6 മാസം, 11265 കി.മീ: ചാൾസ് രാജകുമാരന്റെ ടെസ്ല മോഡൽ എസ് വിൽപനയ്ക്ക്
Mail This Article
തികഞ്ഞ പരിസ്ഥിതി സ്നേഹിയും ബ്രിട്ടീഷ് രാജകുടുംബാംഗവുമായ ചാൾസ് രാജകുമാരന് ഉപയോഗിക്കാനായി യുഎസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല നൽകിയ ‘മോഡൽ എസ്’ വിൽപനയ്ക്കെത്തുന്നു. ആറു മാസത്തോളം ചാൾസ് രാജകുമാരന്റെ പക്കലായിരുന്ന 2021 മോഡൽ കാർ ഇതിനോടകം ഓടിയ ദൂരം 7,000 മൈൽ(ഏകദേശം 11,265 കിലോമീറ്റർ) ആണ്.
രാജകുടുംബം ഉപയോഗിച്ച കാറെന്ന നിലയിൽ പ്രത്യേക പ്രീമിയം നിരക്കൊന്നും ഈടാക്കാതെയാവും ഈ ‘മോഡൽ എസ്’ ലേലത്തിനെത്തുക; 82,500 പൗണ്ട്(ഏകദേശം 85.16 ലക്ഷം രൂപ) ആണു തീർത്തും മലിനീകരണ വിമുക്തമായ കാറിനു പ്രതീക്ഷിക്കുന്ന വില. മണിക്കൂറിൽ പരമാവധി 249 കിലോമീറ്റർ വരെ വേഗമുള്ള ‘മോഡൽ എസി’ന് ഒറ്റ ചാർജിൽ 651 കിലോമീറ്റർ വരെ ഓടാനുമാവുമെന്നാണു ടെസ്‌ലയുടെ വാഗ്ദാനം. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 3.1 സെക്കൻഡിലാണു കാർ മണിക്കൂറിൽ 96 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക.
വൈദ്യുത വാഹനത്തിന്റെ മേന്മകൾ ഉപയോഗിച്ചറിയാൻ വേണ്ടിയാണ് ടെസ്‌ല ഈ പുത്തൻ ‘മോഡൽ എസ്’ ചാൾസ് രാജകുമാരനു കൈമാറിയത്. ഇതിനു പുറമെ വൈദ്യുത കാറായ ജഗ്വാർ ‘ഐ പെയ്സും’ രാജകുമാരന്റെ പക്കലുണ്ടായിരുന്നു. വൈദ്യുത വാഹനങ്ങളോടു പ്രത്യേക പ്രതിപത്തിയുള്ള ചാൾസ് രാജകുമാരൻ ആദ്യം നിശ്ചയിച്ചതിലുമേറെ കാലം ഉപയോഗിച്ച ശേഷമാണ് ഈ ‘മോഡൽ എസ്’ ടെസ്‌ലയ്ക്കു തിരിച്ചു കൊടുക്കുന്നത്. യു കെയിൽ പുതിയ ‘മോഡൽ എസ്’ ലഭിക്കാൻ വർഷാവസാനത്തോളം കാത്തിരിക്കേണ്ട സാഹചര്യമാണ്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നു പുറത്തുകടക്കുന്ന ഈ ‘മോഡൽ എസി’ന് ആവശ്യക്കാരേറുമെന്നാണു വിലയിരുത്തൽ. നിലവിൽ വീ ബൈ സൂപ്പർ കാഴ്സ് ഡോട്ട് കോമിന്റെ പക്കലുള്ള ‘മോഡൽ എസ്’, ആഡംബര കാർ വ്യാപാരികളായ കാസ്ൽ മോട്ടോഴ്സ് വഴിയാണു വിൽപ്പനയ്ക്കെത്തുക.
‘മോഡൽ എസി’ന്റെ കരുത്തുറ്റ പതിപ്പായ ‘മോഡൽ എസ് പ്ലെയ്ഡ്’ അടുത്തയിടെ ടെസ്‌ല പുറത്തിറക്കിയിരുന്നു; ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കാർ എന്ന അവകാശവാദത്തോടെയാണു ടെസ്‌ല ഈ കാർ അവതരിപ്പിച്ചത്. ‘പോർഷെ’യുടെ സ്പോർട്സ് കാറുകളേക്കാൾ വേഗവും ‘വോൾവോ’യുടെ കാറുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതത്വവുമാണ് ‘മോഡൽ എസ് പ്ലെയ്ഡി’ൽ ടെസ്‌ല വാഗ്ദാനം ചെയ്യുന്നത്. 1,020 ബി എച്ച് വി വരെ സൃഷ്ടിക്കുന്ന പവർ ട്രെയ്ൻ സഹിതമെത്തുന്ന കാറിനു ടെസ്ല വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 321 കിലോമീറ്ററാണ്. നിശ്ചലാവസ്ഥയിൽ നിന്നു വെറും രണ്ടു സെക്കൻഡിൽ മണിക്കൂറിൽ 96 കിലോമീറ്റർ വേഗം കൈവരിക്കുന്ന കാറിനു വില 1,29,990 ഡോളർ(ഏകദേശം 96.87ലക്ഷം രൂപ) ആണ്.
English Summary: 2021 Tesla Model S used by UK's Prince Charles goes on sale