ADVERTISEMENT

ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കിലും ഒരേസമയം എത്തിയ താപതരംഗം ഗവേഷക ലോകത്തിന് ഒരേ സമയം അദ്ഭുതവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് ധ്രുവപ്രദേശങ്ങളിലും ഡിഗ്രി സെല്‍ഷ്യസിന്‍റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ കഴിഞ്ഞ ആഴ്ച വർധിച്ചത് സാധാരണയിലും 47 സെല്‍ഷ്യസും 30 സെല്‍ഷ്യസും ആണ്. ആര്‍ട്ടിക്കിനെ സംബന്ധിച്ച് താപതരംഗമെന്നത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒരു പുതിയ വാര്‍ത്തയല്ല. എന്നാല്‍ അന്‍റാര്‍ട്ടിക്കില്‍ താപതരംഗം ഇപ്പോഴും ആശങ്കപ്പെടുത്തുന്ന പ്രതിഭാസമാണ്. പ്രത്യേകിച്ചും ശീതകാലത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന ഏപ്രില്‍ മാസത്തിലെ താപതരംഗം ഭൂഖണ്ഡത്തെ എങ്ങനെ ബാധിക്കുമെന്ന് തന്നെ പ്രവചിക്കാനാകാത്ത കാര്യമാണ്. ആര്‍ട്ടിക്കാകട്ടെ മഞ്ഞുകാലം അവസാനിക്കുന്ന കാലഘട്ടത്തിലാണ് ഇപ്പോഴുള്ളത്.

 

ഈ രണ്ട് താപതരമഗവും തമ്മില്‍ ബന്ധപ്പെടുത്താനാകുമോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് രണ്ട് ധ്രുവപ്രദേശത്തും ഒരുമിച്ചെത്തിയ ഈ താപതരംഗം വളരെ യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് കണക്കുകൂട്ടുന്നത്. ആര്‍ട്ടിക്കിലെയും അന്‍റാര്‍ട്ടിക്കിലെയും താപനില സമീപമേഖലകളുമായി വളരയെധികം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ചിലപ്പോഴൊക്കെ ഭൂമധ്യരേഖയിലുണ്ടാകുന്ന താപനില മാറ്റങ്ങളും രണ്ട് ധ്രുവപ്രദേശങ്ങളെയും ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഭൂമധ്യരേഖയിലുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ താപനിലാ മാറ്റത്തിലേക്ക് നയിച്ചതെങ്കില്‍ ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കാനുള്ള സാധ്യതകളുണ്ടെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.

 

വില്ലന്‍ ആഗോളതാപനമോ

ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ ആഗോളതാപനമാകാം എന്ന സംശയവും സ്വാഭാവികമായി ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യവും ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ആഗോളതാപനം ധ്രുവപ്രദേശങ്ങളിലെ താപനിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ടെന്നത് മുന്‍പേ സ്ഥിരീകരിച്ചിട്ടുള്ള കാര്യമാണ്. ആഗോളതാപനം മൂലം ആര്‍ട്ടിക്കും അന്‍റാര്‍ട്ടിക്കും മറ്റ് ഭൂവിഭാഗങ്ങളേക്കാളും വേഗത്തില്‍ ചൂട് പിടിക്കുന്നുമുണ്ട്. രണ്ട് മേഖലകളിലും ഉണ്ടാകുന്ന താപനിലാ വർധനവ് മറ്റ് ഭൂമേഖലകളിലെ ശരാശരിയേക്കാളും ഏറെ മുകളിലാണ്. ഈ മാറ്റം രണ്ട് മേഖലകളിലേയും ജൈവവ്യവസ്ഥയേയും സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക നിലവിലുണ്ട്.

