കൂട്ടവംശനാശം 78 വർഷത്തിനുള്ളിൽ; രൂക്ഷമായി ആഗോളതാപനം, മുന്നറിയിപ്പുമായി ഗവേഷകർ

The 'great dying': rapid warming caused largest extinction event ever, report says
Image Credit: Shutterstock
SHARE

78 വർഷത്തിനുള്ളിൽ ലോകം സമുദ്രജീവിവർഗങ്ങളുടെ വൻ കൂട്ടനാശത്തിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ശക്തമായ താക്കീതുമായി അമേരിക്കയിലെ ന്യൂജഴ്സിയിലെ ശാസ്ത്രജ്ഞർ. ചൂട് ഓരോദിനവും കൂടിവരികയാണെന്നും ഇതിനു തടയിട്ടില്ലെങ്കിൽ ദിനോസറുകൾ അപ്രത്യക്ഷമായതുപോലെ സമുദ്രജീവികളും അപ്രത്യക്ഷരാകുന്ന സ്ഥിതി 2100ൽ വരുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഗ്രേറ്റ് ഡയിങ് എന്നു പേരുള്ള, സമുദ്രജീവികളുടെ ഈ കൂട്ടമരണം സമുദ്ര ഓക്സിജനിലെ കുറവും ആഗോളതാപനവും മൂലമാകും സംഭവിക്കുകയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 25 കോടി വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു സംഭവം ഭൂമിയിൽ നടന്നിരുന്നു. അന്ന് ഭൂമിയിലെ സമുദ്രജീവികളിൽ 95 ശതമാനവും അപ്രത്യക്ഷരായിരുന്നു.

how-the-climate-crisis-could-lead-to-a-modern-great-dying2

ഭൂമിയിലെ മൊത്തം ജീവജാലങ്ങളിൽ 90 ശതമാനവും ഇതിൽപെട്ട് നശിച്ചു. അന്നു ശേഷിച്ച 10 ശതമാനം ജീവികളിൽ നിന്നാണ് ഇന്നത്തെ എല്ലാ ജീവജാലങ്ങളുമുണ്ടായത്. പാൻജിയ എന്ന ഒറ്റ ഭൂഖണ്ഡം മാത്രമാണ് അന്നു ഭൂമിയിൽ ഉണ്ടായിരുന്നത്. പെർമിയൻ ട്രയാസിക് ഇവന്റ് എന്നും ഈ സംഭവം അറിയപ്പെടുന്നു. ഇതിന്റെ ഒരു പുതിയ വേർഷനാകും 2100ൽ സംഭവിക്കുകയെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.6.6 കോടി വർഷങ്ങൾക്കു മുൻപ് സംഭവിച്ച എൻ‍ഡ് ക്രെറ്റേഷ്യസ് മാസ് എക്സ്റ്റിങ്ഷൻ ഇവന്റുമായും ഇതിനെ താരതമ്യപ്പെടുത്താം. ദിനോസറുകൾ പൂർണമായും അപ്രത്യക്ഷരായ സംഭവമായിരുന്നു ഇത്. ഛിന്നഗ്രഹം വീണതിനെത്തുടർന്നാണ് ഇതു സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്.

2100ൽ ട്രോപ്പിക്കൽ മേഖലകളിലെ ജലജീവിവൈദഗ്ധ്യം വലിയ തോതിൽ ബാധിക്കപ്പെടാം. ധ്രുവമേഖലകളിലെ ജീവികൾ ഏതാണ്ടു പൂർണമായും നശിക്കാം– ന്യൂജഴ്സി സർവകലാശാലാ ഗവേഷകർ പറയുന്നു. എന്നാൽ ആഗോളതാപനത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമം മനുഷ്യർ ഇപ്പോൾ മുതൽ തുടങ്ങിയാൽ ഇങ്ങനെയൊരു കൂട്ടവംശനാശം ഉണ്ടാകാനുള്ള സാധ്യത 70 ശതമാനത്തോളം കുറയും. കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നത് കഴിയുന്നത്ര ശ്രദ്ധിക്കാൻ ലോകരാജ്യങ്ങളും സ്ഥാപനങ്ങളും തയാറാകണമെന്ന് പഠനത്തിനു നേതൃത്വം വഹിച്ച ഗവേഷകനായ ജസ്റ്റിൻ പെൻ പറയുന്നു. കാർബൺ ഡയോക്സൈഡ് സമുദ്രജലത്തിലേക്കു കലരുമ്പോൾ ശക്തമായ അമ്ലസ്വഭാവം ഇവയ്ക്കു കൈവരികയും സമുദ്രജലത്തിലെ ഓക്സിജൻ കുറയുന്ന പ്രതിഭാസം ഉടലെടുക്കുകയും ചെയ്യും. ഇതാകും നാശത്തിനു കാരണമാകുക. 

how-the-climate-crisis-could-lead-to-a-modern-great-dying1

ആഗോളതാപനം മൂലം ആവാസവ്യവസ്ഥയിൽ ചൂടുകൂടുന്നതു മൂലം അത്രയ്ക്ക് ഉഷ്ണം സഹിക്കാനാകാത്ത ജീവികളും നാശത്തെ അഭിമുഖീകരിച്ചേക്കാം. സമുദ്രജീവികളെപ്പറ്റി നിലവിൽ ശേഖരിച്ച വിവരങ്ങളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രവചനപഠനങ്ങളും കൂട്ടിയിണക്കിയുള്ള കംപ്യൂട്ടേഷനൽ പഠനമാണു ശാസ്ത്രജ്ഞർ നടത്തിയത്. ഭൂമിയിൽ 5 കൂട്ടവംശനാശമുണ്ടായിട്ടുണ്ടെന്നും ആറാം കൂട്ടവംശനാശത്തിന്റെ പടിവാതിൽക്കലാണ് ഇപ്പോഴത്തെ ലോകമെന്നും മുൻപ് മയാമി സർവകലാശാലയിലെ ശാസ്ത്രജ്ഞർ പഠനത്തിലൂടെ പ്രസ്താവിച്ചിരുന്നു. നേരത്തെയുള്ള 5 കൂട്ട ജീവിവംശനാശങ്ങളും പ്രകൃതിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു. എന്നാൽ ആറാം കുട്ടവംശനാശം പൂർണമായും മനുഷ്യപ്രവർത്തനങ്ങൾ കൊണ്ടായിരിക്കുമെന്നും മയാമി സർവകലാശാലാ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. റോബർട് കോവി എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ പഠനത്തിനു നേതൃത്വം വഹിച്ചത്.1500 മുതലുള്ള കാലയളവിൽ രണ്ടരലക്ഷത്തോളം സ്പീഷീസുകൾ ഭൂമിക്ക് കൈമോശം വന്നിട്ടുണ്ടെന്ന് റോബർട് കോവി പഠനത്തിലൂടെ തെളിയിച്ചു. ഭൂമിയിൽ ആകെ 20 ലക്ഷം സ്പീഷീസുകളാണ് മനുഷ്യർക്ക് അറിയാവുന്നതായി ഉള്ളത്. കൂട്ടവംശനാശം: ആഗോള താപനത്തിനെതിരെ താക്കീതുമായി ശാസ്ത്രജ്ഞർ

English Summary:  The 'great dying': rapid warming caused largest extinction event ever, report says

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS