ADVERTISEMENT

ലോകത്തിന്റെ പലഭാഗങ്ങളിലും അപ്രതീക്ഷിതവും അസാധാരണവുമായ തോതിൽ കാട്ടുതീയും പ്രളയ ദുരന്തങ്ങളും വർധിക്കുന്നതിനിടെ, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ആശങ്കയുണ്ടാക്കുന്ന നാൾവഴി നിരത്തി ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടു. 

 

 Global warming will hit us faster

ആഗോളതാപന വർധന 1.5 ഡിഗ്രി സെൽഷ്യസിനു താഴെയാക്കി നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണു മുന്നറിയിപ്പ്. 2100 ആകുമ്പോഴേക്കും താപന വർ‌ധന 2 ഡിഗ്രിക്കു മീതെയാകും. ആഗോളതാപനം കൂട്ടുന്ന കാർബൺ ബഹിർഗമനം കർശനമായി കുറച്ചില്ലെങ്കിലുള്ള ആപത്താണിത്. മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനനിരക്ക് കൂടുതലാണെന്നും ഉഷ്ണവാതങ്ങളും പ്രളയങ്ങളും ഇന്ത്യയിൽ ഇനിയും വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. 

കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടൽ തെറ്റിച്ച്, താപന നിരക്കിന്റെ 1.5 ഡിഗ്രി സെൽഷ്യസ് പരിധി 2030 കളിൽത്തന്നെ ലംഘിക്കപ്പെടുമെന്നാണ് ഐപിസിസി പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൂട് വർധിച്ചതാണു കാരണം. രൂക്ഷമായ കാലാവസ്ഥ പ്രതിസന്ധിയുണ്ടായാൽ മനുഷ്യർക്ക് ഓടി രക്ഷപ്പെടാനോ ഒളിക്കാനോ വേറെ ഇടമില്ലെന്നും റിപ്പോർട്ട് തയാറാക്കിയ 234 ശാസ്ത്രജ്ഞരുടെ സംഘം ഓർമിപ്പിക്കുന്നു. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു മുന്നറിയിപ്പു തരുന്ന മണിനാദങ്ങളെല്ലാം കാതടിപ്പിക്കുന്ന ഉച്ചത്തിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇന്ത്യയിൽ ഓരോ 10 വർഷം കൂടുമ്പോഴും 17 മീറ്റർ വീതം കടൽ കരയിലേക്കു കയറാൻ സാധ്യതയെന്നു റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കാർബൺ നിർഗമനം കുറച്ചില്ലെങ്കിൽ 2100 ആകുമ്പോൾ സമുദ്രജലനിരപ്പ് 40 സെമീ മുതൽ ഒരുമീറ്റർ വരെ ഉയരാം. മഞ്ഞുരുകലിന്റെ തീവ്രതയെപ്പറ്റി ധാരണയില്ലാത്തതിനാൽ ഇത് 2 മീറ്റർ വരെയാകാനും സാധ്യതയുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിക്കും മനുഷ്യനും വൻ വിപത്താകും. സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളെ ബാധിക്കും. ഉയരുന്ന സമുദ്രനിരപ്പ് 7,517 കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യയിലെ ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, സൂറത്ത്, വിശാഖപട്ടണം എന്നീ ആറു തുറമുഖ നഗരങ്ങൾക്കു ദോഷകരമാണ്.

സമുദ്രനിരപ്പ് 50 സെന്റിമീറ്റർ ഉയർന്നാൽ തീരദേശത്തു പ്രളയമുണ്ടാവുകയും ഇവിടങ്ങളിലെ 28.6 ദശലക്ഷം ആളുകൾ ദുരിതത്തിലാവുകയും ചെയ്യും. ഏകദേശം 4 ട്രില്യൻ ഡോളറിന്റെ നഷ്ടമാണുണ്ടാവുക. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. ആഗോളതാപനത്തിനു മനുഷ്യരാകെ ഉത്തരവാദികളാണെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 Global warming will hit us faster

അടുത്ത ദശകങ്ങളിൽ ആഗോളതാപനം നേരത്തേ കണക്കുകൂട്ടിയതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാനാണു സാധ്യത. അതിവേഗം, വിപുലമായ തോതിൽ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറച്ചില്ലെങ്കിൽ ആഗോളതാപനം 1.5 – 2 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തണമെന്ന ലക്ഷ്യം നിറവേറില്ല. 2030 ഓടെ സർക്കാരുകൾ ഹരിതഗൃഹവാതക ബഹിർഗമനം പകുതിയായി കുറയ്ക്കേണ്ടതുണ്ടെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

മഴയുടെ രീതി മാറിയതടക്കം കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നുണ്ട്. കൂടുതൽ തീവ്രമായ മഴ, തുടർന്നുള്ള വെള്ളപ്പൊക്കം, പല പ്രദേശങ്ങളിലും കൂടുതൽ വരൾച്ച എന്നിവ ഇതിന്റെ ഭാഗമാണ്. സമുദ്രനിരപ്പ് ഉയരുന്നതു താഴ്ന്ന പ്രദേശങ്ങളിൽ നിരന്തരവും രൂക്ഷമായതുമായ തീരപ്രളയത്തിനും മണ്ണൊലിപ്പിനും കാരണമാകുന്നു. ഹിമാനി ഉരുകൽ, ഹിമപാളികളുടെ നഷ്ടം, സമുദ്ര താപതരംഗങ്ങൾ, സമുദ്രത്തിലെ അമ്ലവൽക്കരണവും ഓക്സിജന്റെ അളവ് കുറയലും എന്നിവയെല്ലാം അനന്തര ഫലങ്ങളാണ്.

യൂറോപ്യൻ യൂണിയനെ ഒരു ബ്ലോക്കായി കണക്കാക്കിയാൽ, നിലവിൽ ലോകത്തിലെ ഹരിതഗൃഹവാതക ബഹിർഗമനത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 2018ലെ കണക്കനുസരിച്ച് ഇന്ത്യയേക്കാൾ ഒൻപതു മടങ്ങ് കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ യുഎസ് പുറന്തള്ളുന്നുണ്ട്. ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ മഴയാണു പുതിയ കാലാവസ്ഥാ ശാസ്ത്ര പ്രവചനങ്ങൾ പറയുന്നത്. തെക്കുപടിഞ്ഞാറൻ തീരത്ത്, 1850-1900 കാലഘട്ടത്തെ അപേക്ഷിച്ച് മഴ ഏകദേശം 20 ശതമാനം വർധിക്കും. താപനില 4 ഡിഗ്രി സെൽഷ്യസ് ഉയരുകയാണെങ്കിൽ, ഇന്ത്യയിൽ പ്രതിവർഷം മഴയുടെ അളവിൽ 40 ശതമാനം വർധനയുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.

English Summary: Global warming will hit us faster, UN body sees temperatures rising by 1.5°C in next 20 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com