 

അന്‍റാര്‍ട്ടിലെ താപനില

ഓസ്ട്രേലിയയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ഉയര്‍ന്ന മര്‍ദമാണ് അന്‍റാര്‍ട്ടിക്കിലെ താപനില ക്രമാതീതമായി വർധിപ്പിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ഈ മർദമേഖല മൂലം ഇവിടെ നിന്നുയര്‍ന്ന ഉഷ്ണക്കാറ്റ് വലിയ തോതിലുള്ള ചൂടും ഈര്‍പ്പവും ആന്‍റാര്‍ട്ടിക്കിലേക്കെത്തിയിരിക്കുകയാണ്. അന്‍റാര്‍ട്ടിക്കില്‍ ഇത് ശിശിരകാലമാണ്. അതുകൊണ്ട് തന്നെയാണ് ഈ മേഖലയില്‍ ഉണ്ടാകുന്ന കുറഞ്ഞ മര്‍ദം ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ ഉഷ്ണക്കാറ്റിനെ ഇവിടേക്കെത്തിക്കാന്‍ കാരണമായതും. ഇതോടൊപ്പം അന്‍റാര്‍ട്ടിക്കിന്‍റെ മുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി രൂപ്പെട്ടിട്ടുള്ള മേഘക്കൂട്ടം മേഖലയിലേക്കെത്തുന്ന ചൂടിനെ പുറത്തേക്കു പോകാതെ നിലനിര്‍ത്തുന്ന കരിമ്പടമായി കൂടി പ്രവര്‍ത്തിച്ചത് കാര്യങ്ങള്‍ വഷളാക്കി.

 

അന്‍റാര്‍ട്ടിക്കിന്‍റെ ഉള്‍പ്രദേശമായ വൊസ്തോക്കിലെ ഇപ്പോഴത്തെ താപനില ഏതാണ്ട് മൈനസ് 17.7 ഡിഗ്രി സെല്‍ഷ്യസാണ്. കേള്‍ക്കുമ്പോള്‍ ഇത് കുറഞ്ഞ താപനിലയായി തോന്നുമെങ്കിലും അന്‍റാര്‍ട്ടിക്കിനെ സംബന്ധിച്ച് ഇത് ഉയര്‍ന്ന താപനിലയാണ്. കാരണം മാര്‍ച്ച് അവസാന കാലത്ത് ഈ മേഖലയില്‍ അനുഭവപ്പെടുന്ന ശരാശരി ഉയര്‍ന്ന താപനില മൈനസ് 38.9 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ശരാശരിയില്‍ നിന്ന് ഏതാണ്ട് 15 ഡിഗ്രി സെല്‍ഷ്യസിന്‍റെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഇറ്റാലിയന്‍ - ഫ്രഞ്ച് ഗവേഷക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന കോണ്‍കോര്‍ഡിയ മേഖലയില്‍ ശരാശരി താപനിലയിലെ വർധനവ് ഏതാണ്ട് 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ്.

 

മുകളില്‍ പറഞ്ഞത് അന്‍റാര്‍ട്ടിക് ഉള്‍മേഖലകളിലെ കണക്കാണെങ്കില്‍ തീരദേശമേഖലകളില്‍ സ്ഥിതി ഇതിലും വഷളാണ്. ചൂടിനൊപ്പം മഴ കൂടി തീരദേശ മേഖലകളിലേക്ക് എത്തിയിട്ടുണ്ട്. ഇതും അന്‍റാര്‍ട്ടിക്കിനെ സംബന്ധിച്ച് അത്യപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണ്. ഇത് മൂലം ഓസ്ട്രേലിയന്‍ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സിസി മേഖലയില്‍ മാര്‍ച്ച് മധ്യത്തോടെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില മൈനസ് 1.9 ഡിഗ്രി സെല്‍ഷ്യസാണ്. മാര്‍ച്ച് അവസാന വാരമായതോടെ ഈ താപനില ഏതാണ്ട് 5.6 ഡിഗ്രി സെല്‍ഷ്യസായി വർധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടില്‍ സിസി മേഖലയില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ താപതരംഗമാണിത്. 2020 ല്‍ ഉഷ്ണക്കാറ്റ് മൂലം ഈ മേഖലയിലെ താപനില ഏതാണ്ട് 9.2 ഡിഗ്രി സെല്‍ഷ്യസായി വർധിച്ചിരുന്നു.

