വെടിയുണ്ടയ്ക്കു പകരം വിത്ത്; 59 അടി ദൂരം പായും: വെടിവയ്ക്കും ‘ബലിസ്റ്റോക്കോറി’
Mail This Article
തോക്കുകൾ, വെടിവയ്പ്.. ഇതൊക്കെ മനുഷ്യരുടെ ഓരോ ഇടപാടുകളായി തോന്നുന്നെങ്കിൽ ഒരു കാര്യം പറയാം. വെടിവയ്ക്കുന്ന ചെടികളുമുണ്ട്. വെടിയുണ്ടകൾക്ക് പകരം ഇവർ പായിക്കുന്നത് വിത്തുകളാണ്. വിത്തുകളെ തെറിപ്പിക്കുന്ന രീതി പിന്തുടരുന്ന ചെടികളെ ബലിസ്റ്റോക്കോറി എന്നാണ് അറിയപ്പെടുന്നത്. ചൈനീസ് വിച്ച് ഹാസൽ എന്ന ചെടി ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ്. ഹമാമെലിസ് മോലിസ് എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം. ശക്തിയോടെ തന്റെ വിത്തുകൾ പുറത്തേക്കു തെറിപ്പിക്കുന്നതിൽ വിരുതൻമാരാണ് ഈ ചെടി. ഫ്രെയ്ബർഗ് സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ ചെടിയുടെ വെടിവയ്പിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. എങ്ങനെയാണ് ഈ ചെടി വിത്തുകൾ പായിക്കുന്നത് എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ശാസ്ത്രജ്ഞർക്കു ലഭിച്ചു.
ഈ ചെടിയുടെ പഴങ്ങൾ തെറ്റാലി പോലെ പ്രവർത്തിക്കുമത്രേ. പഴങ്ങളുടെ പുറംഭാഗം (എക്‌സോകാർപ്) കാലാധിക്യത്തിൽ ഉണങ്ങിച്ചുരുങ്ങുന്നതിനൊപ്പം ആന്തരികഭാഗത്തിനും ആകൃതിവ്യത്യാസം വരും. പഴത്തിനുള്ളിൽ വലിയ മർദം ഉടലെടുക്കുന്ന രീതിയിലാണ് ഈ മാറ്റങ്ങൾ. ഈ മർദം അത്യധികമാകുന്നതോടെ തോക്കിൽ നിന്നു ബുള്ളറ്റ് തെറിക്കുന്നതു പോലെ ഈ പഴത്തിൽ നിന്നു വിത്തുകൾ പുറത്തേക്കു തെറിക്കുമെന്ന് ഗവേഷകർ പറയുന്നു. പ്രത്യേകമായൊരു പൊട്ടൽ ശബ്ദം ഈ സമയത്തു കേൾക്കാനാകുമെന്നും ഗവേഷകർ പറയുന്നു.
മണിക്കൂറിൽ 44.3 കിലോമീറ്റർ എന്ന വേഗത്തിൽ വരെ വിത്തുകളെ പായിക്കാൻ ഈ രീതിയിലൂടെ സാധിക്കും. 59 അടി വരെ ദൂരത്തിൽ വിത്തുകൾ സഞ്ചരിച്ചു വീഴും. തോക്കിൽ നിന്നു തെറിക്കുമ്പോൾ വെടിയുണ്ടകൾ വട്ടംകറങ്ങി മുന്നോട്ടുപോകുന്നതു പോലെ ഈ ചെടിയുടെ വിത്തുകളും കറങ്ങുമെന്ന് ഗവേഷകർ പറയുന്നു. വിത്തിന്റെ ഘടനയിലുള്ള ഒരു പ്രത്യേകത കാരണമാണിത്.