21.1 കി.മീ ഇന്ധനക്ഷമത, സണ്‍റൂഫ്; ഹൈക്രോസിന്റെ ഉയർന്ന മോഡലിന് മികച്ച ബുക്കിങ്
Mail This Article
കഴിഞ്ഞ നവംബര്‍ 25 നാണ് ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചത്. രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ വലിയ പ്രതികരണമാണ് ഹൈക്രോസിന് ലഭിക്കുന്നത്. ഹൈക്രോസിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ മികച്ച ബുക്കിങ് ലഭിച്ചിരുന്നു. ബുക്ക് ചെയ്തവർക്ക് വാഹനം കിട്ടാന്‍ ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും.
ടൊയോട്ട ഹൈക്രോസിന്റെ ZX, ZX(O) ഉയര്‍ന്ന മോഡലുകള്‍ക്കാണ് കൂടുതല്‍ ബുക്കിങ് ലഭിച്ചതെന്നാണ് ടൊയോട്ട പറയുന്നത്. ഏകദേശം മുപ്പത് ലക്ഷം രൂപ വരെയായിരിക്കും പ്രതീക്ഷിക്കുന്ന വില. ഈ മോഡലുകളില്‍ മാത്രമാണ് 2.0 ലീറ്റര്‍ ഹൈബ്രിഡ് എൻജിനുള്ളത്. ഹൈബ്രിഡ് സാങ്കേതികവിദ്യയെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചു തുടങ്ങിയെന്നതിന്റെ സൂചന കൂടിയാണ് ഇതെന്നാണ് ടൊയോട്ട പറയുന്നത്. പനോരമിക് സണ്‍ റൂഫും വെന്റിലേറ്റഡ് മുന്‍ സീറ്റുകളും ഉയര്‍ന്ന മോഡലുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ടൊയോട്ട ആദ്യമായാണ് ഇന്നോവയ്ക്ക് സണ്‍റൂഫ് സൗകര്യം ഏർപ്പെടുത്തുന്നത്. ഹൈബ്രിഡ് സാങ്കേതിക വിദ്യയായതിനാല്‍ തന്നെ ലീറ്ററിന് 21.1 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുമുണ്ട്.
ഇന്നോവ ഹൈക്രോസിന്റെ വെളുപ്പ്, കറുപ്പ് നിറങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്നും ഡീലര്‍മാര്‍ അറിയിക്കുന്നു. ഇതില്‍ തന്നെ വെളുപ്പിനാണ് കൂടുതല്‍ ആവശ്യക്കാര്‍. ഹൈക്രോസിന്റെ കറുപ്പ് നിറം പ്രത്യേകതകളുള്ളതാണ്. വശങ്ങളില്‍നിന്നു നോക്കുമ്പോള്‍ നീലയായും പച്ചയായുമൊക്കെ ഈ കറുപ്പു നിറം തോന്നിപ്പിക്കും.
G, GX, VX, ZX, ZX (O) എന്നീ മോഡലുകളാണ് ഇന്നോവ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ G, GX മോഡലുകളില്‍ 172 എച്ച്പി, 2.0 ലീറ്റര്‍ എൻജിനാണ്. ശേഷി കൂടിയ VX, ZX, ZX (O) മോഡലുകളിലാവട്ടെ 186 എച്ച്പി, 2.0 ലീറ്റര്‍ ഹൈബ്രിഡ് എൻജിനും നല്‍കിയിരിക്കുന്നു. രണ്ട് എൻജിനുകളും ഫ്രണ്ട് വീല്‍ ഡ്രൈവാണ്. എല്ലാത്തിലും ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. G, GX, VX മോഡലുകളിള്‍ ഏഴ്, എട്ട് സീറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ZX, ZX (O) വേരിയന്റുകളില്‍ ഏഴ് സീറ്റ് മാത്രമാണുള്ളത്.
അരലക്ഷം രൂപയാണ് ഹൈക്രോസ് മോഡലുകളുടെ ബുക്കിങ് ചാര്‍ജ്. 2023 ജനുവരിയില്‍ ഹൈക്രോസിന്റെ വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. 22 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെയാവും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഹീന്ദ്ര എക്‌സ്‌യുവി 700, ടാറ്റ സഫാരി എന്നിവയില്‍ നിന്നാവും ഹൈക്രോസ് മത്സരം നേരിടേണ്ടി വരിക.
English Summary: Toyota Innova Hycross Top Variants Getting Most Bookings