ADVERTISEMENT

പവിഴപ്പുറ്റുകളാല്‍ നിർമിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ കടലിലെ പവിഴവന്‍മതിലാണ് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് (Great Barrier Reef). കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ ഈ വൻമതിലിന്റെ അതിജീവനത്തെ ബാധിച്ചു തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും തീവ്രതയേറിയ കോറൽ ബ്ലീച്ചിങ്ങ് (coral bleaching) സംഭവങ്ങളിലൊന്നിലൂടെ കടന്നു പോവുകയാണ് ഇവിടെയുള്ള പവിഴപ്പുറ്റുകൾ. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ രണ്ടാമത്തെ പ്രധാന കോറൽ ബ്ലീച്ചിങ്ങിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് യു.എസ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുമുണ്ട്.

സമുദ്രജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസിലധികം കൂടുമ്പോൾ പവിഴപ്പുറ്റുകൾ വെള്ള നിറം പ്രാപിക്കുന്ന പ്രക്രിയയാണ് കോറൽ ബ്ലീച്ചിങ്. സമുദ്ര ജലത്തിന്റെ താപനിലയിലെ വർധനവു മൂലം കോറലുകള്‍ അവയുടെ ശരീരത്തിലെ ജീവകലകളിൽ താമസിക്കുന്ന സുഹൃത്തുക്കളും അന്നദാതാക്കളുമായ സൂസാന്തില്ലകളെന്ന ഭക്ഷണ നിർമാതാക്കളായ  സൂക്ഷ്മജീവികളെ തള്ളിപ്പുറത്താക്കുന്നു. നിറം നഷ്ടപ്പെടുന്ന കോറലുകള്‍ വൈകാതെ പട്ടിണിയിലായി നാശമടയുന്നു. അതിജീവിക്കുന്ന കോറലുകളിൽ വളർച്ചയും വംശവർധനവും തടസ്സപ്പെടുകയും ചെയ്യും. സമുദ്രജലം തുടർച്ചയായി ചൂടാകാൻ തുടങ്ങിയതോടെ കോറൽ ബ്ലീച്ചിങ് കൂടുതൽ തീവ്രതയോടെ കൂടെക്കൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നത് ഗ്രേറ്റ് ബാരിയർ റീഫിന്റെ ഭാവി അവതാളത്തിലാക്കുന്നു.

വെള്ളനിറത്തിലുള്ള പവിഴപ്പുറ്റുകൾ (Photo: X/ @HySpeedGeo)
വെള്ളനിറത്തിലുള്ള പവിഴപ്പുറ്റുകൾ (Photo: X/ @HySpeedGeo)

