ADVERTISEMENT

പല കാര്യങ്ങളിലും ചരിത്രം സൃഷ്ടിച്ച കാര്‍ മോഡലുകള്‍ എടുത്താല്‍ തന്നെ നൂറുകണക്കിന് വരും. എന്നാല്‍ ചില മോഡല്‍ വാഹനങ്ങള്‍ പിന്നീടുള്ള വാഹന വിപണിയുടെ ഇഷ്ടങ്ങളെ പോലും നിര്‍ണയിക്കാന്‍  ശേഷിയുള്ളവയായിരുന്നു. ഇത്തരത്തില്‍ കാര്‍ വിപണിയെ നിർണയിച്ച, അന്നുവരെയുണ്ടായിരുന്ന പല നിയമങ്ങളേയും പൊളിച്ചെഴുതിയ പത്തു കാറുകളെ പരിചയപ്പെടാം.

benz-patent-motorwagen

ബെന്‍സ് പേറ്റന്റ് മോട്ടോര്‍ വാഗണ്‍

മനുഷ്യന്‍ ആദ്യമായി നിര്‍മിച്ച കാറാണിത്. ഒരു ലിറ്ററിന്റെ 2-3 കുതിശക്തിയുള്ള എൻജിനാണ് ഉണ്ടായിരുന്നത്. മണിക്കൂറില്‍ 16-17 കിലോമീറ്റര്‍ വേഗത്തില്‍ ഇതിന് സഞ്ചരിക്കാന്‍ സാധിക്കുമായിരുന്നു. 1885ല്‍ ഏതാണ്ട് 600 ഇംപീരിയല്‍ ജർമന്‍ മാര്‍ക്‌സ് (അന്നത്തെ ജർമൻ കറൻസി) ചിലവിട്ടാണ് കാള്‍ ബെന്‍സ് ഈ കാര്‍ നിർമിച്ചത്. തൊട്ടടുത്ത വര്‍ഷം ഇതിന്റെ പേറ്റന്റ് അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. ബെന്‍സിന്റെ കാര്‍ മോഹങ്ങള്‍ക്ക് സഹധര്‍മ്മിണി ബെര്‍ത്ത പണം മുടക്കാന്‍ തയാറായതോടെ കാറുകളുടെ ചരിത്രം ആരംഭിക്കുകയായി.

ലോകത്തെ ഏതൊരു കാര്‍ റേസിംഗ് ട്രാക്കുകളിലും ഇപ്പോഴും ബെന്‍സിന്റെ മോട്ടോര്‍വാഗണ്‍ ഓടിക്കാനാകും. നിരപ്പായ പ്രദേശത്തുകൂടെ സഞ്ചരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെങ്കിലും കയറ്റം കയറാനുള്ള ശേഷി കുറവായിരുന്നു. എങ്കിലും കാറുകളുടെ ചരിത്രം പറയുമ്പോള്‍ ബെന്‍സ് പേറ്റന്റ് മോട്ടോര്‍ വാഗണെ ഒരിക്കലും ഒഴിവാക്കാനാവില്ല.

ford-model-t

ഫോര്‍ഡ് മോഡല്‍ ടി

കുതിരവണ്ടികളും കാളവണ്ടികളും എല്ലായിടത്തും സജീവമായിരുന്ന കാലത്താണ് ഫോര്‍ഡ് മോഡല്‍ ടിയുമായി എത്തിയത്. 1908 മുതല്‍ 1927 വരെയായിരുന്നു ഫോര്‍ഡ് മോഡല്‍ ടി നിര്‍മിച്ചത്. അമേരിക്കയില്‍ കാര്‍ വിപ്ലവം കൊണ്ടുവന്നത് മോഡല്‍ ടി ആണെന്ന് പറയാം. അതുവരെ കാറുകള്‍ ഓരോന്നും പ്രത്യേകമായി നിര്‍മിക്കുകയായിരുന്നു രീതി. അതു മാറ്റി വിപുലമായ നിര്‍മാണം ആരംഭിച്ചതോടെ ചിലവു കുറക്കാനായത് മോഡല്‍ ടിയെ കൂടുതല്‍ ജനങ്ങളിലേക്കെത്തിച്ചു. ലോകത്തെ ആദ്യത്തെ താങ്ങാവുന്ന വിലയ്ക്കുള്ള കാര്‍ എന്ന് മോഡല്‍ ടി അറിയപ്പെടുന്നതും അതുകൊണ്ടാണ്. അമേരിക്കയിലെ മധ്യവര്‍ഗക്കാര്‍ക്ക് കാര്‍ ഒരു പ്രായോഗിക സ്വപ്‌നമാക്കി മാറ്റിയത് മോഡല്‍ ടി ആയിരുന്നു.

