എസ്‌യുവികളിലെ സിംഹരാജനെ അവതരിപ്പിക്കാൻ ഹ്യുണ്ടേയ്
Mail This Article
എസ്‌യുവികളിലെ സിംഹ രാജാവിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ്. മുഫാസ അഡ്വഞ്ചർ എന്ന് പേരിട്ട പുതിയ എസ്‍യുവി കൺസെപ്റ്റിന്റെ പ്രദർശനവും ഹ്യുണ്ടേയ് നടത്തി. രാജ്യാന്തര തലത്തില്‍ ചൈനയില്‍ ആദ്യം പുറത്തിറങ്ങുന്ന മുഫാസയെ ഏപ്രിലില്‍ നടക്കുന്ന ഷാന്‍ഹായ് മോട്ടോര്‍ ഷോയിലാണ് അവതരിപ്പിക്കുക. പരുക്കന്‍ ലുക്കും കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള വാഹനമാണ് മുഫാസ. 1994ല്‍ പുറത്തിറങ്ങിയ ഡിസ്‌നിയുടെ ദ ലയണ്‍ കിംഗില്‍ നിന്നാണ് മുഫാസയെന്ന പേര് ഹ്യുണ്ടേയ് കണ്ടെത്തിയതെന്നാണ് സൂചന.
ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയുടെ സമ്പന്നമായ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വിഭാഗം കൂടുതല്‍ ഗംഭീരമാക്കാനാണ് മുഫാസയുടെ വരവ്. ക്രെറ്റക്ക് മുകളിലും ടക്‌സണിന് താഴെയുമായിരിക്കും മുഫാസയുടെ സ്ഥാനം. ടക്‌സണിന്റെ കൂപെ ലുക്ക് ഇഷ്ടപ്പെടാത്തവര്‍ ടഫ് ലുക്കുള്ള മുഫാസയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഹ്യുണ്ടയുടെ പ്രതീക്ഷ.
അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന മുഫാസ എസ്‌യുവിക്ക് 4.4 മീറ്റര്‍ നീളമാണുള്ളത്. 159 എച്ച്പി കരുത്തുള്ള 2.0 ലീറ്റര്‍ എന്‍.എ പെട്രോള്‍ എൻജിനാണ് വാഹനത്തിൽ. 48 വോള്‍ട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് ഹൈബ്രിഡ് വേരിയന്റിന് നല്‍കിയിരിക്കുന്നത്. സ്‌റ്റൈലിങ്ങിന്റെ കാര്യത്തിലാണ് മുഫാസയില്‍ എല്ലാവരുടേയും കണ്ണുടക്കുക. മുന്നിലെ വലിയ എക്‌സ് രൂപത്തിലുള്ള ഗ്രില്ലെയും കുത്തനെയുള്ള ഹെഡ്‌ലാംപുകളും കട്ടക്കു നില്‍ക്കുന്ന ടയറുകളും ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. മുന്നിലെ ഗ്രില്ലിന്റെ നടുവിലായി സ്ഥാപിച്ചിട്ടുള്ള ഹ്യുണ്ടേയ് ലോഗോ ഗ്രാന്‍ഡ് ഐ10ലും ഓറയിലും പുത്തന്‍ വെര്‍നയിലുമെല്ലാം ഇന്ത്യയില്‍ കണ്ടു പരിചയിച്ചതാണ്.
മുന്നിലെ ബംപറിലെ കട്ടുകളും വിടര്‍ന്ന എയര്‍ ഡാമുമെല്ലാം കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ഡോറിന് സുരക്ഷയും സൗന്ദര്യവും കൂട്ടാന്‍ കറുപ്പ് ക്ലാഡിങ് നല്‍കിയിട്ടുണ്ട്. ഏതാണ്ട് സമചതുരമാണ് വീല്‍ ആര്‍ക്കുകള്‍. കിയ ഇവി6ന് സമാനമായ ദീര്‍ഘ വൃത്താകൃതിയിലുള്ള പിന്നിലെ ടെയില്‍ ലാംപും ശ്രദ്ധേയമാണ്.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും 18 ഇഞ്ച് വീലുകളും വാഹനത്തിന് കൂടുതല്‍ പരുക്കന്‍ ഭാവം നല്‍കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സിന്റെ സവിശേഷതകൊണ്ട് എസ്‌യുവിയേക്കാള്‍ ഓഫ് റോഡര്‍ വാഹനത്തെ പോലെയാണ് മുഫാസയുടെ ഭാവം. പിന്നിലെ ചില്ലും യൂട്ടിലിറ്റി റൂഫ് റാക്കുമെല്ലാം വാഹനത്തിന്റെ പരുക്കന്‍ ഭാവം കൂട്ടുന്നുണ്ട്. മുഫാസയുടെ ഇന്റീരിയര്‍ വിശേഷങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇരട്ട ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയായിരിക്കും വാഹനത്തിനെന്നാണ് സൂചന.
ഇന്ത്യന്‍ വിപണിയിലേക്ക് മുഫാസയെ എപ്പോഴാണ് ഹ്യുണ്ടേയ് അവതരിപ്പിക്കുകയെന്ന് വ്യക്തമല്ല. എങ്കിലും മുഫാസയിലെ പല സവിശേഷതകളും വൈകാതെ ഹ്യുണ്ടേയുടെ മറ്റു മോഡലുകളുടെ മുഖം മിനുക്കലുകളിലൂടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ക്രെറ്റയടക്കമുള്ള വാഹനങ്ങള്‍ പുതിയ രൂപത്തിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നുണ്ട്. വരുന്ന ദീപാവലിക്ക് മുമ്പ് മുഫാസയേയും ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അവതരിപ്പിക്കാനുള്ള സാധ്യത തള്ളാനാവില്ല.
English Summary: Hyundai debuts rugged SUV Mufasa, inspired by Lion King