ഇലക്ട്രിക് ആറ്റോ മുതൽ ഇന്നോവ ഹൈക്രോസ് വരെ; ഉടൻ വിപണിയിലെത്തുന്ന എസ്‌യുവികൾ
Mail This Article
2022 അവസാന മാസങ്ങളിലേക്ക് കടക്കുകയാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ എസ്‌യുവികൾ വിപണിയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് പല വാഹന നിർമാതാക്കളും. ബിഎംഡബ്ല്യു, മെഴ്സിഡീസ് ബെന്‍സ്, ബിവൈഡി, ജീപ്പ്, എംജി എന്നിങ്ങനെ പല പ്രധാന കമ്പനികളും എസ്‌യുവികളുമായി നിരന്നു നില്‍പുണ്ട്. ഈ വര്‍ഷം വിപണിയിലെത്തുന്ന എസ്‌യുവികളില്‍ പത്തെണ്ണത്തെ പരിചയപ്പെടാം.
1 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി
തങ്ങളുടെ ഫ്ളാഗ്ഷിപ് എസ്‌യുവിയായ ഗ്രാന്‍ഡ് ചെറോക്കി നവംബര്‍ 11ന് ജീപ് അവതരിപ്പിക്കും. റാഗ്ലറിനും കോംപാസിനും മെറിഡിയനും ശേഷം ഇന്ത്യയില്‍ത്തന്നെ അസംബിള്‍ ചെയ്യുന്ന എസ്‌യുവിയായിരിക്കും ഇത്. ഈ മോഡലില്‍ 2.0 ലീറ്റര്‍ പെട്രോള്‍ എൻജിന്‍ മാത്രമാണ് ഉണ്ടാവുക. ഓട്ടോ, സ്പോര്‍ട്സ്, മഡ് ഓർ സാൻഡ്, സ്നോ എന്നിങ്ങനെ നാലു ഡ്രൈവിങ് മോഡുകളാണ് ഗ്രാന്‍ഡ് ചെറോക്കിയിലുള്ളത്. ഫോര്‍ വീല്‍ ഡ്രൈവും 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമുള്ള എസ്‌യുവിയാവും ഇത്.
2 ബിവൈഡി ആറ്റോ 3
ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ ഇലക്ട്രിക് എസ്‌യുവി ആറ്റോ 3യും നവംബറില്‍ത്തന്നെ വിപണിയിലെത്തും. ഇതുവരെ വില പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ വിപണിയിലെത്തുന്ന ഇ6 എംപിവിക്ക് ശേഷമുള്ള രണ്ടാമത്തെ ബിവൈഡി ഇലക്ട്രിക് വാഹനമാണിത്. 60.48 കിലോവാട്ടിന്റെ ബാറ്ററിയാണ് ആറ്റോ 3യില്‍ ഉള്ളത്. ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. മാഗ്‌നെറ്റ് സിന്‍ക്രോണസ് ഇലക്ട്രിക് മോട്ടറിന് 201 എച്ച്പിയും പരമാവധി 310 ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാനാവുക.
3 ടൊയോട്ട ഇന്നോവ ഹൈക്രോസ്
ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസാണ് നവംബറില്‍ പുറത്തിറങ്ങുന്ന മറ്റൊരു എസ്‌യുവി. നിലവിലെ ഇന്നോവ എംപിവിയാണെങ്കിലും പുതിയ മോഡൽ ക്രോസ് ഓവർ ആയിട്ടായിരിക്കും എത്തുക. ഇന്തൊനീഷ്യ അടക്കമുള്ള വിദേശ വിപണിയിലും ടൊയോട്ട ഈ വാഹനം പുറത്തിറക്കും. എന്നാല്‍ അവിടെ ഇന്നോവ സെനിക്സ് എന്നാവും പേരെന്നാണ് സൂചന. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് മോഡലുകളില്‍ ഹൈക്രോസ് ലഭ്യമായേക്കും. മിഡ് സൈസ് എസ്‌യുവിയായ ഹൈറൈഡറിന് സമാനമായ രീതിയായിരിക്കും ഇക്കാര്യത്തില്‍ ടൊയോട്ട സ്വീകരിക്കുകയെന്നാണ് കരുതപ്പെടുന്നത്.
4 പ്രവെയ്ഗ് ഇലക്ട്രിക് എസ്‌യുവി
ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ പ്രവെയ്ഗ് പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‌യുവിയാണ് പ്രവെയ്ഗ് ഇലക്ട്രിക് എസ്‌യുവി. നവംബര്‍ 25ന് പുറത്തിറങ്ങുന്ന വാഹനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും പുറത്തുവിട്ട വിവരങ്ങള്‍ തന്നെ ആകര്‍ഷിക്കുന്നതാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന ഈ ഇലക്ട്രിക് എസ്‌യുവിക്ക് ഒരൊറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നും പ്രവെയ്ഗ് അറിയിച്ചിരുന്നു. ഫാസ്റ്റ് ചാര്‍ജിങ് അടക്കമുള്ള സൗഹകര്യങ്ങളും ഈ വാഹനത്തിലുണ്ടാവും.
5 എംജി ഹെക്ടര്‍
മുഖം മിനുക്കി എംജി ഹെക്ടര്‍ നവംബറില്‍ എത്തും. മുന്‍ഭാഗത്തെ ഗ്രില്ലുകളില്‍ അടക്കം മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തു വന്ന ചിത്രങ്ങള്‍ കാണിക്കുന്നത്. ഹെഡ്‌ലാംപുകളിലും ബംപറുകളിലും മാറ്റമുണ്ട്. 14 ഇഞ്ച് ഇന്‍ഫോടെയിൻമെന്റ് സംവിധാനം പുതിയ ഹെക്ടറിലുമുണ്ടാവും. എന്നാല്‍ എൻജിന്‍ അടക്കമുള്ള ഉള്‍ഭാഗത്ത് ഒരു മാറ്റവുമുണ്ടാവില്ല.