toyota-corolla

ടൊയോട്ട കൊറോള

1966ലാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട കൊറോളയെ അവതരിപ്പിക്കുന്നത്. 1974 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും വില്‍ക്കപ്പെടുന്ന കാറുകളിലൊന്നായി കൊറോള മാറി. പിന്നീടിന്നുവരെ കൊറോളയുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ല. 1997ലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറിന്റെ നെയിം പ്ലേറ്റായി ടൊയോട്ട കൊറോള മാറിയത്. 2016ല്‍ 4.4 കോടി ഉപഭോക്താക്കളിലേക്ക് കൊറോളയുടെ വില്‍പന എത്തി. അപ്പോഴേക്കും 12 തലമുറകളിലേക്ക് കൊറോള എത്തിയിരുന്നു. ചെറിയ കിരീടം എന്നര്‍ഥം വരുന്ന കൊറോള ടൊയോട്ട കമ്പനിയുടെ തലയിലെ വലിയ കിരീടം തന്നെയാണ് കൊറോള. ഒരിക്കലും ഫേവറേറ്റ് പട്ടികയില്‍ നിന്നും പുറത്താവാത്ത കൊറോള കാറുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളിലൊന്നാണ്.

lamborghini-miura

ലംബോര്‍ഗിനി മ്യൂറ

ലംബോർഗിനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൂപ്പർകാറാണ് മ്യൂറ. മിഡ് എൻജിൻ ടൂ സീറ്റ് ലേഔട്ടിലുള്ള ആദ്യത്തെ സൂപ്പർകാറാണ് മ്യൂറ. 1965 ലാണ് മ്യൂറ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ലംബോർഗിനി സ്ഥാപകൻ ഫെറൂസിയോ ലംബോർഗിനിയുടെ ആഗ്രഹ പ്രകാരമായിരുന്നു ഈ കാറിന്റെ രൂപകൽപന. ലോകചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിലൊന്നായാണ് മ്യൂറയെ കണക്കാക്കുന്നത്.

dodge-caravan

ഡോഡ്ജ്/ ക്രിസ്‌ലര്‍ മിനിവാന്‍

അമേരിക്ക അടക്കം പല രാജ്യങ്ങളിലും കുടുംബ വാഹനത്തിന്റെ തലവര മാറ്റിയ വാനാണിത്. ജപ്പാനില്‍ സമാനമായ ചെറുവാനുകള്‍ നേരത്തെയുണ്ടായിരുന്നു. എങ്കിലും മിനിവാന്‍ കൂടുതല്‍ വലുതും കരുത്തേറിയതുമായിരുന്നു. അത് കാര്‍വിപണിയുടെ മനസ് കീഴടക്കുക തന്നെ ചെയ്തു.

ford-explorer

ഫോഡ് എക്‌സ്‌പ്ലോറര്‍

ഇപ്പോള്‍ റോഡില്‍ കാണുന്ന സിയുവികളുടേയും(ക്രോസ് റോഡ് യൂട്ടിലിറ്റി വെഹിക്കിള്‍) എസ്‌യുവികളുടേയും തലത്തൊട്ടപ്പനാണ് ഫോഡിന്റെ എക്‌സ്‌പ്ലോറര്‍. ജീപ്പിന്റെ ചെറോക്കീ പോലുള്ള മോഡലുകള്‍ നേരത്തെ വന്നിട്ടുണ്ടെങ്കിലും എക്‌സ്‌പ്ലോറര്‍ കൂടുതല്‍ സൗകര്യവും ആഢംബരവും ശക്തിയും ഉപഭോക്താക്കള്‍ക്ക് നല്‍കി. എക്‌സ്‌പ്ലോററിനെ ജനങ്ങള്‍ ഏറ്റെടുത്തതോടെ പുതിയൊരു കാര്‍ ഉപവിഭാഗം കൂടി ശക്തിപ്പെടുകയായിരുന്നു. 

mclaren-f1

മക്ലാരന്‍ എഫ് 1

ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട മക്ലാരന്റെ മോഡലുകളിലൊന്നാകും എഫ് 1. അങ്ങനെയൊരു കാര്‍ എഫ് 1ന് മുമ്പ് പിറന്നിരുന്നില്ല. ഇപ്പോള്‍ പോലും പി 1, ടി50 തുടങ്ങിയ വിരലിലെണ്ണാവുന്ന കാറുകള്‍ മാത്രമേ എഫ് 1ന്റെ നിരയിലുള്ളൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്രയേറെ ലൈറ്റ് വെയ്റ്റായ എന്നാല്‍ പവറുള്ള മറ്റൊരു കാര്‍ കണ്ടെത്തുക എളുപ്പമല്ല. 1995ല്‍ പുറത്തിറങ്ങിയ സ്‌പോര്‍ട്‌സ് കാറായ എഫ് 1 വളരെ പെട്ടെന്നാണ് കാറോട്ട വേദികളിലെ താരമായത്. 24 മണിക്കൂര്‍ നീളുന്ന ചരിത്രപ്രസിദ്ധമായ ലെ മാന്‍സില്‍ ജയിച്ചും എഫ് 1 ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

