ADVERTISEMENT

ഭൂമി ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആഗോളതാപനവും ഇതുമൂലമുള്ള കാലാവസ്ഥാ വ്യതിയാനവും. രൂക്ഷമായ വരള്‍ച്ചയും സമയം തെറ്റിയെത്തുന്ന പേമാരിയും തുടര്‍ച്ചയായി വീശുന്ന കൊടുങ്കാറ്റുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും രൂക്ഷമായ ഭാവം കാണാന്‍ പോകുന്നത് കടല്‍ കയറ്റത്തിന്‍റെ രൂപത്തിലായിരിക്കും. മനുഷ്യനുള്‍പ്പടെ ഭൂമിയിലുള്ള ഓരോ ജീവി വര്‍ഗത്തിന്‍റെയും നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇപ്പോള്‍ പുരോഗമിക്കുന്നത്.

40 ലക്ഷം വര്‍ഷം മുന്‍പ്

sealevel rise

ആഗോളതാപനവും കടല്‍പെരുപ്പവും മറ്റും ഭൂമിയില്‍ സംഭവിക്കുന്നത് ഇതാദ്യമായല്ല. ഓരോ ഹിമയുഗത്തിന്‍റെ അവസാനത്തിലും കടല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാറുണ്ട്. ഇതിനുദാഹരണമാണ് 40 ലക്ഷം വര്‍ഷം മുന്‍പുണ്ടായ സമുദ്ര ജലനിരപ്പിലെ വർധനവ്. ഭൂമിയിലെ ശരാശരി താപനില വർധിച്ചതിനെ തുടര്‍ന്നായിരുന്നു അന്ന് സമുദ്രജലമുയര്‍ന്നത്. വ്യാവസായിക വിപ്ലവ കാലത്തെ താപനിലയുമായി താരതമ്യം ചെയ്താല്‍ അന്നത്തെ താപനില ഏതാണ്ട് 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതായിരുന്നു.

അക്കാലത്തെ താപനിലയിലെ വർധനവും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കവും മൂലം ഇന്നത്തേക്കാളും ശരാശരി 16 മീറ്റര്‍ അഥവാ 52 അടി വരെ സമുദ്രജലനിരപ്പുയര്‍ന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലെ മല്ലോര്‍ക ദ്വീപിലുള്ള ആര്‍ട്ടാ ഗുഹാമേഖലയില്‍ നടത്തിയ പഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. ഈ ഗുഹാമേഖലയില്‍ ഏതാണ്ട് 32മീറ്റര്‍ വരെ ഉയരത്തില്‍ സമുദ്രജലത്തിലെ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍ ഇത്രയും ഉയരത്തില്‍ വരെ ജലനിരപ്പെത്തിയിട്ടുണ്ടാകും എന്നാണ് ഗവേഷകരുടെ നിഗമനം

ഇന്നത്തെ കാലാവസ്ഥാ വ്യതിയാനം

40 ലക്ഷം വര്‍ഷം മുന്‍പുണ്ടായ സമുദ്രജലനിരപ്പിന്റെ വർധനവിലേക്ക് നയിച്ചത് സ്വാഭാവികമായുള്ള കാര്‍ബണ്‍ വർധനവും താപനിലയിലുണ്ടായ മാറ്റവുമാണ്. പക്ഷേ ഇപ്പോഴുണ്ടാകുന്ന മാറ്റങ്ങളാകട്ടെ മനുഷ്യ സൃഷ്ടിയാണ്. അതുകൊണ്ടു തന്നെ സമുദ്രജലനിരപ്പിലുണ്ടാകുന്ന വർധനവിനൊപ്പം തന്നെ മറ്റ് രൂക്ഷമായ കാലാവസ്ഥാ പ്രത്യാഘാതങ്ങളും പ്രകൃതിയില്‍ കാണപ്പെടുന്നത്. അന്ന് അന്തരീക്ഷത്തിലുണ്ടായിരുന്ന കാര്‍ബണിന്‍റെ അതേ അളവിലാണ് ഇപ്പോള്‍ കാര്‍ബണുള്ളത്. ഈ സാഹചര്യത്തില്‍ ബാക്കി മാറ്റങ്ങള്‍ ഒട്ടും താമസിയാതെ വന്നെത്തുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. 

സാധാരണനിലയില്‍ ഇത്തരം സമുദ്രജലനിരപ്പ് വർധനവുണ്ടാകുന്നത് ദശകോടിക്കണക്കിന് വര്‍ഷങ്ങളുടെ വ്യത്യാസത്തിലാണ്. പക്ഷേ 40 വര്‍ഷത്തിന് ശേഷം ഇതേ പ്രതിഭാസം ആവര്‍ത്തിക്കുമ്പോള്‍ അത് പ്രകൃതി സ്വാഭാവികമായി ഒരുക്കിയതല്ല മനുഷ്യ നിര്‍മിതമാണെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. നിലവിലെ സാഹചര്യത്തില്‍ ഇനി കാര്‍ബണ്‍ബഹിര്‍ഗമനം നിയന്ത്രിച്ചാലും സമുദ്രജലനിരപ്പിന്‍റെ വർധനവ് തടയാനാകില്ലെന്നാണ് ഈ താരതമ്യത്തിലൂടെ വ്യക്തമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com