പ്രസംഗത്തിനിടയിൽ എ.എ റഹിം എം.പി മദ്യപിച്ചിരുന്നോ? വിഡിയോയുടെ വാസ്തവം |Fact Check
Mail This Article
രാഷ്ട്രീയത്തിലെ ചേരിതിരിവും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങളും പലപ്പോഴും പ്രതിഫലിക്കുന്നത് ജനമധ്യേയുള്ള പൊതു പ്രസംഗങ്ങളിലാണ്. വിമർശന ശരങ്ങളെറിഞ്ഞ് എതിരാളികൾക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയക്കാർ കൈയ്യടി നേടുന്നത് ഇത്തരം പ്രസംഗങ്ങളുടെ ആവേശം കൂട്ടുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇത്തരം പ്രസംഗങ്ങളിലും വെള്ളം ചേർത്ത് വ്യാജന്മാർ വിലസുന്നുണ്ട്. എം.പി എ.എ റഹിം ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ നടത്തുന്ന പ്രസംഗത്തിൽ മാറ്റം വരുത്തി എം.പി മദ്യപിച്ചിട്ടാണ് പ്രസംഗിച്ചതെന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം പരിശോധന നടത്തി. സത്യമറിയാം.
അന്വേഷണം
'രാജ്യസഭ എം.പിയാണെന്ന് വച്ച് ഈ തണുപ്പത്ത് രണ്ടെണ്ണം വീശാതിരിക്കാൻ പറ്റുമോ' എന്ന കുറിപ്പോടെയാണ് എ.എ റഹിം എം.പിയുടെ പ്രസംഗത്തിന്റെ കുറച്ച് ഭാഗങ്ങളടങ്ങിയ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം കാണാം
ആർക്കൈവ് ചെയ്ത വിഡിയോ ലിങ്ക്
http://web.archive.org/web/20230616064612/https://twitter.com/i/status/1661051541535567874
കെ.പി.സി.സി പ്രസിഡന്റായ കെ.സുധാകരനെതിരെയാണ് വിഡിയോയിലെ പരാമർശങ്ങൾ.ഇതുമായി ബന്ധപ്പെട്ട കീവേഡുകളുപയോഗിച്ച് തിരഞ്ഞപ്പോൾ കെ.സുധാകരനെ കടന്നാക്രമിച്ച് എ.എ റഹിം എം.പി എന്ന മുഖവുരയോടു കൂടിയ മനോരമ ന്യൂസ് വാർത്തയുടെ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. വിഡിയോ കാണാം
https://www.youtube.com/watch?v=KyfwjcUqUAY
കോഴിക്കോട് വടകരയിൽ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ നിന്നുള്ളതാണ് പ്രസംഗമെന്ന് വാർത്തയിലെ വിശദാംശങ്ങളിൽ നിന്ന് വ്യക്തമായി. എന്നാൽ പ്രചരിക്കുന്ന വിഡിയോയിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ മനോരമ ഒാൺലൈൻ നൽകിയ വാർത്തയിൽ നിന്ന് പൂർണ്ണ ഭാഗങ്ങളടങ്ങിയ വിഡിയോകൾ ലഭ്യമായി.
https://www.manoramaonline.com/news/latest-news/2022/04/11/aa-rahim-challenges-k-sudhakaran.html
പോസ്റ്റിൽ പ്രചരിച്ച വിഡിയോയും യഥാർത്ഥ വിഡിയോയും പരിശോധിച്ചപ്പോൾ പ്രസംഗത്തിലെ ശബ്ദത്തിന്റെ മോഡുലേഷൻ വ്യത്യാസപ്പെടുത്തിയാണ് എ.എ റഹിം എം.പി മദ്യപിച്ചാണ് പ്രസംഗം നടത്തിയതെന്ന വിഡിയോ പ്രചരിക്കുന്നതെന്ന് വ്യക്തമായി .
വസ്തുത
എ.എ റഹിം എം.പി മദ്യപിച്ചിട്ട് നടത്തിയ പ്രസംഗം എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണ്.യഥാർത്ഥ വിഡിയോയിലെ എം.പിയുടെ പ്രസംഗത്തിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശബ്ദ വ്യത്യാസം വരുത്തിയാണ് വ്യാജ വിഡിയോ പ്രചരിക്കുന്നത്.എഡിറ്റിംഗിലൂടെ ശബ്ദത്തിൽ വരുത്തിയ വ്യതിയാനമാണ് വിഡിയോയിൽ നടത്തിയിരിക്കുന്നത്.