ചുഴലിക്കാറ്റ് കവർന്നത് 16 ലക്ഷം കി.മീ ഓടിയ ഹൈലാന്‍ഡര്‍, പുതിയ എസ്‍യുവി സമ്മാനിച്ച് ടൊയോട്ട

mark-miller-toyota
SHARE

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫ്‌ളോറിഡയുടെ തീരങ്ങളില്‍ വീശിയടിച്ച ഇയാന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. 113 ബില്യണ്‍ ഡോളര്‍ അഥവാ 9.29 ലക്ഷം കോടി രൂപയുടെ നാശങ്ങള്‍ക്ക് ഇവാന്‍ കാരണമായി. ഈ ചുഴലിക്കാറ്റിൽ മാര്‍ക്ക് മില്ലര്‍ എന്ന അമേരിക്കക്കാരന്റെ 2006 മോഡല്‍ ടൊയോട്ട ഹൈലാന്‍ഡര്‍ ഹൈബ്രിഡ് കാറും നശിച്ചു പോയിരുന്നു. ഇപ്പോഴിതാ മാര്‍ക്ക് മില്ലര്‍ക്ക് പുതിയൊരു ഹൈലാന്‍ഡര്‍ സമ്മാനിച്ചിരിക്കുന്നു ടൊയോട്ട. 

വിശ്വസ്തനായ ഉപഭോക്താവായ മാര്‍ക്ക് മില്ലര്‍ക്ക് ഇങ്ങനെയൊരു സമ്മാനം നല്‍കാന്‍ ടൊയോട്ട തീരുമാനിച്ചതിന് പിന്നില്‍ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം 10 ലക്ഷം മൈല്‍ (16,09,344 കിലോമീറ്റര്‍) പിന്നിട്ട വാഹനമാണ് മാര്‍ക്ക് മില്ലറുടേത് എന്നതു തന്നെ. റോഡ് പണിയുന്നതുമായി ബന്ധപ്പെട്ട ബിസിനസാണ് മാര്‍ക്ക് മില്ലറുടേത്. അതുകൊണ്ടുതന്നെ ദീര്‍ഘയാത്രകള്‍ അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിരുന്നു. പലപ്പോഴും മാര്‍ക്ക് മില്ലറുടെ ഓഫീസായും ട്രെയിലറുകള്‍ കെട്ടിവലിക്കുന്ന വാഹനമായുമൊക്കെ ഈ ഹൈലാന്‍ഡര്‍ മാറിയിരുന്നു.

mark-miller-toyota-1

മാര്‍ക്ക് മില്ലറുടെ പത്തു ലക്ഷം മൈല്‍ സഞ്ചരിച്ച ഹൈലാന്‍ഡറിന് ഇതിനിടെ എന്തെങ്കിലും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നാണ് മോട്ടോര്‍ വണ്‍ ഡോട്ട്‌കോം റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം വിശ്വസിക്കാവുന്ന വാഹനമെന്നാണ് പത്തു ലക്ഷം മൈല്‍ പിന്നിട്ട വേളയില്‍ മില്ലര്‍ തന്റെ ടൊയോട്ട കാറിനെ വിശേഷിപ്പിച്ചത്.

2023 ഹൈലാന്‍ഡര്‍ ഹൈബ്രിഡ് ബ്രോന്‍സ് എഡിഷനാണ് ടൊയോട്ട മില്ലര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ടൊയോട്ട തന്നെ പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് ലക്ഷം മൈല്‍ പിന്നിട്ടപ്പോള്‍ ടൊയോട്ട ഡീലര്‍ മില്ലറിന് ഒരു കൂളര്‍ സമ്മാനമായി നല്‍കിയിരുന്നു. പത്ത് ലക്ഷം മൈല്‍ പിന്നിട്ടപ്പോള്‍ സമ്മാനം എന്തെങ്കിലും സ്വാഭാവികമായും മില്ലര്‍ പ്രതീക്ഷിച്ചിരിക്കും. എങ്കിലും ഒരിക്കലും പുതിയൊരു കാര്‍ തന്നെ ലഭിക്കുമെന്ന് അദ്ദേഹം കരുതിക്കാണില്ല. 

ഇത് ആദ്യമായല്ല പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ ഉപഭോക്താക്കള്‍ക്ക് ടൊയോട്ട പുത്തന്‍ വാഹനം സമ്മാനിക്കുന്നത്. 2019ല്‍ കാലിഫോര്‍ണിയയില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ട്. അന്ന് കാട്ടുതീയില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നേഴ്‌സായ അലിന്‍ പിയേഴ്‌സിന്റെ ടൊയോട്ട കത്തി നശിച്ചിരുന്നു. ഇതിന് പകരവും ടൊയോട്ട കാറുടമക്ക് പുതിയ കാര്‍ നല്‍കിയിട്ടുണ്ട്.

English Summary: Million-mile-driven Highlander owner gifted new model from Toyota

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS