ADVERTISEMENT

മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്ന കാര്യത്തില്‍ ലോക ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിനും തര്‍ക്കമുണ്ടാകില്ല. ഭൂമിയുടെ ശരാശരി താപനിലയ ഉയരുന്നതും സമുദ്ര നിരപ്പ് വർധിക്കുന്നതും തുടങ്ങി വരള്‍ച്ചയ്ക്കും പട്ടിണി മരങ്ങള്‍ക്കും കുടിയേറ്റത്തിനും വരെ ഈ മാറ്റങ്ങള്‍ കാരണമാകുകയാണ്. ഈ മാറ്റങ്ങളെല്ലാമാകട്ടെ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

റോമാ സാമ്രാജ്യകാലത്തെ കാലാവസ്ഥാ വ്യതിയാനം

അതേസമയം കാലാവസ്ഥാ വ്യതിനായത്തിന് കാരണക്കാര്‍ ആധുനിക മനുഷ്യര്‍ മാത്രമല്ലെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമില്ലെങ്കിലും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ആധുനിക ജീവിതം നയിച്ചിരുന്ന റോമാക്കാരും സമാനമായ രീതിയില്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നാണ് ഈ പഠനം പറയുന്നത്. ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അക്കാലത്തേത് വളരെ തുശ്ചമായ മാറ്റമാണെങ്കിലും റോമാസാമ്രാജ്യത്തിന്‍റെ കാലത്തും മനുഷ്യരുടെ ഇടപെടല്‍ പ്രകൃതിയില്‍ സൃഷ്ടിച്ച വെല്ലുവിളി തീര്‍ച്ചയായും ഒരു പാഠമാണ്.

യൂറോപ്യന്‍ ജിയോ സയന്‍സ് യൂണിയന്‍റെ ക്ലൈമറ്റ് ഓഫ് ദി പാസ്റ്റ് എന്ന ജേര്‍ണലിലാണ് ഈ കണ്ടത്തലിന്‍റെ വിശദാംശങ്ങള്‍ പ്രസിധീകരിച്ചത്. റോമന്‍ സാമ്രാജ്യം അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ ഭൂമിയിലെ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളെയാണ് ഈ പഠനത്തില്‍ പരിശോധിക്കുന്നത്. റോമന്‍ കാലത്തെ സ്ഥല ഉപയോഗത്തിന്‍റെ രേഖകളും അക്കാലത്തെ വായുമലിനീകരണത്തിന്‍റെ അളവും ഉള്‍പ്പെടെ പരിഗണിച്ചാണ് അക്കാലത്തെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിഗമനത്തില്‍ ഗവേഷകരെത്തിയത്. 

താപനില ഉയരാന്‍ കാരണം

ഈ വിവരങ്ങളില്‍ നിന്ന് വനനശീകരണം ഉള്‍പ്പടെ ഭൂമിയുടെ ഉപയോഗത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം അക്കാലത്ത് താപനിലയില്‍ ശരാശരി 0.15 ഡിഗ്രി സെല്‍ഷ്യസിന്‍റെ വർധനവുണ്ടായെന്നാണു കണക്കു കൂട്ടുന്നത്. അതേസമയം തന്നെ ഇതേ സമയത്തു സംഭവിച്ച മറ്റൊരു കാര്യം താപനില കുറയാനും സഹായിച്ചു. വിളവെടുപ്പിനു ശേഷം കൃഷിയിടത്തില്‍ തീയിടുന്നതിലൂടെ വ്യാപകമായ എയറോസോള്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെട്ടു. ഇതാണ് വലിയ തോതില്‍ തീയിട്ട മേഖലകളിലെ ശരാശരി താപനില 0.17 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാന്‍ ഇടയായത്. അതേസമയം താപനില വർധിച്ചത് ഉത്തരാർധത്തെ ആകെ ബാധിച്ചു എങ്കിലും താപനില കുറഞ്ഞത് ഏതാനും മേഖലകളില്‍ മാത്രം ഒതുങ്ങിനിന്നു എന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റോമന്‍ കാലഘട്ടത്തിലെ ആഗോളതാപനത്തെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു ഗവേഷക സംഘം അക്കാലത്തെ എയറോസോള്‍ ബഹിര്‍ഗമനത്തെ കൂടി കണക്കിലെടുത്തു പഠനം നടത്തുന്നത്. ബ്രിട്ടണിലെ റീഡിങ് സര്‍വകലാശാലയില്‍ നിന്നുള്ള ജോയ് സിംഗായറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇപ്പോഴത്തെ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

വായുമലിനീകരണവും വരള്‍ച്ചയും

കൃഷിയിടങ്ങള്‍ തീയിട്ടതു മൂലം ചില പ്രദേശങ്ങളിലെ താപനില കുറഞ്ഞു എങ്കില്‍പോലും മറ്റ് പല ആഘാതങ്ങളും ഈ രീതി പ്രകൃതിയില്‍ സൃഷ്ടിച്ചിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. സ്വിറ്റ്സര്‍ലന്‍ഡിലെ ഇടിഎച്ച് സൂറിച്ച് എന്ന ഗവേഷണ കേന്ദ്രത്തിലെ അനീന ഗ്ലിജന്‍ ഈ ആഘാതങ്ങളെക്കുറിച്ച് തന്‍റെ പഠനത്തല്‍ വിവരിക്കുന്നുണ്ട്. സമീപ നഗരങ്ങളില്‍ ഉയര്‍ന്ന വായുമലിനീരണത്തിനും മഴക്കുറവിനും ഇതുമൂലമുള്ള ജലക്ഷാമത്തിനും ഉയര്‍ന്ന എയറോസോള്‍ ബഹിര്‍ഗമനം കാരണമായെന്നാണ് അനീന വിവരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com