്ങൾ ധാരാളം കാണാം. ഫിഗ് മരങ്ങളുടെ വേരുകൾ പൊള്ളയായ പനത്തടികൾക്കുള്ളിലേക്ക് കടത്തിവിട്ടാണ് ഇത്തരം പാലങ്ങളുടെ നിർമാണം തുടങ്ങുന്നത്. ഇവ ആ പൊള്ളത്തടിക്കുള്ളിൽ പടർന്നു വ്യാപിച്ച് പാലം പോലെയാകും. ഇടയ്ക്കുള്ള വിള്ളലുകളിലേക്ക് കല്ലുകളും തടി അവശിഷ്ടങ്ങളും ഇലകളും മണ്ണുമെല്ലാം ഇടും. ഏകദേശം 15 മുതൽ 30 വർഷങ്ങളാകുമ്പോഴേക്ക് ഈ പാലങ്ങൾ മികച്ച ബലം കൈവരിക്കും.
കാലപ്പഴക്കത്തിൽ ഈ പാലങ്ങൾക്ക് ബലം കൂടുകയാണ് ചെയ്യുന്നത്. പ്രകൃതിയെ നശിപ്പിക്കാതെ തന്നെ സൗകര്യങ്ങളൊരുക്കുക എന്ന രീതിക്ക് മികച്ച ഉദാഹരണമാണ് മേഘാലയയിലെ ഈ വേരുപാലങ്ങൾ.