ടൊയോട്ടയുടെ എർട്ടിഗ, ഇന്ത്യയിൽ റൂമിയൻ എന്ന പേര് റജിസ്റ്റർ ചെയ്ത് കമ്പനി
Mail This Article
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ പ്രദർശിപ്പിച്ച് എർട്ടിഗയുടെ ബാഡ്ജ് എൻജിനീയറിങ് പതിപ്പ് ഇന്ത്യയിലും പുറത്തിറക്കാൻ ടൊയോട്ട. ടൊയോട്ടയ്ക്കായി മാരുതി സുസുക്കി നിർമിച്ചു നൽകുന്ന എംപിവിയുടെ ദക്ഷിണാഫ്രിക്കൻ പേര് റൂമിയൻ എന്നാണ്. ഇതേ പേരിൽ തന്നെയായിരിക്കും പുതിയ എംപിവിയും ടൊയോട്ട പുറത്തിറക്കുക. ഇതിനായി ഇന്ത്യയിൽ റൂമിയൻ എന്ന പേര് ട്രെയ്ഡ് മാർക്കിന് ടൊയോട്ട സമർപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ എന്നാണ് വാഹനം പുറത്തിറങ്ങുക എന്നതിൽ വ്യക്തതയില്ല. ഇതോടെ മാരുതി സുസുക്കിയിൽ നിന്നു കടമെടുത്ത് ടൊയോട്ട വിൽപനയ്ക്കെത്തിക്കുന്ന മോഡലുകളുടെ എണ്ണം മൂന്നാകും. നിലവിൽ പ്രീമിയം ഹാച്ച്ബാക്കായ ബലെനോയെ ഗ്ലാൻസ എന്ന പേരിലും കോംപാക്ട് എസ‌്‌യുവിയായ വിറ്റാര ബ്രേസയെ അർബൻ ക്രൂസർ എന്ന പേരിലും ടൊയോട്ട വിപണിയിലെത്തിച്ചിട്ടുണ്ട്.
എർട്ടിഗയിൽ നിന്നു കാഴ്ചയിൽ കാര്യമായ വ്യത്യാസമൊന്നുമില്ലാതെയാണ് ടൊയോട്ട റൂമിയന്റെ വരവ്. സാങ്കേതിക വിഭാഗത്തിലും മാറ്റമൊന്നുമില്ല. റൂമിയനു കരുത്തേകുന്നത് എർട്ടിഗയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ്. 6,000 ആർപിഎമ്മിൽ 103 ബി എച്ച്പി വരെ കരുത്തും 4400 ആർപിഎമ്മിൽ 138 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ എർട്ടിഗയുടെ ടൊയോട്ട പതിപ്പ് വിൽപനയ്ക്കെത്തുമോ എന്നതിൽ വ്യക്തതയുമില്ല.
English Summary: Ertiga Based Toyota Rumion MPV Trademarked in India