ADVERTISEMENT

റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. റോഡ് ഗതാഗതം സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് ഈ വരകൾ. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം എന്നത് ചോദ്യമാണ്. അറിയാവുന്നവർ എത്ര പേർ ആ വരകളുടെ പിന്നിലെ നിയമം മനസിലാക്കി പ്രവർത്തിക്കുന്നുവെന്നതും ചിന്തിക്കേണ്ട കാര്യമാണ്. റോഡിലെ ഇരട്ട മഞ്ഞവര എന്തിനാണ് എന്ന് കോന്നിയിൽ അപകടത്തിൽ പെട്ട കെഎസ്ആർടിസി ഡ്രൈവർ ഒന്ന് ഓർത്തിരുന്നെങ്കിൽ ചിലപ്പോൾ 24 പേർക്ക് പരുക്ക് പറ്റിയ അപകടം ഒഴിവാക്കാമായിരുന്നു.

റോഡിൽ ഇരട്ട മഞ്ഞ വരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. റോഡിന് മധ്യത്തിലുള്ളൊരു ഡിവൈഡർപോലെ വേണം ആ വരകളെ കാണാൻ എന്നാണ് മോട്ടർവാഹന നിയമത്തിൽ പറയുന്നത്. അതു മറികടന്ന് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് കോന്നി ബസ് അപകടകാരണം. റോഡ് മര്യാദകളും നിയമങ്ങളുമൊന്നും ബസ് ഡ്രൈവർ പാലിച്ചിട്ടില്ലെന്ന് അപകടത്തിന്റെ വിഡിയോയിൽ നിന്ന് മനസിലാക്കാം.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇളകൊള്ളൂർ പള്ളിപ്പടിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണംവിട്ട് പള്ളിമതിലിലേക്കും കവാടത്തിലേക്കും ഇടിച്ചു കയറി. അപകടത്തിൽ ബസിന്റെയും കാറിന്റെയും ഡ്രൈവർമാർക്ക് ഉൾപ്പെടെ പരുക്കേറ്റിരുന്നു.

റോഡിലെ വരകൾ എന്തിന്? 

റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ ഈ വരകൾ ഡ്രൈവറെ സഹായിക്കുകയും ചെയ്യും. റോഡിലെ ശ്രദ്ധ വ്യതിചലിക്കാതെ കാര്യങ്ങൾ മനസിലാക്കാനും, കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായി റോഡുപയോഗിക്കുവാനും ഇവ സഹായിക്കും.

മഞ്ഞ, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. റോഡിനു നെടുകെയുള്ള വരകൾ തന്റെ വാഹനത്തിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഒരു ഡ്രൈവർക്ക് നൽകുന്ന സൂചനയാണ്. റോഡിനു കുറുകെയുള്ള വരകൾ വാഹനം നിർത്തേണ്ട സ്ഥാനം അറിയിക്കുന്നതിനാണ് മറ്റു വരകൾ ഡ്രൈവർക്കുള്ള നിർദ്ദേശങ്ങളാണ്. വിവിധ തരം റോഡുമാർക്കിങ്ങുകൾ എന്തെക്കെയാണെന്ന് നോക്കാം

∙ ഇടവിട്ട വെള്ളവര

ഇരുവരിപ്പാതയുടെ മധ്യരേഖ. ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നതിനു വേണ്ടിയാണ് ഈ വര. ഡ്രൈവർമാർക്ക് റോഡിന്റെ ഇടതുഭാഗം നിലനിർത്തി വാഹനമോടിക്കുവാൻ സഹായിക്കുന്ന ഈ വര ഓവർടേക്കിങ് സമയത്ത് ആവശ്യമെങ്കിൽ മുറിച്ചു കടക്കാം.

∙ ഹസാർഡ് വാണിങ് ലൈൻ

അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നതിനാണ് ഇത്തരം വരകൾ. മധ്യരേഖയെക്കാൾ ഈ വരയ്ക്ക് നീളം കൂടുതലും വരകൾ തമ്മിലുള്ള ഗ്യാപ്പ് കുറവും അയിരിക്കും. കുറഞ്ഞത് ഏഴു വരകൾ ഉണ്ടായിരിക്കും. വളവുകൾ ജങ്ഷനുകൾ മുതലായ സ്ഥലങ്ങൾ അടുക്കുന്നതിനു മുൻപായി മധ്യരേഖയോട് തുടർച്ചയായാണ് ഈ വര ഉണ്ടാകുക.

∙ തുടർച്ചയായ വെള്ളവര

ഇരു ദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നു. റോഡിന്റെ ഇടതുഭാഗം നിലനിർത്തിത്തന്നെ വാഹനോടിക്കണം. വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണമുണ്ട്.

 

∙ തുടർച്ചയായ മഞ്ഞവര

 

മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല. സൈറ്റ് ഡിസ്റ്റന്റ് കുറവായ വളവുകളിലാണ് ഈ വരകൾ ഉണ്ടാകുക. വര മുറിച്ചു കടക്കുന്നത് കുറ്റകരമാണ്.

 

∙ ഇരട്ടവെള്ള/മഞ്ഞ വര

 

ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

 

∙ തുടർച്ചയായ വരയും ഇടവിട്ട വരയും

 

ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാം. എന്നാൽ തുടർച്ചയായ വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാൻ അനുവാദമില്ല.

 

∙ ട്രാഫിക് ലെയിൻ വര

 

വീതികൂടിയ റോഡുകളിൽ ഗതാഗതം വരിവരിയായി ക്രമീകരിച്ച് സുഗമമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ വരകൾ. ഇടവിട്ട വെള്ളവരയായാണ് ട്രാഫിക് ലെയിൻ വരയ്ക്കുക., മധ്യരേഖയെ അപേക്ഷിച്ച് നീളവും വീതിയും.

 

English Summary: Pathanamthitta KSRTC Bus Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com