6 മെഴ്‌സിഡീസ് ബെന്‍സ് ഇക്യുബി
മെഴ്‌സിഡീസ് ബെന്‍സിന്റെ സെവന്‍ സീറ്റര്‍ ഇക്യുബി ഇലക്ട്രിക് എസ്‌യുവി ഡിസംബറിലായിരിക്കും ഇന്ത്യയില്‍ പുറത്തിറങ്ങുക. ഇക്യുസിക്കും ഇക്യുഎസിനും ശേഷം ഇന്ത്യയിലെത്തുന്ന മെഴ്‌സിഡീസ് ബെന്‍സിന്റെ മൂന്നാമത്തെ ഇലക്ട്രിക് എസ്‌യുവിയാണ് ഇക്യുബി. ഇന്ത്യന്‍ മോഡലിന്റെ കൂടുതല്‍ സവിശേഷതകള്‍ മെഴ്‌സിഡീസ് പുറത്തുവിട്ടിട്ടില്ല.
7 മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍ബി
മെഴ്‌സിഡീസ് ബെന്‍സ് തങ്ങളുടെ ജിഎല്‍ബി എസ്‌യുവി ഇന്ത്യയില്‍ ഡിസംബര്‍ ആദ്യം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎല്‍എസിന് ശേഷം ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന മെഴ്‌സിഡീസിന്റെ രണ്ടാമത്തെ സെവന്‍ സീറ്റര്‍ എസ്‌യുവിയായിരിക്കും ഇത്. ഡുവല്‍ 10.25 ഇന്‍ഫോടെയിന്‍മെന്റ്, പനോരമിക് സണ്‍റൂഫ്, നിരക്കി മാറ്റാവുന്ന പിന്‍നിര സീറ്റുകള്‍, വോയ്‌സ് കമാന്‍ഡ് എന്നിങ്ങനെ പല ഫീച്ചറുകളും ജിഎല്‍എയില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നതായിരിക്കും. 2.0 ഡീസല്‍ എൻജിന്‍ 8 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, 1.7 ലീറ്റര്‍ പെട്രോള്‍ എൻജിന്‍ 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ രണ്ടു രീതിയിലുള്ള മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാകും.
8 ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെ
നിലവിലെ ഉറുസ് സൂപ്പര്‍ എസ്‌യുവി മുഖം മിനുക്കി ഉറുസ് പെര്‍ഫോമന്റെയായി വിപണിയിലേക്കെത്തും. പുതിയ മോഡലിന് 47 കിലോഗ്രാം ഭാരം കുറവായിരിക്കും. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എൻജിനാണ് ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെയുടെ കരുത്ത്. 666 എച്ച്പിയും 850 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ കരുത്തുള്ള വാഹനത്തിനാവും.
9 ബിഎംഡബ്ല്യു എക്‌സ് 7
എക്‌സ് 7 എസ്‌യുവി മുഖം മിനുക്കി ബിഎംഡബ്ല്യുവും ഡിസംബറില്‍ നിരത്തിലിറക്കും. മുന്‍ഭാഗത്തും ഹെഡ്‌ലാംപിലുമായിരിക്കും പ്രധാന മാറ്റങ്ങള്‍. ഉള്ളില്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റങ്ങളിലും മാറ്റമുണ്ടാവും. പുതിയ എക്‌സ് 7ല്‍ ടച്ച് സ്‌ക്രീനിന്റെ വലുപ്പം 14.9 ഇഞ്ചായി മാറും. xDrive 40i, xDrive30d എന്നിങ്ങനെ രണ്ട് മോഡലുകളില്‍ എക്‌സ് 7 ലഭ്യമായിരിക്കും. ആദ്യത്തെ മോഡലിന് 380എച്ച്പി കരുത്തും പെട്രോള്‍ എൻജിനുമാണെങ്കില്‍ രണ്ടാമത്തെ മോഡലിന് 352 എച്ച്.പി കരുത്തും സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എൻജിനുമായിരിക്കും ഉണ്ടാവുക. രണ്ടു മോഡലുകളിലും 8 സ്പീഡ് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവും ഉണ്ടായിരിക്കും.
10 ബിഎംഡബ്ല്യു എക്‌സ്എം
ഡിസംബര്‍ രണ്ടാം വാരത്തിലായിരിക്കും ബിഎംഡബ്ല്യു എക്‌സ്എം ഇന്ത്യന്‍ വിപണിയിലേക്കെത്തുക. 4.4 ലീറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എൻജിനും സിംഗിള്‍ ഇലക്ട്രിക് മോട്ടറും ചേര്‍ന്നുള്ള ഹൈബ്രിഡ് വാഹനമായിരിക്കും ഇത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു എക്‌സ്എമ്മിലുണ്ടാവുക. 653hp കുതിരശക്തിയും പരമാവധി 800Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ വാഹനത്തിനാവും. വൈദ്യുതിയില്‍ മാത്രം ഓടുന്ന ഇ.വി മോഡലും എക്‌സ്.എമ്മിനുണ്ടാവും. എന്നാല്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മാത്രമായിരിക്കും വൈദ്യുതി കാറിന്റെ മൈലേജ്.
English Summary: Upcoming SUV's In Indian Market