കുറുക്കനും നായയ്ക്കും ജനിച്ച സങ്കരജീവിയെ ബ്രസീലിൽ കണ്ടെത്തി. ഡോഗ്സിം എന്നാണ് ഈ ജീവിക്ക് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. 2021ൽ ഒരു വാഹനാപകടത്തിൽപെട്ട നിലയിലാണ് ഈ ജീവിയെ കണ്ടെത്തിയത്. മൃഗാശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോൾ ഇത് നായയാണോ കുറുക്കനാണോ എന്ന സംശയം ഉടലെടുത്തു. തുടർന്ന് നടന്ന പരിശോധനയിലാണ് ഇത് കുറുക്കനും നായയ്ക്കും പിറന്ന സങ്കരയിനം ജീവിയാണെന്നു സ്ഥിരീകരിച്ചത്. ഈ ജീവി ഇപ്പോൾ ജീവനോടെയില്ല.
ഈ ജീവിയുടെ അമ്മ ഒരു പാംപാസ് ഇനത്തിലുള്ള കുറുക്കനും അച്ഛൻ ഒരു തദ്ദേശീയ ബ്രസീലിയൻ നായയുമായിരുന്നു. ചെന്നായ, കുറുക്കൻ, കുറുനരി തുടങ്ങിയവയൊക്കെ കാനിഡേ എന്ന ജന്തുകുടുംബത്തിൽപെട്ടതാണ്. നായയുടെയും കുറുക്കന്റെയും സവിശേഷതകൾ ഈ ജീവിക്കുണ്ടായിരുന്നു. കൂർത്ത ചെവികൾ, കട്ടിയേറിയ രോമം എന്നിവയൊക്കെ ഇതിൽപെടും. അത്ര അക്രമണോത്സുകതയൊന്നും ഇതു പ്രകടിപ്പിച്ചിരുന്നില്ല.
തയാറാക്കിയ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരുന്ന ഈ ജീവി, ജീവനുള്ള എലികളെയും മറ്റും ഭക്ഷിക്കാൻ മടികാട്ടിയില്ല. നായയെപ്പോലെ കുരയ്ക്കുകയും കുറുക്കനെപ്പോലെ നടക്കുകയും ചെയ്തു. പല സങ്കരയിനം ജീവികൾക്കും പ്രത്യുത്പാദനം ചെയ്യാനുള്ള ശേഷിയില്ല. എന്നാൽ ഈ ജീവിക്ക് അതിനുള്ള കഴിവുണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം.
Read Also: വായിൽ കയറി പല്ല് വൃത്തിയാക്കുന്ന മത്സ്യം–കൗതുകകരമായ വിഡിയോ

നായയും കുറുക്കനും ചേർന്നുള്ള സ്ഥിരീകരിക്കപ്പെട്ട ആദ്യ സങ്കരയിനമാണ് ഈ ജീവി. 76 ക്രോമോസോമുകൾ ഇതിനുണ്ടായിരുന്നു. കുറുക്കന് 74ഉം നായയ്ക്ക് 78ഉം ആണ് ക്രോമസോമുകളുടെ എണ്ണം. ആനിമൽസ് എന്ന ശാസ്ത്രജേണലിൽ പഠനഫലങ്ങൾ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചു. ഭൂമിയിൽ പലയിടങ്ങളിലായി ഇത്തരം ഡോക്സിം ജീവികൾ ഉണ്ടായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
കൊയോട്ടികൾ, ചെന്നായകൾ, ഡിംഗോകൾ തുടങ്ങിയ ജീവികളുമായി നായ്ക്കൾ നേരത്തെ പ്രജനനം നടത്തിയിട്ടുണ്ട്.
Content Highlights: Dog | Fox | Dogxim