ADVERTISEMENT

ലഡാക്കിലേക്കുള്ള റോഡ് ട്രിപ്പിനിടെ ബൈക്ക് പഞ്ചറായി വഴിയില്‍ കുടുങ്ങി പോവുക. പലരോടും സഹായം അഭ്യര്‍ഥിച്ച ശേഷം ഒടുവില്‍ ഒരു റൈഡര്‍ സഹായിക്കാന്‍ തയാറാവുക. അതിനൊക്കെ ശേഷം ഹെല്‍മെറ്റ് ഊരിയപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് തന്നെയാണ് തന്നെ സഹായിച്ചതെന്ന് ഞെട്ടലോടെ തിരിച്ചറിയുക. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു സിനിമയിലെ രംഗം പോലെ തോന്നുന്നുണ്ട് മജു കശ്യപിന് തന്റെ ലഡാക്ക് യാത്ര. 

 

ലഡാക്കിലെ വെല്ലുവിളികള്‍ നിറഞ്ഞ ഹിമാലയന്‍ പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെയാണ് ടയറുകളില്‍ ഒന്ന് പഞ്ചറായത്. വഴിയോരത്ത് വാഹനം ഒതുക്കി നിര്‍ത്തി സഹായം തേടുന്നതിനിടെ ഒരു ബിഎംഡബ്ല്യു ആര്‍ 1250 നിര്‍ത്തി. ടയറിലെ എയര്‍ നിറക്കാന്‍ എയര്‍ കംപ്രസര്‍ ഉണ്ടോയെന്നായിരുന്നു ബൈക്കറോട് മജു ആദ്യം ചോദിച്ചത്. തന്റെ കയ്യില്‍ എയര്‍ കംപ്രസര്‍ ഇല്ലെന്നും എന്നാല്‍ പിന്നാലെ വരുന്ന കാറില്‍ അതുണ്ടെന്നുമായിരുന്നു റൈഡറുടെ മറുപടി. പത്തു മിനിറ്റ് കഴിഞ്ഞാല്‍ കാറെത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

കാറുവരുന്നതുവരെയുള്ള സമയത്ത് ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. അതിനിടെ ബിഎംഡബ്ല്യു റൈഡര്‍ ഹെല്‍മറ്റ് ഊരി സ്വയം പരിചയപ്പെടുത്താനൊരുങ്ങിയപ്പോഴാണ് മജു ശരിക്കും ഞെട്ടിയത്. തന്നെ സഹായിക്കാന്‍ എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരമായ അജിത്താണെന്ന് അറിഞ്ഞതോടെയായിരുന്നു ഞെട്ടലുണ്ടായത്. അപ്പോഴേക്കും പിന്നാലെ വന്നിരുന്ന കാറെത്തുകയും പഞ്ചറൊട്ടിച്ച് ബൈക്കിലെ ടയര്‍ ശരിയാക്കുകയും ചെയ്തു. 

 

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ അജിത്തിനൊപ്പം പിന്നീട് കുറച്ചു മണിക്കൂറുകള്‍ കൂടി മജു ഒരുമിച്ച് ബൈക്ക് ഒാടിച്ചു. പിന്നീട് മജുവിന്റെ ക്ഷണം സ്വീകരിച്ച് റോഡരികിലെ ചായക്കടയില്‍ നിന്നു അജിത് ചായയും കുടിച്ചു. ഇതിനിടെ തന്റെ റോഡ് ട്രിപ്പിന്റെ വിശദാംശങ്ങള്‍ അജിത്തും മജുവും പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. വേര്‍പിരിയാന്‍ നേരം യാത്രക്ക് ശുഭ ആശംസകള്‍ കൂടി പറഞ്ഞാണ് മജുവിനെ തല അജിത് യാത്രയാക്കിയത്. 

 

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായിട്ടു കൂടി അജിത് പ്രകടിപ്പിച്ച ലാളിത്യം ഞെട്ടിച്ചുവെന്നാണ് പിന്നീട് മജു സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. അജിത്തിനൊപ്പമുള്ള സെല്‍ഫിയുടെ ചിത്രവും മജു പോസ്റ്റു ചെയ്തിട്ടുണ്ട്. അജിത്തിനെ കണ്ടതും പരിചയപ്പെട്ടതുമായ സംഭവങ്ങളെല്ലാം മജു ഇന്‍സ്റ്റഗ്രാമില്‍ വിശദമായി എഴുതിയിട്ടുമുണ്ട്. 

 

സിനിമാ താരം എന്നതിനൊപ്പം കടുത്ത വാഹന പ്രേമി കൂടിയാണ് അജിത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ബൈക്കിലെ റോഡ് ട്രിപ്പുകള്‍ നേരത്തേ വാര്‍ത്തയായിട്ടുണ്ട്. ബി.എം.ഡബ്ല്യു ആര്‍ 1250 ജിഎസ്എക്ക് പുറമേ ബിഎംഡബ്ല്യു എസ് 1000ആര്‍ആര്‍, അപ്രിലിയ കാപനോര്‍ഡ് 1200, ബിഎംഡബ്ല്യു കെ 1300 എസ്, കാവസാക്കി നിന്‍ജ സെഡ്എക്‌സ്- 14ആര്‍ തുടങ്ങി പല സൂപ്പര്‍ ബൈക്കുകളും അജിത്തിന്റെ പക്കലുണ്ട്. ബി.എം.ഡബ്ല്യു 7 സീരീസ്, ഫെരാരി 458 ഇറ്റാലിയ, ഹോണ്ട അക്കോര്‍ഡ് വി 6 തുടങ്ങിയ സൂപ്പര്‍കാറുകളും 'തല'യുടെ ഗാരേജിലുണ്ട്.

 

English Summary: Ajith Kumar Helps Biker Stranded In Himalayas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com