ADVERTISEMENT

ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഇ ട്രോണി’ന്റെ ഇന്ത്യൻ അരങ്ങേറ്റം ജൂലൈ 22ന്. കഴിഞ്ഞ വർഷം അവസാനം വിൽപ്പനയ്ക്കെത്തിയ മെഴ്സീഡിസ് ബെൻസ് ‘ഇ ക്യു സി’യെയും ഇക്കൊല്ലം വിപണിയിലെത്തിയ ജഗ്വാർ ‘ഐ പേസി’നെയും നേരിടാൻ ലക്ഷ്യമിട്ടാണു ഔഡി ഇന്ത്യ, ബാറ്ററിയിൽ നിന്നു കരുത്തു കണ്ടെത്തുന്ന ‘ഇ ട്രോൺ’ അവതരിപ്പിക്കുന്നത്. 

അരങ്ങേറ്റത്തിനു മുന്നോടിയായി ഔഡി ഇന്ത്യയുടെ ആദ്യ വൈദ്യുത കാറായ ‘ഇ ട്രോൺ’ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്. വൈകാതെ കാറിനുള്ള പ്രീ ബുക്കിങ്ങിനും തുടക്കമാവുമെന്നാണു പ്രതീക്ഷ. വില സംബന്ധിച്ച പ്രഖ്യാപനമൊന്നും ഔഡി നടത്തിയിട്ടില്ലെങ്കിലും ‘ഇ ട്രോൺ’ സ്വന്തമാക്കാൻ 1.30 കോടി രൂപയോളം മുടക്കേണ്ടിവരുമെന്നാണു സൂചന. ആഗോളതലത്തിൽ മികച്ച സ്വീകാര്യത കൈവരിച്ച പിൻബലത്തോടെയാണ്  ‘ഇ ട്രോൺ’ ഇന്ത്യൻ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. സാഹചര്യം അനുകൂലമല്ലാതിരുന്നിട്ടും 2020 ജനുവരി — ജൂൺ കാലത്ത് 17,641 ‘ഇ ട്രോൺ’ വിൽക്കാൻ ഔഡിക്കു സാധിച്ചു.  

‘ഇ ട്രോണി’ൽ കഴിഞ്ഞ വർഷം വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഔഡി രണ്ടാമതൊരു ഓൺ ബോർഡ് ചാർജർ കൂടി ലഭ്യമാക്കുന്നുണ്ട്. 71.2 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന ‘ഇ ട്രോണി’ന് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വെറും 6.8 സെക്കൻഡ് മതി. മണിക്കൂറിൽ 190 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. യാത്രക്കാരുടെ എണ്ണം, സഞ്ചരിക്കുന്ന പ്രതലം, ഡ്രൈവിങ് ശൈലി തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഒറ്റ ചാർജിൽ 282 മുതൽ 340 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ‘ഇ ട്രോണി’നു സാധിക്കുമെന്നാണ് ഔഡിയുടെ വാഗ്ദാനം.  

പുതുതലമുറ ആഡംബര കാറുകളുടെയും എസ് യു വികളുടെയും മാതൃകയിൽ കഴിയുന്നത്ര സ്വിച്ചുകളും ബട്ടനുകളും ഒഴിവാക്കിയാണ് ഔഡി ‘ഇ ട്രോണി’ന്റെ അകത്തളം സജ്ജീകരിച്ചിരിക്കുന്നത്. പകരം ഭാവിയിലെ കാബിനെന്ന വിശേഷണത്തോടെ ഡ്രൈവർക്കു നേരെ ചരിഞ്ഞിരിക്കുന്ന രണ്ടു വലിയ ടച് സ്ക്രീൻ യൂണിറ്റുകളിലാണു വാഹനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ മിക്കതും. മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ, നാലു മേഖലയായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ് തുടങ്ങിയവയും കാറിലുണ്ട്.

Source: AutoCar India

English Summary: Audi e-tron, e-tron Sportback India launch on July 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com