കടലിൽ ‘അപ്രത്യക്ഷമാകുന്ന’ ഇന്ത്യൻ ദ്വീപ്; ലോകത്തിന് മുന്നറിയിപ്പ്, കാരണം...?

 Island
SHARE

ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറു ദ്വീപാണ് വാൻ. ഇന്ത്യൻ മഹാസമുദ്രത്തിലെ മാന്നാർ കടലിടുക്കിലാണ് ജൈവ മണ്ഡല സംവരണ മേഖലയുടെ ഭാഗമാണ് ഈ ദ്വീപ്. ആയിരക്കണക്കിന് മത്സ്യങ്ങളും ഞണ്ടുകളുമടങ്ങുന്ന സമുദ്രജീവികളുടെ വാസസ്ഥലമായ ഈ ദ്വീപ് പക്ഷേ നാൾക്കുനാൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ദ്വീപിന്റെ ഏറിയപങ്കും ഇതിനോടകം സമുദ്രത്തിൽ മുങ്ങിക്കഴിഞ്ഞു. സസ്യ- ജന്തു വർഗങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായ ഈ ദ്വീപ് അപ്രത്യക്ഷമാകുന്നതോടെ ഇന്ത്യയുടെ ജൈവവൈവിധ്യസമ്പത്തു തന്നെ അപകടത്തിലാകും.     

രാമേശ്വരം മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന മാന്നാർ കടലിടുക്കിൽ ഉൾപ്പെടുന്ന 21 ദ്വീപുകളിൽ ഒന്നാണ് വാൻ ദ്വീപ്. ഇവയിൽ 19 എണ്ണം മാത്രമാണ്  നിലവിലുള്ളത്. 1986 ൽ ദ്വീപിനെ സമുദ്ര ജൈവവൈവിധ്യ പാർക്കായി പ്രഖ്യാപിച്ചിരുന്നു. അതേവർഷം 16 ഹെക്ടറുകൾ ഉണ്ടായിരുന്ന ദ്വീപിന്റെ വിസ്തീർണ്ണം 2014 ആയപ്പോഴേക്കും കേവലം രണ്ടു ഹെക്ടറായി ചുരുങ്ങി.

1973 മുതൽ ദ്വീപ് മുങ്ങുകയാണെന്ന് പഠനങ്ങളിൽ കണ്ടെത്തി. ദ്വീപിനെ സംരക്ഷിക്കാനായി തമിഴ്നാട് ഭരണകൂടം കുറച്ചുവർഷം മുമ്പ് കൃത്രിമ മണൽത്തിട്ട നിർമിച്ചിരുന്നു. എങ്കിലും 2022നകം  വാൻ ദ്വീപ് പൂർണമായും സമുദ്രത്തിനടിയിലാകുമെന്ന് 'ഷ്രിങ്കിങ് ഓഫ് വാൻ ഐലൻഡ്' എന്ന പുസ്തകത്തിലൂടെ ഗവേഷകർ വ്യക്തമാക്കുന്നത്.

സമുദ്ര ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളുടെ പട്ടികയിൽ മാന്നാർ കടലിടുക്കിലെ ജൈവ മണ്ഡല സംവരണ മേഖലയെ യുനെസ്കോ ഉൾപ്പെടുത്തിയിട്ടുണ്ട്. 4223  ഇനത്തിൽപ്പെട്ട സസ്യങ്ങളാണ് ഇൗ ചെറുദ്വീപിലുള്ളത്. സമാനമായ രീതിയിൽ ജന്തുജാലങ്ങളും ഇവിടെയുണ്ട്. വലിയ തോതിൽ സമുദ്ര ജൈവവൈവിധ്യമുള്ള പ്രത്യേകതരം  ആവാസ വ്യവസ്ഥയായാണ് വാൻ ദ്വീപിലേതെന്നാണ് യുനെസ്കോ വിശേഷിപ്പിക്കുന്നത്. 

സമുദ്ര നിരപ്പ് ഉയരുന്നതിനോടൊപ്പം  മത്സ്യബന്ധനം വലിയതോതിൽ വർധിച്ചതും പവിഴ ഖനനവും ദ്വീപിൻറെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് 2005 ൽ അവസാനിച്ച  പഠനത്തിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നഷ്ടപ്പെട്ട പവിഴ ശേഖരങ്ങൾ പുനസ്ഥാപിക്കാൻ  പലഘട്ടങ്ങളിലായി ഇന്ത്യൻ ഭരണകൂടം പദ്ധതികൾ നടപ്പാക്കി വരുന്നുമുണ്ട്. ആഗോള കാലാവസ്ഥാവ്യതിയാനത്തിനൊപ്പം മണ്ണൊലിപ്പു കൂടിയുണ്ടാകുന്നത് ദ്വീപിന്റെ വിസ്തീർണ്ണം  കുറയുന്നത് ദ്രുതഗതിയിലാക്കുന്നുണ്ട്.

English Summary: Disappearing' Vaan Island puts India's biodiversity at risk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