കള്ളിമുൾച്ചെടുകൾ പോലും വാടുന്ന കൊടുംചൂട്; ഉരുകിയൊലിച്ച് യു.എസ് വനമേഖല
Mail This Article
കള്ളിമുള്ളിച്ചെടികൾ എന്നത് വരണ്ട കൊടും ചൂടുള്ള ഭൂമേഖലയുടെ പ്രതിരൂപമായാണ് നാം കണക്കാക്കുന്നത്. എന്നാൽ ഈ കള്ളിമുള്ളിച്ചെടികൾ പോലും വാടി പോകുന്ന ചൂടാണ് ഇപ്പോൾ അമേരിക്കയിൽ അനുഭവപ്പെടുന്നത്. യു.എസ്സിലെ അരിസോണയിലുള്ള ഫോണിക്സ് മേഖലയിലാണ് ഈ കൊടും വരൾച്ച അനുഭവപ്പെടുന്നത്.
ഉതിർന്ന് വീഴുന്ന കൈകൾ
കള്ളിമുൾച്ചെടുകൾ വെള്ളം ശേഖരിക്കുന്നതിൽ പ്രശസ്തമാണ്. ഇങ്ങനെ വലിയ തോതിൽ ശരീരത്തിൽ വെള്ളം ശേഖരിക്കാനുള്ള കഴിവാണ് ഈ ചെടികൾ മരുഭൂമിയിലെ കൊടും ചൂടിൽ അതിജീവിക്കാൻ സഹായിക്കുന്നതും. എന്നാൽ ലോകചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ ജൂലൈ മാസത്തിന് ശേഷം ഈ കള്ളിമുൾച്ചെടികൾ പ്രതികൂല സാഹചര്യത്തിലാണ്. ഇവയുടെ നിറംപോലും മാറിയ അവസ്ഥയാണ്.
സാധാരണ പച്ച നിറത്തിൽ കാണപ്പെടുന്ന ഇവ ഇപ്പോൾ മഞ്ഞ നിറത്തിലും തവിട്ട് നിറത്തിലുമാണ് കാണപ്പെടുന്നത്. പല ചെടികളുടെയും കമ്പുകൾ പൊഴിഞ്ഞ് വീഴാൻ തുടങ്ങി. കമ്പുകൾ എന്ന് ശാസ്ത്രീയമായി വിളിക്കാൻ കഴിയാത്തതിനാൽ കള്ളിമുൾച്ചെടികളുടെ കമ്പുകൾ പോലുള്ള ഭാഗങ്ങളെ കൈകൾ എന്നാണ് വിളിക്കുന്നത്. ഇവ പൊഴിയാൻ തുടങ്ങിയതോടെയാണ് സമാനതകളില്ലാത്ത ആഘാതം നേരിടുന്നതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.
ലോകമെമ്പാടും എന്ന പോലെ ഫോണിക്സ് മേഖലയിലും ജൂലൈ മാസത്തിൽ സമാനതകൾ ഇല്ലാത്ത വിധത്തിലുള്ള താപനിലാ വർധനവാണ് ഉണ്ടായത്. താപനില തുടർച്ചയായി 31 ദിവസവും 43 ഡിഗ്രി സെൽഷ്യസിന് മുകളിലായി.
ചൂട് മൂലം 25 മരണം
കൊടും ചൂട് മൂലം ഈ മേഖലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 25 മരണമാണ്. ഇതിന് പുറമെ 249 മരണങ്ങൾക്ക് പിന്നിലെ കാരണം അനിയന്ത്രിതമായ താപനിലാ വർധനവാണോ എന്നത് അന്വേഷിച്ച് വരികയാണ്. മനുഷ്യർക്ക് ഇത്രയധികം സമയത്തേക്ക് ഇത്ര വലിയ താപനില താങ്ങാൻ കഴിയില്ല എന്നത് വ്യക്തമാണ്. അതസമയം ചൂടിൽ അതിജീവിക്കാൻ തക്കവിധം രൂപപ്പെട്ടിട്ടുള്ള കള്ളിമുൾച്ചെടികൾ പോലും വാടുമ്പോഴാണ് പ്രദേശത്ത് അനുഭവപ്പെടുന്ന വരൾച്ചയുടേയും ചൂടിന്റെയും കാഠിന്യം മനസ്സിലാക്കാൻ കഴിയുന്നത്.
ഫോണിക്സ് നഗരത്തിലെ കള്ളിമുൾച്ചെടികളുടെ ഈ നിറം മാറ്റത്തിന്റെയും തണ്ട് ഒടിയലിന്റെയും ചിത്രങ്ങൾ നഗരത്തിലെ ബൊട്ടാണിക്കൽ ഗാർഡൻ അധികൃതർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്. തൊലിപ്പുറമെ ഉള്ള നിറം മാറ്റത്തിന് പുറമെ ചെടികളുടെ തണ്ടുകൾ ദുർബലമായതായും, ക്ഷീണിച്ചതായും ഇവർ പറയുന്നു. നിർജ്ജലീകരണം സംഭവിച്ചത് മൂലം കള്ളിമുൾച്ചെടികളുടെ മൃദുലത നഷ്ടപ്പെട്ടതായും ഇവർ കണ്ടെത്തി.
