ADVERTISEMENT

ഇനി മുതൽ അഞ്ചുവർഷം ആഗോള താപനില കൂടാൻ ഉയർന്ന സാധ്യതയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വേൾഡ് മീറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യു​എംഒ) അറിയിച്ചു. ഇങ്ങനെ സംഭവിച്ചാൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും കൂടിയ ചൂടുള്ള കാലയളവാകും 2023 മുതൽ 2027 വരെ. ഹരിതഗൃഹവാതകങ്ങളും പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും മൂലമാകും താപനില കുതിച്ചുയരുക. കാലാവസ്ഥ വ്യതിയാനം തടയാനായി 1850 മുതൽ 1900 വരെയുള്ള അരനൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാൾ 1.5 ഡിഗ്രി വർധനയ്ക്കുള്ളിൽ താപനില പിടിച്ചുനിർത്തണമെന്നാണു 2015ലെ പാരിസ് ഉടമ്പടി നിഷ്കർഷിക്കുന്നത്. കഴിഞ്ഞവർഷത്തെ ശരാശരി താപനില 1850 മുതൽ 1900 വരെയുള്ളതിനെക്കാൾ 1.15 ഡിഗ്രി കൂടുതലായിരുന്നു. 1.5 ഡിഗ്രി സെൽഷ്യസ് പരിധി അടുത്ത 5 വർഷത്തിൽ ലംഘിക്കാനിടയുണ്ടെന്നും ചിലപ്പോൾ 1.8 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും ഡബ്ല്യു​എംഒ പറയുന്നു.

 

ഇപ്പോൾ തന്നെ ചൂട് താങ്ങാനാകാതെ ജനം അസാധാരണ ചൂട് താങ്ങാനാകാതെ വലയുകയാണ് ജനങ്ങൾ. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, കഴിഞ്ഞ വർഷം ഉടലെടുത്ത താപതരംഗംമൂലം മരിച്ചത് 15,000 ആളുകളാണ്. പകൽ സമയങ്ങളേക്കാൾ രാത്രി ചൂടു വർധിക്കുന്നതായി 2018ൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഉഷ്ണതരംഗം. രാത്രിയിൽ താപനില കുറയാതെ വരുമ്പോൾ മനുഷ്യശരീരത്തേയും അതു ബാധിക്കും. സാധാരണയായി ഉറക്കത്തിൽ നമ്മുടെ ശരീര താപനില കുറയുകയാണ് ചെയ്യുക. എന്നാൽ രാത്രിയിൽ താപനില കുറയാതെ വരുമ്പോൾ ഇതു ശരീരത്തിനു കൂടുതൽ ജോലിഭാരം നൽകുന്നു.50 ഡ‍ിഗ്രി സെൽ‌ഷ്യസിന് മുകളിലുള്ള താപനിലയും മനുഷ്യശരീരത്തിന് താങ്ങാവുന്നതാണ്. എന്നാൽ താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും വർധിക്കുമ്പോൾ അതു കൂടുതൽ അപകടകരമാകുന്നു. ഈർപ്പം കൂടുതലാണെങ്കിൽ വിയർപ്പ് ബാഷ്പീകരിക്കാൻ കഴിയില്ല. ഇതു ശരീര താപനില ഉയരാൻ കാരണമാകുകയും മറ്റ് അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യും.

 

എന്താണ് എൽ നിനോ?

പ്രതിസന്ധിക്ക് ആക്കം കൂട്ടാൻ എൽ നിനോയും ഉടനെയൊന്നും ചൂടിൽനിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ചൂടിന് ആക്കം കൂട്ടാൻ എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. കിഴക്കന്‍ ശാന്തസമുദ്രോപരിതലത്തിലെ ജലത്തിന്‍റെ താപനില വര്‍ധിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ഇതുമൂലം ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറേക്കു വീശുന്ന കാറ്റിന്‍റെ വേഗം കുറയുകയും ചൂടുള്ള സമുദ്രജലം കിഴക്കോട്ട് തള്ളപ്പെടുകയും ചെയ്യും. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം.

2 മുതല്‍ 7 വര്‍ഷം വരെ ഇടവേളകളിലാണ് എല്‍ നിനോ പ്രതിഭാസം രൂപപ്പെടുക. ഇതിന് മുന്‍പ് എല്‍ നിനോ എത്തിയ 2016 ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വര്‍ഷമായി രേഖപ്പെടുത്തിയിരുന്നു. എല്‍ നിനോ എത്തുന്നതോടെ ഈ വര്‍ഷം താപനില ആഗോള തലത്തില്‍ വര്‍ധിക്കുമെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. 0.2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് അനുമാനം. ആഗോളതാപനില സമാനതകളില്ലാത്ത വിധമാണ് ഉയരുന്നത്. എന്നാൽ ഈ താപനിലാ വർധന വരുംവർഷങ്ങളിലും നിയന്ത്രണങ്ങളില്ലാതെ തുടരുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം

 

English Summary: Global temperatures set to reach new records in next five years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com