തിരുവനന്തപുരം മൃഗശാലയിൽ പെരുമ്പാമ്പുകൾ തമ്മിൽ അടിയോ? രണ്ടെണ്ണത്തിന് പരുക്ക്, പ്രത്യേക കൂടുകളിലേക്ക്
Mail This Article
തിരുവനന്തപുരം മൃഗശാലയിൽ പെരുമ്പാമ്പുകൾക്ക് പരുക്കേൽക്കുന്നു. തുടർന്ന് ഒരുമിച്ചായിരുന്ന പെരുമ്പാമ്പുകളെ മുഴുവൻ പ്രത്യേകം കൂടുകളിലേക്കു മാറ്റി. രണ്ടാമത് ഒരു പെരുമ്പാമ്പിനെ കൂടി പരുക്കേറ്റ നിലയിൽ കണ്ടെത്തിയതോടെയാണ് കൂട് മാറ്റം നടത്തിയത്. കഴിഞ്ഞ ദിവസം ഇരുപതോളം മുറിവുകളുമായി റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പുകളിൽ ഒന്നിനെ കണ്ടെത്തിയിരുന്നു. ഇതിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ മറ്റൊരെണ്ണത്തിനെ കൂടി അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ രണ്ടിടങ്ങളിലായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പാമ്പിന്റെ മുറിവുകൾ തുന്നൽ ഇട്ടു. ഇതിനെ പ്രത്യേകം കൂട്ടിലേക്ക് മാറ്റി. പെരുമ്പാമ്പുകൾ പരസ്പരം ആക്രമിച്ചതാണെന്ന പ്രാഥമിക നിഗമനത്തിൽ ക്യാമറ ദ്യശ്യങ്ങൾ പരിശോധിച്ചിരുന്നു.
ഇതിൽ വ്യക്തതയില്ലാതെ വന്നതോടെയാണ് ഒരുമിച്ച് കിടന്ന പെരുമ്പാമ്പുകളെ പ്രത്യേകം കൂടുകളിലേക്ക് മാറ്റിയത്. റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽപെട്ട അഞ്ചു പെരുമ്പാമ്പുകളാണ് മൃഗശാലയിൽ ഉള്ളത്. ഇതിൽ ഒന്നിനെയാണ് കഴിഞ്ഞ ദിവസം ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഒരെണ്ണത്തിനു കൂടി അപകടം പിണഞ്ഞതോടെ പരുക്കേറ്റവയുടെ എണ്ണം രണ്ടായി. ബാക്കിയുള്ള മൂന്നു പാമ്പുകളെ വിശദമായി പരിശോധിച്ചു. ഇവയ്ക്ക് നിലവിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. പാമ്പുകളെ ഇട്ടിരുന്ന കൂടിലെ പാറകളോ മറ്റു വസ്തുക്കളോ ഇളകി മാറിയതിനു പുറത്ത് കൂടി പാമ്പുകൾ സഞ്ചരിച്ചു പരുക്ക് പറ്റിയതാണോയെന്ന സംശയത്തിൽ കൂടിലെ മുഴുവൻ സാധനങ്ങളും പുനക്രമീകരിച്ചു.
പാറകൾ ഉൾപ്പെടെ വീണ്ടും സിമന്റ് ഇട്ട് വീണ്ടും ഉറപ്പിച്ചിട്ടുണ്ട്. സൂ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിലാണ് പാമ്പുകൾക്ക് ചികിത്സ നൽകുന്നത്. അതേ സമയം പെട്ടെന്ന് പാമ്പുകൾക്ക് പരുക്ക് പറ്റിയത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കുറച്ച് കാലം മുൻപ് മൃഗശാലയിൽ ക്ഷയരോഗം കണ്ടെത്തിയതോടെ ഒട്ടേറെ മൃഗങ്ങൾ മരിച്ചിരുന്നു.
അതിനു സമാനമായ അവസ്ഥ പാമ്പുകൾക്കും ഉണ്ടാകുമോയെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. പാമ്പുകൾ പരസ്പരം ആക്രമിച്ചാൽ ഉണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കണ്ടെത്തിയതെന്നു അധികൃതർ പറയുന്നു. എന്നാൽ വർഷങ്ങളായി ഇവിടെയുള്ള പാമ്പുകൾ പെട്ടെന്ന് ആക്രമണ സ്വഭാവത്തിലേക്ക് കടക്കുമോയെന്ന സംശയം ബാക്കിയാണ്. പരുക്കിന്റെ യഥാർഥ കാരണം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് കരുതുന്നത്.