ADVERTISEMENT

കഴിഞ്ഞ മാസം 24ന് യുഎസിലെ ടെന്നസി മൃഗശാലയിൽ പുള്ളികളില്ലാത്ത ജിറാഫ് ജനിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പുള്ളിയില്ലാ ജിറാഫിനെ കണ്ടെത്തിയിരിക്കുകയാണ്. ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷനാണ് വാർത്ത പുറത്തുവിട്ടത്.നമീബിയയിലെ മൗണ്ട് എറ്റ്ജോ സഫാരി മേഖലയിലാണ് ഈ ജിറാഫിനെ കണ്ടത്. വന്യമേഖലയിൽ പുള്ളിയില്ലാതെ കാണപ്പെട്ട ലോകത്തെ ആദ്യ ജിറാഫാണ് ഇത്.

ആറടിപ്പൊക്കത്തോടെയും വ്യത്യസ്തമായ പുള്ളിക്കുപ്പായത്തോടെയുമാണ് ഓരോ ജിറാഫും ജനിക്കുന്നത്. ജനിതകകാരണങ്ങളാണ് ജിറാഫിന് പുള്ളികളില്ലാതെയാകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

നീണ്ട കഴുത്തും പുള്ളിക്കുപ്പായവുമിട്ടു നടക്കുന്ന ജന്തുലോകത്തെ ഉയരക്കാരാണ് ജിറാഫുകൾ. ഓസികോണുകൾ എന്ന ഒരു ജോടി കൊമ്പുകൾ പോലുള്ള അവയവുമുണ്ട്. ലോകത്ത് ഇന്നേവരെ കണ്ടതിൽ ഏറ്റവും ഉയരമുള്ള ജിറാഫിന് 5.87 മീറ്ററുണ്ടായിരുന്നു പൊക്കം. ഇന്ന് ലോകമെമ്പാടും ആകെ ഉള്ളതാകട്ടെ ഒരുലക്ഷത്തിൽ താഴെ ജിറാഫുകളും. ആഫ്രിക്കയിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. ജിറാഫുകൾ വംശനാശ പ്രതിസന്ധി നേരിടുന്നുണ്ട്. തെക്കൻ കെനിയയിലും ടാൻസാനിയയിലും മാത്രം കാണപ്പെടുന്ന മസായ് ജിറാഫുകൾ എന്നറിയപ്പെടുന്ന വിഭാഗത്തിനാണ് ഏറ്റവുമധികം ഭീഷണി.

Read Also: കാട്ടുപന്നിയെ കഷ്ടപ്പെട്ട് കീഴ്‌പ്പെടുത്തി പുള്ളിപ്പുലി; ഇടയ്ക്ക് കയറി നശിപ്പിച്ച് കഴുതപ്പുലി– വിഡിയോ

ഇക്കഴിഞ്ഞ 4 പതിറ്റാണ്ടിൽ വൻതോതിൽ ഇവയുടെ എണ്ണം കുറഞ്ഞു.സർവേകൾ പ്രകാരം ലോകത്ത് ഇന്ന് ആകെ അവശേഷിക്കുന്നത് 1,11,00 ജിറാഫുകളാണ്. എൺപതുകളിൽ ഇത് 1,63,450 ആയിരുന്നുവെന്ന് ഓർക്കണം. 40 ശതമാനത്തിന്റെ കുറവ്! അറുപതിനായിരത്തിലേറെ മസായ് ജിറാഫുകളെയും 1985ലെ സർവേയിൽ കണ്ടെത്തിയിരുന്നു

ടെന്നസി മൃഗശാലയിലെ പുള്ളികളില്ലാത്ത ജിറാഫ്(Photo: Twitter/@Deb_Waffles2020)
ടെന്നസി മൃഗശാലയിലെ പുള്ളികളില്ലാത്ത ജിറാഫ്(Photo: Twitter/@Deb_Waffles2020)

കരയിലെ ഏറ്റവും പൊക്കമുള്ള സസ്തനിയാണു ജിറാഫ്. ജിറാഫുകളുടെ വാസസ്ഥലങ്ങൾ വെട്ടിത്തെളിച്ച് മനുഷ്യർ വീടുവച്ചതാണ് വംശനാശ ഭീഷണി ഉയർത്തിയത്. ജിറാഫുകളെ വേട്ടയാടി എല്ലും തോലുമെല്ലാം സ്വന്തമാക്കാൻ വരുന്നവരും ഏറെയാണ്. ജിറാഫുകളുടെ പുള്ളിത്തോലിനും എല്ലുപയോഗിച്ച് നിർമിച്ച കൗതുകവസ്തുക്കൾക്കും സ്റ്റഫ് ചെയ്ത തലയ്ക്കും ആവശ്യമേറെയാണ്. ആഫ്രിക്കയിൽ നിന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കള്ളക്കടത്തും വ്യാപകമാണ്.

Read Also: ‘വെള്ളമില്ല, ശുചിമുറിയിൽ പോകാൻ പ്രയാസം; ഭീകരാന്തരീക്ഷത്തിൽ കുഞ്ഞിന് ജന്മം നൽകുമെന്ന് കരുതിയില്ല’

എല്ലാ വർഷവും ജൂൺ 21ന് വേൾഡ് ജിറാഫ് ഡേ ആയി ആചരിക്കാറുണ്ട്. പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയായ ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷനാണ് ഇതിനു നേതൃത്വം നൽകുന്നത്. ജിറാഫുകളുടെ വാസസ്ഥാനം സംരക്ഷിക്കുന്നതിനും വേട്ടക്കാരിൽ നിന്നു രക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻ നടത്തുന്നത്.

Content Highlights: Tennessee zoo | Spotless giraffe |Namibia | Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com