ADVERTISEMENT

ഇന്തൊനീഷ്യയിലെ സൗത്ത് സുലാവെസി പ്രവിശ്യയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. 45 വയസുകാരിയായ ഫരീദയെയാണ് 16 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങിയത്. നാലുകുട്ടികളുടെ അമ്മയാണ് ഫരീദ. 

വ്യാഴാഴ്ചയാണ് ഫരീദയെ കാണാതാവുന്നത്. കലെംപാങ് എന്ന സ്ഥലത്തെ പ്രാദേശിക മാർക്കറ്റിലേക്ക് പോയ യുവതി പിന്നീട് വീട്ടിലെത്തിയില്ല. പകൽ സമയത്ത് പുറത്തുപോയ ഫരീദ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ അവരുടെ ഭർത്താവ് നോനി സമീപവാസികളെ വിവരമറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒരു വിവരവും ലഭിക്കാതായതോടെ പ്രദേശവാസികൾ സംഘങ്ങളായി തിരച്ചിലിന് ഇറങ്ങി.    

വെള്ളിയാഴ്ച അസാമാന്യമായ രീതിയിൽ വയർ വീർത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടതോടെ തിരച്ചിൽ സംഘത്തിന് സംശയം തോന്നി. ഗ്രാമവാസികൾ പെരുമ്പാമ്പിനെ പിടികൂടി വയർ പിളർന്ന് പരിശോധിച്ചു. വയറിനുള്ളിൽ യുവതിയുടെ തല ഒഴികെയുള്ള ഭാഗങ്ങൾ വയറ്റിലുണ്ടായിരുന്നു. ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ചു കൊന്നശേഷം യുവതിയെ അപ്പാടെ വിഴുങ്ങിയതാണെന്ന് കരുതുന്നു. ജഡത്തിന്റെ കാലിൽ പാമ്പിന്റെ കടിയേറ്റ പാടും കണ്ടെത്തിയിരുന്നു. പാമ്പിന്റെ വയറിനുള്ളിൽ നിന്നും പുറത്തെടുത്ത ജഡം ആചാരപ്രകാരം സംസ്കരിച്ചു.

റെറ്റിക്കുലേറ്റഡ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണ് ഫരീദയെ വിഴുങ്ങിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പുകളിൽ മുൻനിരയിലാണ് റെറ്റിക്കുലേറ്റഡ് പൈതണുകളുടെ സ്ഥാനം. വിപരീത സാഹചര്യങ്ങളിൽ ഇവർ ആക്രമണകാരികളുമാവും. ശരാശരി 16 അടിക്കു മുകളിലാണ് ഇവയുടെ നീളം. 170 കിലോഗ്രാമാണ് ഇവയുടെ ശരാശരി ഭാരം. ഇത്രയധികം ശരീര ഭാരമുള്ളതുകൊണ്ടുതന്നെ ഇരയെ പിടിയിലാക്കി കഴിഞ്ഞാൽ നിമിഷങ്ങൾക്കകം ഞെരിച്ചുകൊല്ലാൻ ഇവയ്ക്ക് സാധിക്കും. കുരങ്ങുകളും പന്നികളുമാണ് ഇവയുടെ പ്രധാന ഇരകൾ. ആയുർദൈർഘ്യത്തിന്റെ കാര്യത്തിലും റെറ്റിക്കുലേറ്റഡ് പൈതണുകൾ മുൻ നിരക്കാരാണ്. 20 വയസ്സിനു മുകളിൽ വരെ ഇവ ജീവിക്കാറുണ്ട്. തെക്ക് കിഴക്കൻ രാജ്യങ്ങളിലാണ് ഇവയെ കൂടുതൽ കാണപ്പെടുന്നത്.

കിഴക്കൻ ഏഷ്യയിലെ സമീപ രാജ്യങ്ങളെ അപേക്ഷിച്ച് പെരുമ്പാമ്പുകളുടെ എണ്ണം  ഇന്തോനേഷ്യയിൽ അധികമാണ്. എന്നാൽ പെരുമ്പാമ്പുകൾ വിഴുങ്ങിയുള്ള മരണങ്ങൾ ഇന്തോനേഷ്യയിൽ അപൂർവമായേ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ.  2017ൽ സുലാവെസിയിൽ തന്നെ ഒരു കർഷകനെ നാലുമീറ്റർ നീളമുള്ള പാമ്പ് വിഴുങ്ങിയിരുന്നു.  2018ൽ മുന ടൗണിൽ നിന്നുള്ള 54 കാരിയായ മറ്റൊരു സ്ത്രീയുടെ ജഡം പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്നും കണ്ടെത്തിയിരുന്നു. 2022ൽ ഇന്തൊനീഷ്യയിലെ ജാംബി പ്രവിശ്യയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കലെംപാങ് ഗ്രാമത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വനമേഖലകളിൽകൂടി തനിച്ച് സഞ്ചരിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

Missing mother found dead inside 16-foot-long python after it swallowed her whole in Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com