തിരിച്ചടിയായത് രാത്രിയിലെ ഉയർന്ന താപനില
വെയിലത്ത് വാടുന്ന കള്ളിമുൾച്ചെടികൾ എന്നത് പേടിസ്വപ്നം പോലെ ആശങ്കപ്പെടുത്തുന്ന ഒന്നാണെന്ന് ഗവേഷകർ പറയുന്നു. സാധാരണഗതിയിൽ പകൽസമയത്ത് സൂര്യതാപത്തിന്റെ ആഘാതം കുറക്കാൻ കള്ളിമുൾച്ചെടികൾ കാർബൺഡയോക്സൈഡ് വലിച്ചെടുക്കുന്ന ദ്വാരങ്ങൾ അടച്ച് സൂക്ഷിക്കുകയാണ് ചെയ്യുക. രാത്രിയിലാണ് ഇവ പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ കാർബൺഡയോക്സൈഡ് ആഗിരണം ചെയ്ത് തണ്ടുകളിൽ സൂക്ഷിക്കുന്നത്.
Read Also: ചുംബനം നൽകിയ യുവതിയുടെ ചുണ്ടുകൾ കടിച്ചുപിടിച്ച് പാമ്പ്; ഭയാനകമായ കാഴ്ച
എന്നാൽ കഴിഞ്ഞ ഒരു മാസമായി കൊടും ചൂട് തുടർന്നതോടെ രാത്രിയിലും ഉയർന്ന താപനിലയാണ് ഈ മേഖലയിൽ അനുഭവപ്പെട്ടത്. ഇതായിരിക്കാം കള്ളിമുൾച്ചെടികളെ പോലും വാടിത്തളർത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് ഗവേഷകർ പറയുന്നു. ജൂലൈ മാസത്തിൽ രാത്രികളിൽ എല്ലാം തന്നെ താപനില എന്നത് 32 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു എന്നതും ഇതിന് തെളിവായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
സഗുവാരോ കള്ളിമുൾച്ചെടികൾ
യു.എസ്സിലെ തന്നെ ഏറ്റവും ഉയരം കൂടിയ കള്ളിമുൾച്ചെടികളായ സഗുവാരോയെ ആണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ശരാശരി 12 മീറ്റർ വരെ ഉയരത്തിൽ വളരുന്നവയാണ് ഈ കള്ളിമുൾച്ചെടികൾ. അതേസമയം 23 മീറ്റർ വരെ ഉയരമുള്ള ചെടികളും ഇക്കൂട്ടത്തിൽ ഉണ്ടായിട്ടുണ്ട്. ഇരുന്നൂറിലേറെ വർഷം പ്രായമെത്തുമ്പോൾ മാത്രമാണ് സഗുവാരോ കള്ളിമുൾച്ചെടുകൾ അതിന്റെ പരമാവധി ഉയരത്തിൽ എത്തുന്നത് എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.
സഗുവാരോ ചെടികളുടെ ഘടന തന്നെയാണ് അവയെ മരുഭൂമിയിൽ അതിജീവിക്കാൻ ശേഷിയുള്ള ചെടികളാക്കി മാറ്റുന്നതും. ഇവയുടെ ആഴത്തിലേക്ക് പോകുന്ന വേരുകൾ എത്ര അടിയിൽ നിന്ന് വേണമെങ്കിലും വെള്ളം കണ്ടെത്തി തണ്ടുകളിലേക്ക് എത്തിക്കാൻ പര്യാപ്തമാണ്. ഇവയുടെ തണ്ടുകളിലെ സ്പോഞ്ച് പോലത്തെ ഉൾഭാഗമാകട്ടെ വലിയ തോതിൽ വെള്ളം സംഭരിക്കാൻ ശേഷിയുള്ളവയുമാണ്. ഇതിന് പുറമെ ഇവയുടെ തൊലിയുടെ ഘടനയും തൊലിപ്പുറത്തെ മെഴുക് പോലുള്ള പദാർത്ഥവും തണ്ടിൽ നിന്നുള്ള ജലം വറ്റിപ്പോകാതിരിക്കാനും സഹായിക്കും.
ചൂടിനെ പ്രതിരോധിക്കാൻ ഇത്രയധികം ഘടകങ്ങളുള്ളവയാണ് സഗുവാരോ കള്ളിമുൾച്ചെടികൾ എന്നിരിക്കെ ഇവ പോലും വാടുന്ന രീതിയിലാണ് അന്തരീക്ഷ താപനില വർദ്ധിച്ചതെന്ന് വ്യക്തം. കൂടാതെ വരണ്ട കാലാവസ്ഥ ഇവയുടെ ജലാശം നഷ്ടപ്പെടാനും ഇടയാക്കിയെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. അതസമയം ലോകത്തെ കള്ളിമുൾച്ചെടികളുടെ ഏതാണ്ട് 70 ശതമാനത്തോളം വരുന്നത് സഗുവാരോ ചെടികളാണ്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ ഈ ചെടികൾ ഇപ്പോൾ വലിയ തോതിൽ പ്രതിസന്ധി നേരിടുന്നതായി നിലവിൽ തന്നെ റിപ്പോർട്ടുകളുണ്ട്.
Content Highlights: Climate | Heatwave | USA