മഹിയുടെ പുതിയ ‘സീരിയസ്’ഹോബി; ട്രാക്ടർ ഓടിക്കാൻ പഠിക്കുന്നു!
Mail This Article
മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക ആമുഖം ആവശ്യമൊന്നുമില്ല. ധോണി എന്നു കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് ഹെലികോപ്റ്റർ ഷോട്ടുമായി മൈതാനത്ത് ഇറങ്ങുന്ന താരത്തെയാണ്. വാഹനപ്രേമികൾക്ക് ബൈക്കുകളും കാറുകളും കലക്ട് ചെയ്യുന്ന പ്രിയ താരമാണ് അദ്ദേഹം. എന്നാൽ കർഷക മേഖലയിൽ അദ്ദേഹത്തിന്റെ പേരു കേൾക്കുമ്പോൾ മിക്കവരും ചെറുതായെങ്കിലും ഒന്നു ഞെട്ടാതിരിക്കില്ല.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഐക്കോണിക് ബാറ്റ്സ്മാനുമായ ധോണി കൃഷിയുമായി ബന്ധപ്പെട്ട് കളത്തിലിറങ്ങുന്നു എന്നതിനു തെളിവാണ് ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന ഒരു വിഡിയോ. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ സ്വയം ഒരു ട്രാക്ടർ ഓടിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. റാഞ്ചി ജാർഖണ്ഡിനു സമീപത്തെ അദ്ദേഹത്തിന്റെ ഫാംഹൗസ് തന്നെയാണ് ദൃശ്യങ്ങളിൽ ഉള്ളത്.
‘ഔട്ട്‌ലൈൻഡ്’ എന്ന യൂട്യൂബ് ചാനലിൽ പൂർണ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഫാംഹൗസിനു സമീപത്തെ പ്രദേശത്ത് കാർഷിക ആവശ്യത്തിന് സ്ഥലം ഒരുക്കുന്നതിനായി അദ്ദേഹം സ്വയം വാഹനം ഓടിക്കുന്നതാണ് ദൃശ്യത്തിനുള്ളത്. ഏറെ ആയാസപ്പെട്ട് തന്നെയാണ് അദ്ദേഹം ട്രാക്ടർ കൈകാര്യം ചെയ്യുന്നത്. നിലം ഒരുക്കുന്നതിന് ആവശ്യമായ വ്യത്യസ്ത യന്ത്ര സാമഗ്രികൾ ഘടിപ്പിച്ച വിവിധ ദൃശ്യങ്ങളും വിഡിയോയിൽ കാണാം.
കാഴ്ചകൾ കണ്ട് അമ്പരന്നിരിക്കുന്ന വാഹനപ്രേമികൾക്ക് ട്രാക്ടറിനെക്കുറിച്ചും കൗതുകം തോന്നാം. സ്വരാജ് 963 എഫ്ഇ ട്രാക്ടറാണ് അദ്ദേഹം കാർഷിക ആവശ്യത്തിനായി ഉപയോഗിക്കുന്നത്. കാർഷികമേഖലയിലെ ഏറ്റവും പ്രിയമേറിയ ട്രാക്ടർ മോഡലാണ് ഇത്. കോസ്റ്റ് ഇഫക്ടീവ് ട്രാക്ടറുകളിൽ ഒന്നാം സ്ഥാനത്താണ് 963 എഫ്ഇ എന്ന മോഡൽ. കരുത്തേറിയതും ഒരേസമയം ഇന്ധനക്ഷമത ഉയർന്നതുമായ മോഡൽ എൻജിനാണ് 963 എഫ്ഇ മോഡലിലുള്ളത്. 3 സിലിണ്ടർ 3478 സിസി എൻജിനാണ് വാഹനത്തിലുള്ളത്. 60 എച്ച്പിയാണ് വാഹനത്തിന്റെ പരമാവധി കരുത്ത്. ഡിഫറൻഷ്യൽ സിലിണ്ടറോടു കൂടിയ പവർ സ്റ്റിയറിങ് യൂണിറ്റ് ഉണ്ടെന്നതും 963 എഫ്ഇ എന്ന മോഡലിനെ ഏറെ വ്യത്യസ്തമാക്കും. ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ക്ലച്ച് എന്നിവയുള്ള വാഹനത്തിന് 12 ഫോർവേഡ് ഗിയറുകളും 2 റിവേഴ്സ് ഗിയറും ഉണ്ട്.
English Summary: From the Pitch to the Farm: MS Dhoni's Tractor-Driving