toyota-prius

ടൊയോട്ട പ്രിയൂസ്

ഹൈബ്രിഡ് കാറുകളുടെ തുടക്കം ടൊയോട്ട പ്രിയൂസില്‍ നിന്നായിരുന്നു. 1997ല്‍ ജപ്പാനിലും 2001ല്‍ അമേരിക്ക പോലുള്ള ആഗോള വിപണികളിലും അവതരിപ്പിക്കപ്പെട്ട പ്രിയസിന്റെ ജനപ്രീതി രണ്ടു പതിറ്റാണ്ടിന് ശേഷവും കുറഞ്ഞിട്ടില്ല. വാഹനത്തിന്റെ അമേരിക്കയിലെ വിജയം ആഘോഷിക്കുന്നതിനായി 2020 പതിപ്പ് പുറത്തിറക്കുമെന്ന് അടുത്തിടെയാണ് ടൊയോട്ട അറിയിച്ചത്. ആകെ 2020 വാഹനങ്ങളായിരിക്കും ഈ പ്രിയസിന്റെ പ്രത്യേക പതിപ്പിലുണ്ടാവുക. പ്രിയൂസിന്റെ വരവോടെയാണ് ഹൈബ്രിഡ് കാറുകളുടെ മോഡലുകളുടെ തള്ളിക്കയറ്റം ഉണ്ടായത്.

tesla-model-s

ടെസ്‌ല മോഡല്‍ എസ്

വൈദ്യുത ആഡംബര കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ ആദ്യ കാര്‍ റോഡ്‌സ്റ്ററായിരുന്നെങ്കിലും വിപണിയില്‍ വന്‍ മാറ്റം കൊണ്ടുവന്നത് മോഡല്‍ എസ് ആയിരുന്നു. പരിചിതമായ ഐസിഇ(ഇന്റേണല്‍ കംപല്‍ഷന്‍ എൻജിന്‍) കാറുകള്‍ക്കൊപ്പം മാത്രമല്ല അവയേക്കാള്‍ മികച്ച രീതിയില്‍ ബാറ്ററിയിലോടുന്ന കാറുകള്‍ക്ക് സാധിക്കുമെന്ന് തെളിയിച്ചത് മോഡല്‍ എസ് ആണ്.  സമാന സൗകര്യങ്ങള്‍ നല്‍കുന്ന കാറുകള്‍ക്കൊപ്പം നില്‍ക്കുന്ന വിലയായിരുന്നു ടെസ്‌ലയുടെ മോഡല്‍ എസിന്റേത്. ഡിസൈനും കാറിന്റെ പെര്‍ഫോമെന്‍സും മികച്ചു നിന്നു. മോഡല്‍ എസ് കാറില്ലായിരുന്നുവെങ്കില്‍ വൈദ്യുതി കാറുകള്‍ക്ക് മറ്റുകാറുകള്‍ക്കൊപ്പം മത്സരിക്കാനാകുമെന്ന വാദം അധികമാരും വിശ്വസിക്കുമായിരുന്നില്ല.

bugatti-veyron-super-sport

ബുഗാട്ടി വെയ്‌റോണ്‍

ബുഗാട്ടിയുടെ ചരിത്രം സൃഷ്ടിച്ച മോഡല്‍ കാറായി പലരുടേയും ഓര്‍മയിലെത്തുക ബുഗാട്ടി കെയ്റോണായിരിക്കും. മണിക്കൂറില്‍ 490 കിലോമീറ്റര്‍(304.8 മൈല്‍) വേഗത്തില്‍ പറന്നാണ് കെയ്റോണ്‍ ശ്രദ്ധേയമായത്. എന്നാല്‍ ബുഗാട്ടിയുടെ മറ്റൊരു മോഡലായ വെയ്‌റോണിനെയാണ് ഈ പട്ടികയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. വെയ്‌റോണ്‍ വന്നില്ലായിരുന്നെങ്കില്‍ ഒരിക്കലും കെയ്റോണ്‍ സംഭവിക്കില്ലായിരുന്നുവെന്നതാണ് വസ്തുത. 

2013ല്‍ തന്നെ മണിക്കൂറില്‍ 270 മൈല്‍(434 കിലോമീറ്റര്‍) വേഗം രേഖപ്പെടുത്തിയിട്ടുള്ള കാറാണ് വെയ്‌റോണ്‍. ശ്രമിച്ചിരുന്നെങ്കില്‍ 300 മൈല്‍ എന്ന വേഗം വെയ്‌റോണിനും സാധ്യമാകുമെന്ന് കരുതുന്നവരുമുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ആ വേഗ റെക്കോർഡ് തങ്ങളുടെ അടുത്ത കാറായ കെയ്റോണിനുവേണ്ടി ബുഗാട്ടി കരുതിവയ്ക്കുകയായിരുന്നുവെന്ന് കരുതുന്നവരും ഏറെ.

English Summary: Iconic Car In History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com