തുടർക്കഥയാകുന്ന ബ്ലീച്ചിങ്

കഴിഞ്ഞ ഫെബ്രുവരി മുതൽ ആസ്ട്രേലിയയുടെ വടക്കേ അറ്റത്തിനു സമീപമുള്ള ലിസാർഡ് ദ്വീപിനു ചുറ്റുമുള്ള സമുദ്രജലത്തിന്റെ ഊഷ്മാവ് ശരാശരി രണ്ട്  ഡിഗ്രി സെൽഷ്യസായാണ് വർധിച്ചിട്ടുള്ളത്. വിദഗ്ദരുടെ കണക്കനുസരിച്ച് ഇവിടുത്തെ 80 ശതമാനം പവിഴപ്പുറ്റുകളും ഇതിനകം മൃതിയടഞ്ഞിട്ടുണ്ടാവണം. ഇക്കഴിഞ്ഞ മാർച്ചിലാണ് കൂട്ടമായി  ബ്ലീച്ചിങ്ങ് നടക്കുന്നതായുള്ള  വിവരം ആസ്ട്രേലിയൻ റീഫ് അധികാരികൾ പുറത്തുവിട്ടത്.കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ അഞ്ചാമത്തെ ബ്ലീച്ചിങ്ങ് സംഭവമായിരുന്നു അത്.ഏകദേശം അറുന്നൂറോളം റീഫുകൾ ബ്ലീച്ച് ചെയ്യപ്പെട്ടതായി ആകാശ ദൃശ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 10 ശതമാനത്തോളം പ്രദേശങ്ങൾ പൂർണ്ണമായ ബ്ലീച്ചിങ്ങിന് വിധേയമാക്കപ്പെട്ടപ്പോൾ, 90 ശതമാനം ഭാഗം അതിജീവനത്തിനായി പൊരുതുന്ന അവസ്ഥയിലാണത്രേ! ഒമ്പതാഴ്ചകൾക്കു മുൻപ് ആരോഗ്യത്തോടെ കാണപ്പെട്ടിരുന്ന കോറലുകൾ വെളുത്തു പോകുന്ന അവസ്ഥയാണ് കാണുന്നതെന്ന് വിദഗ്ദർ പറയുന്നു. 30 വർഷങ്ങൾക്കു മുൻപ് പത്തു വർഷത്തിലൊരിക്കൽ മാത്രം സംഭരിച്ചിരുന്ന ബ്ലീച്ചിങ്ങ് പ്രതിഭാസം ഇപ്പോൾ വാർഷിക സംഭവമായി മാറിയിരിക്കുന്നതായും അവർ പറയുന്നു. ഇതിനു മുമ്പ് 1998, 2002, 2016, 2017, 2020,2022 വർഷങ്ങളിൽ ഇത്തരം കൂട്ട ബ്ലീച്ചിങ്ങ് നടന്നിരുന്നു. പവിഴപ്പുറ്റുകൾക്ക് ബ്ലീച്ചിങ്ങിൽ നിന്ന് വിമുക്തി നേടാൻ കഴിയുമെങ്കിലും ഇതിനാവശ്യമായ സമയം ലഭിക്കാത്ത വിധം തുടർച്ചയായാണ് ബ്ലീച്ചിങ്ങ് ഇപ്പോൾ സംഭവിക്കുന്നത്. ഭൂമിയുടെ താപനില 2 ഡിഗ്രി വർധിച്ചാൽ 95 ശതമാനം കോറലുകളും നശിച്ചുപോകും. എന്നാൽ വ്യവസായവൽക്കരണത്തിനു മുൻപിലത്തെ നിലയിൽ നിന്ന് ഈ വർധന 1.5 ഡിഗ്രിയാണെങ്കിൽ ബ്ലീച്ചിങ് 70 ശതമാനത്തിൽ ഒതുങ്ങും.

ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള രചന ശിൽപം

ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ജീവനുള്ള ശിൽപ്പമായാണ് ഗ്രേറ്റ് ബാരിയർ റീഫ് വിശേഷിപ്പിക്കപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ വന്‍കരയുടെ കിഴക്കന്‍ തീരത്തിനു സമാന്തരമായി ശാന്തസമുദ്രത്തില്‍ 2300 കിലോമീറ്റര്‍ (1400 മൈൽ) നീളത്തിലും 150 കിലോമീറ്റര്‍ വീതിയിലും ഒരു മതില്‍ പോലെ കടലില്‍ നിന്നും കരയെ സംരക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ കോട്ടയാണിത്. ജൈവവൈവിധ്യത്തിന്റെ അത്ഭുത കേന്ദ്രമായ ഇവിടെ പാർക്കുന്നത് 600 ഓളം തരം പവിഴപ്പുറ്റുകളും 1,625 ഇനം മത്സ്യങ്ങളുമാണ്. മൊത്തത്തിൽ ഇത്ര വലിപ്പമുള്ള ബാരിയർ റീഫിലെ ഒരു കോളനിയില്‍ നിന്ന് ഒരു ഒറ്റ കോറല്‍ ജീവിയെ എടുത്താല്‍ അതിന് 10 മില്ലിമീറ്റര്‍ നീളവും, 1-3 മില്ലിമീറ്റര്‍ ചുറ്റളവും മാത്രമേ ഉണ്ടാകൂ. സമുദ്രത്തിന്റെ ആരോഗ്യത്തിലും ഓസ്ട്രേലിയയുടെ ടൂറിസം വരുമാനത്തിലും വലിയ പങ്കുവഹിക്കുന്നവയാണ് ബാരിയർ റീഫുകൾ. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ ചില വര്‍ഷങ്ങളില്‍ വ്യാപകമായി  ഈ പ്രതിഭാസമുണ്ടായി. ദൃഢമായ പവിഴപ്പുറ്റുകള്‍ ദുര്‍ബലമായി തകരുന്നതോടൊപ്പം, അവയെ ആശ്രയിച്ചു കഴിയുന്ന നിരവധി ജീവജാലങ്ങളും അനാഥരാകുന്നു. അനേകം മനുഷ്യരുടെ ആഹാരവും ജീവനോപാധിയുമായ നിരവധി മത്സ്യ ഇനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നഷ്ടമാകുന്നു. കുഞ്ഞു മത്സ്യങ്ങളെ കൂടുതല്‍ ബാധിക്കുന്നതിനാല്‍ പലപ്പോഴും ഇത്തരം ഇനം മത്സ്യങ്ങള്‍ക്ക് വംശനാശവും സംഭവിക്കാം.

പവിഴപ്പുറ്റ് (കോറല്‍) എന്ന ജന്തു

സസ്യങ്ങളോടും, പൂക്കളോടും കാഴ്ചയിൽ സാമ്യമുണ്ടെങ്കിലും ജീവജാലങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ ജന്തുവിഭാഗത്തില്‍പ്പെടുന്നവയാണ് കോറലുകള്‍. സമുദ്രവാസികളായ ഇവ നട്ടെല്ലില്ലാത്ത അകശേരുകികള്‍ (invertebrates) ആണ്. അഞ്ഞൂറോളം ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഓഡോവിഷ്വല്‍ കാലഘട്ടത്തില്‍ ലോകത്തില്‍ എമ്പാടും കാണപ്പെട്ടു തുടങ്ങിയത്. സീലണ്ടറേറ്റ എന്ന ഫൈലത്തിലെ ആന്തോസോവ ക്ലാസിലാണ് മിക്ക കോറലുകളും ഉള്‍പ്പെട്ടിരിക്കുന്നത്. സിലിണ്ടര്‍ പോലുള്ള ശരീരവും, ഉള്ളില്‍ സിലോം എന്ന ശരീരാന്തര്‍ഭാഗവുമാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത. വദനഭാഗത്തെ ചുറ്റി ടെന്റക്കിള്‍സ് എന്നു വിളിക്കുന്ന സ്പര്‍ശനികളും ഇവയ്ക്കുണ്ട്. 

കാത്സ്യം കാര്‍ബണേറ്റ് കൊണ്ടുണ്ടാക്കിയ ശക്തിയേറിയ ഒരു ബാഹ്യ ചട്ടക്കൂട് ഇവയ്ക്കുണ്ട്. സ്ഥിരമായി ചലിക്കാതെ, പാറകളില്‍ പറ്റിപ്പിടിച്ചിരുന്ന് ഊയലാടുന്ന ഇവര്‍ ഒരു ജീവി പോളിപ്  എന്നറിയപ്പെടുന്നു.  അനേകം പോളിപ്പുകളുടെ സമൂഹമായി നിലകൊള്ളുന്നു. കടല്‍പ്പൂവ് എന്നറിയപ്പെടുന്ന സീ ആനിമോണ്‍, കടല്‍ക്കുടകളായ ജെല്ലി ഫിഷ്, ഹൈഡ്ര എന്നിവ ഇവയുടെ അടുത്ത ബന്ധുക്കളാണ്. 

