വിൽസൺ മടങ്ങിവരില്ല; പ്രതീക്ഷ തകർന്ന് കൊളംബിയൻ സൈന്യം: ‘ഹീറോ’യ്ക്ക് മെഡലും സ്മാരകവും
Mail This Article
വിമാനപകടത്തെ തുടർന്ന് ആമസോൺ വനത്തിൽ കുടുങ്ങിയ കുട്ടികളെ കണ്ടെത്താൻ സഹായിച്ച കൊളംബിയൻ സൈന്യത്തിന്റെ നായ വിൽസണെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലം. ജൂൺ 9 ന് തുടങ്ങിയ തിരച്ചിൽ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഇനി കണ്ടെത്താൻ സാധ്യതയില്ലെന്ന് സൈന്യം അറിയിക്കുകയായിരുന്നു. ആറ് വയസുള്ള സൈന്യത്തിന്റെ ‘ഹീറോ’യ്ക്ക് സ്മാരകം പണിയുമെന്ന് കൊളംബിയൻ സൈന്യത്തിന്റെ സ്പെഷൽ ഓപ്പറേഷൻസ് കമാൻഡർ ജനറൽ പെട്രോ സാഞ്ചേസ് പറഞ്ഞു.
‘ഞങ്ങളുടെ കമാൻഡോകളിൽ ഒരാളാണ് വിൽസൺ. ഞങ്ങൾക്ക് പറ്റാവുന്നതെല്ലാം ചെയ്തു. അവനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഞങ്ങൾ പാഴാക്കിയില്ല. ഇനി വിൽസണെ കണ്ടെത്തുക പ്രായോഗികമല്ലെന്ന് മനസ്സിലാക്കുന്നു.’– പെഡ്രോ പറഞ്ഞു. അതേസമയം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാ സൈനികർക്കും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ മെഡൽ സമ്മാനിച്ചിരുന്നു. ഒരെണ്ണം വിൽസനുവേണ്ടിയും മാറ്റിവച്ചിരുന്നു.
ആമസോൺ വനത്തിൽ വിമാനം തകർന്നുവീഴുകയും നാലു കുട്ടികൾ കാട്ടിൽ കുടുങ്ങുകയുമായിരുന്നു. അപകടത്തിൽ കുട്ടികളുടെ അമ്മ ഉൾപ്പെടെ 3 പേർ മരിച്ചു. കുട്ടികളെ കണ്ടെത്താനായി കൊളംബിയൻ സൈന്യം ‘ഓപറേഷൻ ഹോപ്’ എന്ന രക്ഷാദൗത്യം ആരംഭിച്ചു. സംഘത്തിൽ വിൽസൺ നായയും ഉണ്ടായിരുന്നു. വിൽസന്റെ കാൽപാടുകൾ പിന്തുടർന്നാണ് 40–ാം ദിവസം കുട്ടികളെ സൈന്യം കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും വിൽസൺ മറഞ്ഞിരുന്നു. നാലുദിവസം തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് കുട്ടികൾ പിന്നീട് സൈന്യത്തോട് പറഞ്ഞിരുന്നു. മറ്റ് മൃഗങ്ങളെ കണ്ട് വിൽസൺ ഭയന്ന് ഓടിയതാകാമെന്ന് സൈന്യം കരുതി.
‘ഓപറേഷൻ ഹോപ്’ എന്ന പേരിൽതന്നെ ആമസോൺ മഴക്കാട്ടിൽ വിൽസന് വേണ്ടിയുള്ള തിരച്ചിൽ തുടർന്നു. 70 സൈനികരാണ് പ്രിയ നായയ്ക്കുവേണ്ടി കാട്ടിൽ തുടർന്നത്. കാട് വിടുമ്പോള്‍ വിൽസനും കൂടെയുണ്ടാകുമെന്ന് അവർ പ്രത്യാശിച്ചു. എന്നാൽ അവനില്ലാതെ തന്നെ സൈന്യത്തിന് മടങ്ങേണ്ടിവന്നു. ഒന്നരവർഷമായി സൈന്യത്തിനൊപ്പമായിരുന്ന വിൽസന് അറ്റാക്ക് ഡോഗ് ആയിട്ടാണ് പരിശീലനം ലഭിച്ചത്.
English Summary: Colombian Army Military calls off search for missing Wilson