 

ആര്‍ട്ടിക്

ഏതാണ്ട് അന്‍റാര്‍ട്ടിക്കിന് സമാനമായ മാറ്റങ്ങളാണ് ആര്‍ട്ടിക്കിലും കാണപ്പെടുന്നത്. യു.എസിന്‍റെ വടക്ക്- പടിഞ്ഞാറന്‍ മേഖലയില്‍ രൂപപ്പെട്ട കുറഞ്ഞ മര്‍ദ പ്രതിഭാസമാണ് ആര്‍ട്ടിക്കിനെ ചൂട് പിടിക്കുന്നതിലേക്ക് നയിച്ചത്. ബോംബ് സൈക്കിള്‍ എന്നാണ് പെട്ടെന്നുണ്ടായ ഈ കുറഞ്ഞ മര്‍ദ പ്രതിഭാസത്തേയും തുടര്‍ന്ന് ആര്‍ട്ടിക്കിലേക്കുണ്ടായ താപക്കാറ്റിന്‍റെ ഒഴുക്കിനേയും ഗവേഷകര്‍ വിശേഷിപ്പിച്ചത്. ഈ ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ആര്‍ട്ടിക്കിന്‍റെ അതിര്‍ത്തിമേഖലയിലുള്ള നോര്‍വെയിലെ സ്വാൽബാഡിൽ രേഖപ്പെടുത്തിയ താപനില 3.9 ഡിഗ്രി സെല്‍ഷ്യസാണ്. വര്‍ഷം മുഴുവന്‍ മഞ്ഞുമൂടി കിടക്കുമെന്ന കണക്ക് കൂട്ടലില്‍ ആഗോള വിത്ത് നിലവറ സ്ഥാപിച്ച പ്രദേശം കൂടിയാണ് സ്വാർബാഡ്.

 

ആര്‍ട്ടിക്കില്‍ ഈ വര്‍ഷം രൂപപ്പെട്ട ശൈത്യകാല മഞ്ഞിന്‍റെ അളവ് തന്നെ ശരാശരയിലും ഏറെ താഴെ ആയിരുന്നു. കൂടാതെ ആര്‍ട്ടിക്കിന്‍റെ ഗ്രീന്‍ലൻഡില്‍ കനത്ത മഴയും ഈ താപതരംഗത്തെ തുടര്‍ന്ന് അനുഭവപ്പെട്ടു. ഈ പ്രതിഭാസങ്ങളെല്ലാം ആര്‍ട്ടിക്കിലെ മഞ്ഞുരുകലിന്‍റെ വേഗവും വർധിപ്പിച്ചിട്ടുണ്ട്. ശൈത്യകാലത്ത് നിന്ന് പൂര്‍ണമായി പുറത്തു വരുന്നതിന് മുന്‍പാണ് ആര്‍ട്ടിക്കില്‍ മഞ്ഞുരുകല്‍ ആരംഭിച്ചതെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

 

ജൈവവ്യവസ്ഥ

രണ്ട് ധ്രുവപ്രദേശങ്ങളിലെയും ജൈവവ്യവസ്ഥയെ ഇപ്പോള്‍ തന്നെ ഈ താപതരംഗം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രദേശങ്ങളിലെ സസ്യസമ്പത്തിനെ തകിടം മറിക്കാന്‍ ഈ പ്രതിഭാസം കാരണമായേക്കുമോയെന്ന ആശങ്കയുണ്ട്. അന്‍റാര്‍ട്ടിക്കില്‍ ഇത് പെന്‍ഗ്വിനുകളുടെ പ്രജനന കാലമാണ്. അതുകൊണ്ട് തന്നെ ഇവയുടെ പ്രജനനത്തെയും കുട്ടികളുടെ അതിജീവനത്തേയും ഈ കാലാവസ്ഥാ മാറ്റം ബാധിച്ചേക്കാം. ആര്‍ട്ടിക്കിലും സ്ഥിതി വ്യത്യസ്തമല്ല. ധ്രുവക്കരടികള്‍ മുതല്‍ എസ്കിമോകള്‍ വരെയുള്ളവരുടെ ജീവതരീതിയെ ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റം ബാധിച്ചേക്കുമെന്നും ഭക്ഷ്യപ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും ഗവേഷകര്‍ ഭയപ്പെടുന്നു. 

 

English Summary: Record-Smashing Heatwaves Are Hitting Antarctica And The Arctic at The Same Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com