പവിഴപ്പുറ്റുകള്‍ ഉണ്ടാകുന്നത്

പ്ലവകാവസ്ഥയില്‍ കഴിയുന്ന കോറലുകളുടെ ലാര്‍വ തീരത്തോട് ചേര്‍ന്ന്  അധികം ആഴമില്ലാത്ത അടിത്തട്ടില്‍ സ്ഥാനമുറപ്പിക്കുന്നു.  കടല്‍ ജലത്തില്‍ നിന്ന് കാത്സ്യം കാര്‍ബണേറ്റ് ശേഖരിച്ച് ചിതല്‍, പുറ്റുണ്ടാക്കുന്നതുപോലെ പവിഴപ്പുറ്റുകള്‍ ഉണ്ടാക്കുന്നു.  പാറക്കെട്ടുകള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങി ബലമുള്ള അടിത്തറയിലാണ് കോളനി നിര്‍മ്മാണം നടത്തുക. നൂറ്റാണ്ടുകള്‍ നീളുന്ന പരിശ്രമം വേണം  ഇതിന്. അനുകൂലമായ സാഹചര്യങ്ങളിലാണ് കോറലുകള്‍ വളരുക. ഉത്തമ താപനില, സ്ഥിരമായ ഉപ്പിന്റെ അളവുള്ള ജലം എന്നിവ ഏറെ ആവശ്യം. 50 മീറ്റര്‍ ആഴത്തിലധികം വളരാത്ത ഇവര്‍ ജലോപരിതലത്തിനപ്പുറം വളരുകയില്ല. ഭൂമധ്യരേഖയുടെ 30o വരെയുള്ള പ്രദേശമാണ്  ഇവരുടെ  കേന്ദ്രം. അതിനുമപ്പുറം  കടല്‍ജല താപനില 18 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുന്നതിനാല്‍ വളര്‍ച്ച സാധ്യമല്ല. 

ആഗോളതാപനം - മുഖ്യ ഭീഷണി 

ഓഖിയും, സുനാമിയും, ചുഴലിക്കാറ്റുകളും, കടല്‍ക്ഷോഭവും, കനത്ത മഴയും, കൂറ്റന്‍ തിരമാലകളുമൊക്കെ കടലിന്റെ രൗദ്രതയുടെ പുറം കാഴ്ചകളാണ്. എന്നാല്‍ ആഗോളതാപനവും, കാലാവസ്ഥാ മാറ്റവുമാണ് പവിഴപ്പുറ്റുകളെ പതിയെ പതിയെ നിശബ്ദരായി കൊന്നുകൊണ്ടിരിക്കുന്നത്. ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുന്നതും സമുദ്രജലത്തില്‍ ലയിക്കുന്നതും തല്‍ഫലമായി അമ്ലക്ഷാര നിലയില്‍  വ്യത്യാസമുണ്ടാകുന്നതും ആഗോളതാപനത്തിന്റെ മറ്റൊരു മുഖം.  സമുദ്ര ജലനിരപ്പ് ഉയര്‍ന്നാല്‍ പവിഴപ്പുറ്റുകള്‍ മുങ്ങിപ്പോകും. ഭൂമിയിലെ 80 ശതമാനം പവിഴപ്പുറ്റുകളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭീഷണിയിലാണ്. 2030-ല്‍ അന്‍പതു ശതമാനത്തോളം നശിച്ചേക്കുമെന്നൊക്കെ മുന്നറിയിപ്പുകളുണ്ട്. ലോകത്തിലെ 16 ശതമാനം പവിഴപ്പുറ്റുകളും ആഗോള താപനത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും ഇരകളായി നശിച്ചു കഴിഞ്ഞുവെന്നതാണ് ഞെട്ടിക്കുന്ന വിവരം.

English Summary:

Climate Crisis Alert: Great Barrier Reef Faces Unprecedented Coral Bleaching Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com