ADVERTISEMENT

ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ പലഭാഗത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്  ഇടിമഴ അഥവാ തണ്ടർസ്റ്റോം . ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണിത്. ഉഷ്ണമേഖലാപ്രദേശത്താണ് ഇത് സാധാരണ സംഭവിക്കാറ്. സ്തംഭരൂപത്തിൽ കുത്തനെ കിലോമീറ്ററുകളോളം ഉയരത്തിൽ ആകാശത്ത് രൂപപ്പെടുന്ന കനത്ത മഴമേഘങ്ങൾ (Cumulonimbus Clouds) ഇടിമഴയായി പെയ്യുന്നു. 

അതിതീവ്രമായ ഇടിമഴകൾ അടുത്തകാലത്തായി വർധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. 2018–ന്റെ ആദ്യപകുതിയിൽ മാത്രം 44 തണ്ടർസ്റ്റോമുകൾ ഇന്ത്യയിലുണ്ടായി. ഭൗമാന്തരീക്ഷത്തിലെ ചൂടുവായുവിന്റെയും തണുത്ത വായുവിന്റെയും താപനില യിലുള്ള വ്യത്യാസമാണ് തണ്ടർസ്റ്റോമുകള്‍ സൃഷ്ടിക്കുന്നത്. ആഗോളതാപനം മൂലം അന്തരീക്ഷതാപനില ഉയരുന്നത് ഈ പ്രക്രിയയ്ക്ക് വേഗം കൂട്ടുന്നു. 

സൂര്യനിൽ നിന്നുള്ള താപവികിരണങ്ങളേറ്റ് ഭൗമോപരിതലം ചൂടുപിടിക്കും. ഉപരിതലം ചൂടാകുന്നതോടെ അതിനോട് ചേർന്നുകിടക്കുന്ന വായുവും ചൂടു പിടിച്ച് അന്തരീക്ഷത്തിലേക്ക് ഉയരും. ഈ വായുവിൽ ഭൂമിയിൽ നിന്നുള്ള മണ്ണും പൊടിയുമൊക്കെ കലർന്നിരിക്കും. ചൂടു വായു ഉയരുന്നതോടെ ഉണ്ടാകുന്ന വിടവിലേക്ക് സമീപത്തു നിന്ന് തണുത്തവായു പ്രവഹിക്കുന്നു. 

ആഗോളതാപനം മൂലം ഭൗമോപരിതലത്തിന്റെ ചൂട് കൂടുന്നതോടെ അന്തരീക്ഷത്തിലേക്ക് ഉയരുന്ന ചൂട് വായുവിന്റെ അളവും വർധിക്കും. ഇതുമൂലമുണ്ടാകുന്ന വിടവിലേക്ക് ഒഴുകുന്ന തണുത്ത വായുവിന്റെ അളവു കൂടാൻ ഇത് കാരണമാകുന്നു. ഈർപ്പം നിറഞ്ഞ ഈ വായുവിന്റെ ഒഴുക്കിനെയാണ് പടിഞ്ഞാറൻ വിക്ഷോഭം അഥവാ ‘വെസ്റ്റേൺ ഡിസ്റ്റർ ബൻസ്’ എന്നു വിളിക്കുന്നത്. യൂറോപ്പും ഏഷ്യയും ചേരുന്ന ഭാഗത്തെ ജലസ്രോതസ്സുകളിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നുമൊക്കെ തണുത്ത വായു പ്രവഹിക്കുന്നുണ്ട്. 

മുകളിലേക്കുയരുന്ന ചൂടുവായു ക്രമേണ തണുത്തുറഞ്ഞ് മേഘങ്ങളായി മാറും. ഈ മേഘങ്ങളാണ് തണ്ടർസ്റ്റോമുകളായി പെയ്തിറങ്ങുന്നത്. കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴ പെയ്യിക്കുന്നതിനാൽ ഇടിമഴകൾ മിന്നൽ പ്രളയത്തിനും കാരണമാകുന്നു. 

English Summary:How climate change leads to more frequent thunderstorms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com