ബജാജ് ഇലക്ട്രിക് ചേതക് വിൽപന കുടുതൽ നഗരങ്ങളിലേക്കും
Mail This Article
വൈദ്യുത സ്കൂട്ടറായ ചേതക്കിന്റെ വിപണനം കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കാൻ നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ഒരുങ്ങുന്നു. വൈകാതെ മഹാരാഷ്ട്രയിലെ നാഗ്പൂരിലും ഇ സ്കൂട്ടറായ ചേതക് വിൽപനയ്ക്കെത്തുമെന്നു കമ്പനി വെളിപ്പെടുത്തി. നാഗ്പൂരിൽ ‘ചേതക്’ സ്വന്തമാക്കാൻ താൽപര്യമുള്ളവരിൽ നിന്നു ബജാജ് റജിസ്ട്രേഷൻ സ്വീകരിച്ചു തുടങ്ങി; വൈകാതെ സ്കൂട്ടറിനുള്ള ബുക്കിങ്ങിനും തുടക്കമാവുമെന്നാണു പ്രതീക്ഷ. നിലവിൽ പുണെയ്ക്കു പുറമെ ചെന്നൈ, ബെംഗളൂരു, ഹൈദരബാദ് നഗരങ്ങളിലാണു ബാറ്ററിയിൽ ഓടുന്ന ‘ചേതക്’ വിൽപ്പനയ്ക്കെത്തുന്നത്.
രണ്ടു വകഭേദങ്ങളിലാണു ബജാജിന്റെ ഇ സ്കൂട്ടർ വിപണിലുള്ളത്: അടിസ്ഥാന പതിപ്പായ ‘അർബനും’ മുന്തിയ വകഭേദമായ ‘പ്രീമിയ’വും. ‘അർബ’ന് പുണെ ഷോറൂമിൽ 1.42 ലക്ഷം രൂപയാണു വില; ‘പ്രീമിയം’ സ്വന്തമാക്കാൻ 1.44 ലക്ഷം രൂപ മുടക്കണം.
സ്കൂട്ടറിലെ 3.8 കിലോവാട്ട് അവർ മോട്ടോറിനു കരുത്തേകുന്നത് മൂന്നു കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയോൺ ബാറ്ററി പായ്ക്കാണ്. ഇകോ മോഡിൽ ഒറ്റ ചാർജിൽ 95 കിലോമീറ്റർ പിന്നിടാൻ ‘ചേതക്കി’നു പ്രാപ്തിയുണ്ടെന്നാണു ബജാജ് ഓട്ടോയുടെ അവകാശവാദം. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗവും ഈ സ്കൂട്ടറിനു കമ്പനി വാഗ്ദാനം ചെയ്യുന്നു. സീറ്റിനടിയിലുള്ള ബിൽറ്റ് ഇൻ ചാർജർ ഉപയോഗിച്ച് അഞ്ച് ആംപിയർ പവർ സോക്കറ്റിൽ നിന്നു ‘ചേതക്കി’ലെ ബാറ്ററി ചാർജ് ചെയ്യാം.
‘ചേതക്’ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ഈ ഒക്ടോബറോടെ പുതിയ സ്കൂട്ടർ കൈമാറാനാവുമെന്ന പ്രതീക്ഷയിലാണു ബജാജ് ഓട്ടോ. നവരാത്രി — ദീപാവലി ഉത്സവാഘോഷങ്ങൾക്കു മുമ്പ് ഉടമസ്ഥർക്കു പുതിയ സ്കൂട്ടർ കൈമാറാനാണു കമ്പനിയുടെ ശ്രമം.കഴിഞ്ഞ ഏപ്രിൽ 13ന് ‘ചേതക്’ സ്കൂട്ടറിനുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാൽ ആവശ്യക്കാരേറിയതോടെ 48 മണിക്കൂറിനു ശേഷം ബജാജ് ബുക്കിങ് നിർത്തിവയ്ക്കുകയായിരുന്നു.
English Summary: Bajaj Chetak to go on Sales In Nagpur