വിൽപനയിൽ ഒന്നാമൻ, 16 വർഷത്തെ ഓൾട്ടോയുടെ ആധിപത്യം തകർത്ത് സ്വിഫ്റ്റ്
Mail This Article
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാർ എന്ന പെരുമ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന്. വാർഷിക വിൽപന കണക്കെടുപ്പിൽ 16 വർഷമായി എൻട്രി ലവൽ ഹാച്ച്ബാക്കായ ഓൾട്ടോ തുടർന്നു വന്ന ആധിപത്യത്തിനാണ് ഇതോടെ വിരാമമായത്. 2020 - 21ൽ 1,72,671 യൂണിറ്റ് വിൽപനയോടെയാണ് സ്വിഫ്റ്റ് ആദ്യ സ്ഥാനം സ്വന്തമാക്കിയത്. കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയുമൊക്കെ സൃഷ്ടിച്ച വെല്ലുവിളി മൂലം സ്വിഫ്റ്റ് വിൽപനയിൽ 2019-20നെ അപേക്ഷിച്ച് എട്ടു ശതമാനത്തോളം ഇടിവു നേരിട്ടിട്ടുണ്ട്.
മാരുതി സുസുക്കി ‘ഓൾട്ടോ’യാവട്ടെ 2004-05 മുതൽ വാർഷിക വിൽപ്പന കണക്കെടുപ്പിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്; ‘മാരുതി 800’ കാറിനെ പിന്തള്ളി ആദ്യ സ്ഥാനത്തേക്കു മുന്നേറിയ ‘ഓൾട്ടോ’യ്ക്ക് 2020-21ലെ വിൽപ്പനയിൽ നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 2019-20നെ അപേക്ഷിച്ച് 16.7% ഇടിവോടെ 1,58,992 ‘ഓൾട്ടോ’യാണു കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റു പോയത്. 2004-05നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക വിൽപ്പനയുമാണിത്. 2010-11ൽ 3,46,840 യൂണിറ്റോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വിൽപ്പനയുള്ള കാറായി മാറിയ ചരിത്രവും ‘ഓൾട്ടോ’യ്ക്ക് സ്വന്തമാണ്.
പ്രതിമാസ കണക്കെടുപ്പിലും ‘ഓൾട്ടോ’യെ പിന്തള്ളുന്ന ആദ്യ കാറായിരുന്നു ‘സ്വിഫ്റ്റ്’; 2012 മേയിൽ ‘സ്വിഫ്റ്റ്’ കൈവരിച്ച ഈ നേട്ടം പിന്നീട് മാരുതി സുസുക്കി ശ്രേണിയിലെ ‘ഡിസയറും’ ‘ബലേനൊ’യും പലതവണ ആവർത്തിച്ചിരുന്നു. എന്നാൽ വാർഷിക കണക്കെടുപ്പിൽ ‘ഓൾട്ടോ’യെ കീഴടക്കാൻ ‘സ്വിഫ്റ്റി’ന് എട്ടു വർഷം കൂടി കാത്തിരിക്കേണ്ടി വന്നെന്നു മാത്രം.
ഒരു ലീറ്റർ എൻജിനുള്ള ‘കെ 10’ പതിപ്പ് 2019ൽ പിൻവലിച്ചതും ഇതേ വിഭാഗത്തിൽ മത്സരം ശക്തമാക്കി മാരുതി സുസുക്കി തന്നെ ‘എസ് പ്രസൊ’ അവതരിപ്പിച്ചതുമൊക്കെയാണ് ‘ഓൾട്ടോ’ വിൽപ്പനയ്ക്കു തിരിച്ചടിയായത്. പോരെങ്കിൽ പകിട്ടും പത്രാസുമില്ലാത്ത എൻട്രി ലവൽ വിഭാഗത്തെ കൈവിട്ട് ഉപയോക്താക്കൾ അധിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പ്രീമിയം ഹാച്ച്ബാക്കുകളിലേക്കു ചേക്കേറുന്നു എന്നതിന്റെ വ്യക്തമായ സൂചനയുമാണു വിൽപ്പനയിൽ ‘ഓൾട്ടോ’ നേരിടുന്ന തുടർച്ചയായ ഇടിവ്.
‘കോവിഡ് 19’ പടരുകയും വരുമാനം ചുരുങ്ങുകയും ചെയ്തിട്ടും ഈ പ്രവണതയിൽ മാറ്റമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ നിന്നു തന്നെയുള്ള മാരുതി സുസുക്കി ‘ബലേനൊ’യ്ക്കാണു 2020 - 21ലെ വിൽപ്പനയിൽ രണ്ടാം സ്ഥാനം; 1,63,445 യൂണിറ്റായിരുന്നു കാറിന്റെ വിൽപ്പന. കാലമേറെയായി വിപണിയിലുണ്ടായിട്ടും 1,60,330 യൂണിറ്റ് വിൽപ്പനയോടെ ‘വാഗൻ ആർ’ മൂന്നാം സ്ഥാനവും ഉറപ്പാക്കി. പോരാത്തതിന് ആദ്യ മൂന്നു സ്ഥാനക്കാരിൽ മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ വളർച്ച കൈവരിക്കാൻ കഴിഞ്ഞ ഏക കാറും ‘വാഗൻ ആർ’ തന്നെ.
ഡീസൽ പതിപ്പ് പിൻവലിക്കാനുള്ള മാരുതി സുസുക്കി ഇന്ത്യയുടെ തീരുമാനം തിരിച്ചടി സൃഷ്ടിച്ചതോടെ ‘സ്വിഫ്റ്റി’ന്റെ സെഡാൻ രൂപമായ ‘ഡിസയർ’ വിൽപ്പന കണക്കെടുപ്പിൽ അഞ്ചാമതായി. മുമ്പ് ‘ഓൾട്ടോ’യ്ക്കു വരെ വെല്ലുവിളി ഉയർത്തിയിരുന്ന ‘ഡിസയർ’ 2019 - 20നെ അപേക്ഷിച്ച് 28% ഇടിവോടെ 1,28,251 യൂണിറ്റ് വിൽപ്പനയാണു കൈവരിച്ചത്. 2019 - 20ലെ വിൽപ്പനയിലും ‘ഡിസയറി’ന് 29.4% ഇടിവു നേരിട്ടിരുന്നു.
ലോക്ക്ഡൗണിനു മുമ്പ് സമഗ്രമായ പരിഷ്കാരത്തോടെ വിൽപ്പനയ്ക്കെത്തിയ ഹ്യുണ്ടേയ് ‘ക്രേറ്റ’, ഇതാദ്യമായി ‘ടോപ് 10’ പട്ടികയിൽ ഇടംനേടി. മുൻവർഷത്തെ അപേക്ഷിച്ച് 46.25% വളർച്ചയും 1,20,035 യൂണിറ്റ് വിൽപ്പനയുമായാണു ‘ക്രേറ്റ’ മാരുതി സുസുക്കി ഇതര മോഡലുകളിലെ ആദ്യ സ്ഥാനം സ്വന്തമാക്കിയത്. ഹ്യുണ്ടേയ് ശ്രേണിയിലെ താരതമ്യേന വില കുറഞ്ഞ മോഡലുകളായ ‘ഗ്രാൻഡ് ഐ 10’, ‘വെന്യു’ തുടങ്ങിയവയെയും പിന്തള്ളിയാണു ‘ക്രേറ്റ’ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള എസ് യു വിയെന്ന പട്ടം നേടിയെടുത്തത്.
English Summary: Maruti Swift ends Alto's 16-year Reign