ഇത് ബിജെപിയിൽ ചേർന്ന സിപിഎം നേതാവല്ല; വാസ്തവമിതാണ് | Fact Check
Mail This Article
പാലക്കാട് ജില്ലയിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിജുകുമാര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
പാലക്കാട്ടെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ ബിജു കുമാര്‍ അണ്ടത്തോട് ബിജെപി യില്‍ ചേർന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.
വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് തന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജില്‍ ഇതേ ചിത്രം ഷെയർ ചെയ്തതായി കണ്ടെത്തി. മറ്റ് നാല് ചിത്രങ്ങളും വൈറൽ ചിത്രത്തിനൊപ്പമുണ്ട്.
ഖത്തറിൽ നിന്ന് ജയിൽ മോചിതനായ രാകേഷിനെ പ്രകാശ് ജാവദേകർജിയോടൊപ്പം വീട്ടിലെത്തി സന്ദർശിച്ചു. ശ്രീ വി. വി. രാജേഷും സന്നിഹിതനായിരുന്നു.#ModiyudeGuarantee എന്ന കുറിപ്പിനൊപ്പമാണ് സുരേന്ദ്രൻ ചിത്രം പങ്ക് വച്ചിരിക്കുന്നത്.
കീവേഡുകളുപയോഗിച്ച് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഖത്തറിൽ തടവിലായിരുന്ന എട്ട് ഇന്ത്യക്കാരെ കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുടെ നിർദേശം അനുസരിച്ച് മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേനയിൽനിന്നും വിരമിച്ചശേഷം ദോഹയിലെ സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന 8 പേരും 2022 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്നായിരുന്നു കേസ്. ഇവരുടെ വധശിക്ഷ ഡിസംബറിൽ ഇളവു ചെയ്തിരുന്നു.
രാകേഷ് ഗോപകുമാറിനെക്കുറിച്ച് തിരഞ്ഞപ്പോൾ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ നയതന്ത്ര ഇടപെടലിൽ ജയില്‍മോചിതനായ ഇന്ത്യന്‍ നാവികരിലൊരാളാണ് ഇദ്ദേഹമെന്ന് വ്യക്തമായി.മോചന ശേഷം നാട്ടിലെത്തിയ ഇദ്ദേഹത്തെ കാണാൻ ബിജെപി നേതാക്കളെത്തിയ ചിത്രമാണിത്.
നേതാക്കളുടെ സന്ദർശനം സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം. വൈറൽ ചിത്രത്തോടൊപ്പമുള്ള മറ്റൊരു ചിത്രമാണ് വാർത്തയിലുള്ളത്.
കൂടുതൽ സ്ഥിരീകരണത്തിനായുള്ള ഞങ്ങൾ ജില്ലാ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചു. ബിജുകുമാര്‍ എന്ന പേരില്‍ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഒരു വ്യക്തി പാലക്കാട് ജില്ലാ പഞ്ചായത്തില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടു.
മോചനം ലഭിച്ച ശേഷം തിരിച്ചെത്തിയ രാകേഷ് ഗോപകുമാർ മനോരമ ഓൺലൈന് നൽകിയ അഭിമുഖം കാണാം.
ഇതിൽ നിന്ന് ചിത്രം സിപിഎമ്മുകാരനായ പാലക്കാട് ജില്ലാ പഞ്ചായത്തംഗം ബിജെപിയില്‍ ചേർന്ന ചിത്രമല്ല പ്രചരിക്കുന്നതെന്ന് വ്യക്തമായി.
∙ വാസ്തവം
ബിജെപിയിൽ ചേർന്ന സിപിഎം നേതാവിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലിൽ വധശിക്ഷയിൽ നിന്നൊഴിവായി ഖത്തറിൽ നിന്ന് ജയിൽ മോചിതനായ മുന്‍ ഇന്ത്യന്‍ നാവികൻ രാകേഷ് ഗോപകുമാറിനെ ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നതാണ് ചിത്രത്തിലെന്ന് വ്യക്തമായി.
English Summary: The post circulating claiming to be of a CPM leader who joined the BJP is fake