കാറുകളിലെ സുന്ദരിപ്പട്ടം നേടി ഔഡി ഇ ട്രോൺ ജി ടി
Mail This Article
സാങ്കേതികമികവിലെന്ന പോലെ കാഴ്ചപ്പകിട്ടിനും അംഗീകാരം നേടി ഔഡിയുടെ ഇ ട്രോൺ ജി ടി. ജർമനിയിലെ ഗോൾഡെനെസ് ലെങ്ക്റാഡ് (അഥവാ ഗോൾഡൻ സ്റ്റീയറിങ് വീൽ) അവാർഡ് പ്രഖ്യാപനത്തിലാണ് ‘ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാറി’നുള്ള 2021ലെ പുരസ്കാരം ഔഡിയുടെ ‘ഇ ട്രോൺ ജി ടി’ സ്വന്തമാക്കിയത്. അഴകുവഴിയുന്ന ഏറോഡൈനമിക് രൂപവും പ്രകടമായ ഗ്രില്ലും പകിട്ടേറിയ എൽ ഇ ഡി ഹെഡ്ലൈറ്റ് യൂണിറ്റും ടർബൈനിനെ അനുസ്മരിപ്പിക്കുന്ന അലോയ് ഡിസൈനുമൊക്കെ ചേർന്നാണ് ‘ഇ ട്രോൺ ജി ടി’യെ അത്യാകർഷകമാക്കുന്നത്.
‘സ്പോർട്ടി’ എന്നു വിളംബരം ചെയ്യുന്ന ഈ കാഴ്ചപ്പകിട്ടിന്റെ പിൻബലത്തിലാണ് ഔഡി ‘ഇ ട്രോൺ ജി ടി’ 69 എതിരാളികളെ പിന്തള്ളി ‘ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാർ’ എന്ന സൗന്ദര്യപ്പട്ടം സ്വന്തമാക്കിയത്. ജർമൻ ഓട്ടമൊബീൽ മാസികയായ ഓട്ടോ ബിൽഡും അവരുടെ യൂറോപ്യൻ പതിപ്പുകളും ബിൽഡ് ആം സോൺടാഗ് പത്രവും വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്. 12 വിഭാഗങ്ങളിലായി 70 മോഡലുകളായിരുന്നു വിവിധ അവാർഡുകൾക്കായി മത്സരിച്ചത്; ഇതിൽ ‘ഭംഗിയേറിയ കാറി’നുള്ള മത്സരഫലം മാത്രമാണു വായനക്കാരുടെ വോട്ടുകളുടെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ടത്.
‘ഭംഗിയുള്ള കാറി’നു പുറമെ ഗോൾഡൻ സ്റ്റീയറിങ് വീൽ അവാർഡിൽ ‘ജർമൻ കാർ ഓഫ് ദ് ഇയർ 2022’ പുരസ്കാരവും ഔഡി ‘ഇ ട്രോൺ ജി ടി’ സ്വന്തമാക്കി. 2026 മുതൽ വൈദ്യുത മോഡലുകൾ മാത്രം അവതരിപ്പിക്കുമെന്നു പ്രഖ്യാപിച്ച ഔഡിയുടെ ആദ്യ ഇ വിയായ ‘ഇ ട്രോൺ ജി ടി’ നിരത്തിലെത്തിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഔഡിയുടെ ‘ഇ ട്രോൺ ജി ടി’ ഇന്ത്യയിലും വിൽപ്പനയ്ക്കുണ്ട്; 1.79 കോടി രൂപയാണു കാറിന്റെ ഷോറൂം വില.
ഇതിനു പുറമെ ‘ഇ ട്രോണി’ന്റെ സഞ്ചാര പരിധി(റേഞ്ച്) ഉയർത്താൻ സോഫ്റ്റ്വെയർ പരിഷ്കാരങ്ങളും ഔഡി അടുത്തയിടെ അവതരിപ്പിച്ചിരുന്നു. ‘ഇ ട്രോൺ ക്വാട്രൊ’യുടെ സഞ്ചാര പരിധിയിൽ 20 കിലോമീറ്ററിന്റെ വർധനയാണ് സോഫ്റ്റ്വെയർ പരിഷ്കാരത്തിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്; വാഹനത്തിന്റെ ‘റേഞ്ചി’ൽ അഞ്ചു ശതമാനത്തോളം വർധനയാണിത്.
രണ്ടു പവർ ട്രെയ്ൻ സാധ്യതകളോടെയാണ് ‘ഇ ട്രോൺ’ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്: 71 കിലോവാട്ട് അവർ ബാറ്ററി പായ്ക്കുള്ള ‘50 ക്വാട്രൊ’യും 95 കിലോവാട്ട് അവർ പായ്ക്കുള്ള ‘55 ക്വാട്രൊ’യും. ശേഷി കുറഞ്ഞ ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 264 മുതൽ 379 കിലോമീറ്റർ വരെയും ശേഷിയേറി ബാറ്ററിക്ക് ഓരോ ചാർജിലും 359 മുതൽ 484 കിലോമീറ്റർ വരെയുമാണ് ഔഡി വാഗ്ദാനം ചെയ്യുന്ന ‘റേഞ്ച്’.
English Summary: The World's Most Beautiful Car is German