ADVERTISEMENT

സംസ്ഥാന–കേന്ദ്ര സർക്കാരുകളുടെ സഹകരണത്തോടെ നിർമ്മിക്കുന്ന റോഡുകളുടെ അവകാശവാദവുമായി തർക്കം പതിവാണ്. ഇത്തരത്തിൽ  കുട്ടിക്കാനം കട്ടപ്പന,പുളിയന്മല കേരള സംസ്ഥാന പാത എന്ന അവകാശവാദത്തോടെ ഒരു റോഡിന്റെ ഹ്രസ്വ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. 

∙അന്വേഷണം

ഈ റോഡ് നാഷണൽ ഹൈവേ ആണെന്ന് പറഞ്ഞ് ആരും വരരുത്. ഇതാണ് കുട്ടിക്കാനം കട്ടപ്പന,പുളിയന്മല കേരള സംസ്ഥാന പാത. നമ്മുടെ സ്വന്തം റോഡ്.   (ടോൾ റോഡല്ല,) എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.

വിഡിയോയെ വിവിധ കീഫ്രെയിമുകളാക്കി റിവേഴ്സ് ഇമേജ് സെർച്ച് വഴി പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലേതിന് സമാനമായ ദൃശ്യങ്ങൾ ഉൾപ്പെട്ട നിരവധി വിഡിയോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചു. 

ഇതേ റോഡിന്റെ ദൃശ്യങ്ങളടങ്ങിയ ചില വിഡിയോകൾ കാണാം

വൈറൽ വിഡിയോയിലെ ദൃശ്യങ്ങളുമായി സമാനതയുള്ള മറ്റൊരു വിഡിയോയും

ഞങ്ങൾക്ക് ലഭിച്ചു. മൂന്നാർ ഗ്യാപ് റോഡ് , മൂന്നാറിലെ മനോഹര ഡ്രോൺ ദൃശ്യങ്ങൾ എന്ന അടിക്കുറിപ്പുകളോടെയാണ് ഈ വിഡിയോകളെല്ലാം പ്രചരിക്കുന്നത്. 

2023 ഒക്ടോബർ 14ന് മൂന്നാർ ഗ്യാപ് റോഡിനെക്കുറിച്ച് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത കാണാം.മൂന്നാർ – ബോഡിമെട്ട് പാതയാണിത്. വൈറൽ വിഡിയോയിലെ ദൃശ്യങ്ങൾക്ക് സമാനമായ ചിത്രങ്ങളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ മൂന്നാറിലേക്കുള്ള വഴി തന്നെ വശ്യമനോഹര അനുഭവമാകും എന്നുറപ്പ്. ഈ റോഡിൽ മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലാണ് കാഴ്ചകൾക്ക് ഒരു ഗ്യാപ്പും നൽകാത്ത ഗ്യാപ് റോഡ് ഭാഗം. മലയെടുത്തു മടിയിൽ വച്ച മേഘങ്ങളാണ് മുഖ്യ ആകർഷണം.മേഘത്തുണ്ടുകൾക്കിടയിലൂടെയുള്ള മുട്ടുകാട് പാടശേഖരത്തിന്റെ വിദൂരദൃശ്യം പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്.തെളിഞ്ഞ ആകാശമാണെങ്കിൽ ഹൈറേഞ്ചിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണാം.ചൊക്രമുടി മലയുടെ കീഴിലാണ് ഗ്യാപ് റോഡ്.   വാഹനങ്ങൾ പാർക്ക് ചെയ്യാനും ധാരാളം സ്ഥലമുണ്ട് എന്നാണ് ഈ റോഡിനെക്കുറിച്ച് റിപ്പോർട്ടിൽ നൽകിയിട്ടുള്ള വിശദീകരണം.

വൈറൽ പോസ്റ്റിൽ പരാമർശിച്ചിട്ടുള്ള കുട്ടിക്കാനം കട്ടപ്പന,പുളിയന്മല ഉൾപ്പെടുന്ന മലയോര ഹൈവയെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിഡിയോ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പങ്ക് വച്ചിട്ടുണ്ട്.  

2024 ജനുവരി അ‍ഞ്ചിന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ - ബോഡിമെട്ട് റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയാണ് നിർവ്വഹിച്ചത്. ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.

ഇതിൽ നിന്ന് പ്രചരിക്കുന്ന വിഡിയോയിലുള്ളത് മൂന്നാർ ഗ്യാപ് റോഡാണെന്ന് വ്യക്തമായി

∙വസ്തുത

കുട്ടിക്കാനം കട്ടപ്പന,പുളിയന്മല കേരള സംസ്ഥാന പാത എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോയിലുള്ളത് കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഗ്യാപ് റോഡിന്റെ ദൃശ്യങ്ങളാണ്. പ്രചാരണം വ്യാജമാണ്.

English Summary : The video shows the gap road from Munnar to Bodimet on the Kochi-Dhanushkodi National Highway 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com