ക്രേറ്റ മുതൽ നെക്സോൺ വരെ, കാത്തിരിക്കാം മുഖം മിനുക്കി എത്തുന്ന ഈ വാഹനങ്ങൾക്കായി
Mail This Article
ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള പല മിഡ് സൈസ് എസ്‌യുവികളും പുതിയ പതിപ്പുകളുമായി പുറത്തിറങ്ങാനിരിക്കുകയാണ്. ടാറ്റയുടെ നെക്‌സോണ്‍, ഹാരിയര്‍, സഫാരി കിയയുടെ സോനറ്റും സെല്‍റ്റോസും ഹ്യുണ്ടേയ് ക്രെറ്റ എന്നിവയാണ് മാറ്റങ്ങളുമായെത്തുന്ന എസ്‌യുവികള്‍. ഇതില്‍ പലതും പുറംമോടിയില്‍ മാത്രം ഒതുങ്ങുമെങ്കില്‍ ചിലതെല്ലാം ഉള്ളിലേക്കു കൂടി കടന്നുള്ള മാറ്റങ്ങളുമായാണ് എത്തുക.
കിയ സെല്‍റ്റോസ് - ജൂണ്‍/ജൂലൈ 2023
2019 മുതല്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള സെല്‍റ്റോസിനെ ഇതുവരെ കിയ മുഖം മിനുക്കിയിട്ടില്ല. ആഗോളവിപണിയില്‍ കഴിഞ്ഞ വര്‍ഷം പാതിയില്‍ സെല്‍റ്റോസ് പുതിയ മുഖവുമായി എത്തിയിരുന്നു. ഇന്ത്യയില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ തന്നെ സെല്‍റ്റോസ് പുതിയ രൂപത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഗ്രില്ലെയിലും ഹെഡ്‌ലാംപിലുമെല്ലാം മാറ്റങ്ങളുണ്ടാവും.
ഡുവല്‍ ടോണ്‍ ബംപറും പിന്നില്‍ പുതിയ എല്‍ഇഡി ടെയില്‍ ലാംപുകളും കണക്ടഡ് ലൈറ്റ് ബാറും ലഭിച്ചേക്കും. ADAS സൗകര്യങ്ങളോടെയായിരിക്കും പുതിയ സെല്‍റ്റോസ് എത്തുക. 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എൻജിനുകള്‍ക്ക് പുറമേ 1.5 ടര്‍ബോ പെട്രോള്‍ എൻജിനും സെല്‍റ്റോസിനുണ്ടാവും. പഴയ 1.4 ലീറ്റര്‍ പെട്രോല്‍ എൻജിന്‍ പിന്‍വലിക്കും.
ടാറ്റ നെക്‌സോണ്‍ - ഓഗസ്റ്റ് 2023
കര്‍വ് കണ്‍സപ്റ്റില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നിലും പിന്നിലും മാറ്റങ്ങളോടെയാവും നെക്‌സോണ്‍ ഓഗസ്റ്റിൽ പുറത്തിറങ്ങുക. ഉള്ളില്‍ വലിയ ടച്ച്‌സ്‌ക്രീനും സെന്റര്‍ കണ്‍സോളും പുതിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നെക്‌സോണിലുണ്ടാവും. 1.5 ലീറ്റര്‍ ഡീസല്‍ എൻജിന്‍ തുടരുകയും പുതിയ 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍ ഓപ്ഷന്‍ ലഭിക്കുകയും ചെയ്യും. പുതിയ നെക്‌സോണിന്റെ വിലയും ഓഗസ്റ്റിൽ തന്നെയാവും ടാറ്റ പ്രഖ്യാപിക്കുക.
ടാറ്റ ഹാരിയര്‍ - ഒക്ടോബര്‍ 2023
നെക്‌സോണിനെ പോലെ ഹാരിയറിലും കര്‍വ് കണ്‍സെപ്റ്റില്‍ നിന്നുള്ള ആശയങ്ങള്‍ ടാറ്റ പ്രാവര്‍ത്തികമാക്കുമെന്ന സൂചനയുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹാരിയര്‍ ഇവിയുടെ സവിശേഷയതകളില്‍ ചിലതും പുതിയ ഹാരിയറില്‍ പ്രതീക്ഷിക്കാം. മുന്നിലും പിന്നിലും വലിയ തോതില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഹാരിയറില്‍ വെര്‍ട്ടിക്കല്‍ ഹെഡ്‌ലാംപും ടെയില്‍ ലാംപും ഫുള്‍ വിഡ്ത് എല്‍ഇഡി ലൈറ്റ് ബാറുകളുമുണ്ടാവും.
കൂടുതല്‍ വലിയ ടച്ച് സ്‌ക്രീനും പുതുതായി രൂപകല്‍പന ചെയ്ത ഡാഷ്‌ബോര്‍ഡും ഹാരിയറിനുണ്ടാവും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പുറമേ പുതിയ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍ ഓപ്ഷനും പുതിയ ഹാരിയറില്‍ അവതരിപ്പിക്കും. ഒക്ടോബറില്‍ ദീപാവലിക്ക് മുമ്പായിരിക്കും ഹാരിയറിന്റെ വില ടാറ്റ പ്രഖ്യാപിക്കുക.
ടാറ്റ സഫാരി - ഒക്ടോബര്‍ 2023
ഹാരിയറിന് സമാനമായ മുഖം മിനുക്കലുകളാവും ടാറ്റ സഫാരിയിലുമുണ്ടാവുക. ഹാരിയര്‍ ഇവിയില്‍ നിന്നും സഫാരിയിലേക്കും കടമെടുപ്പുകള്‍ പ്രതീക്ഷിക്കാം. പ്രധാനമായും ഡിസൈനില്‍ തന്നെയാണ് മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാവുക. 2.0 ലീറ്റര്‍ ഡീസല്‍ എൻജിന് പുറമേ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനും പുതിയ ടാറ്റ സഫാരിക്ക് ലഭിക്കും. പുതിയ ഹാരിയര്‍ എത്തുന്ന ഒക്ടോബറില്‍ തന്നെയാണ് ടാറ്റ പുതിയ സഫാരിയും പുറത്തിറക്കുന്നത്.
കിയ സോനറ്റ് - ഡിസംബര്‍ 2023
സെല്‍റ്റോസിന് പുറമേ സോനറ്റിലും കിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 2021 മാര്‍ച്ചില്‍ അവതരിപ്പിച്ച ശേഷം സോനറ്റിന് കാര്യമായ മാറ്റങ്ങളൊന്നും കിയ നല്‍കിയിരുന്നില്ല. ഡിസംബറിലായിരിക്കും പുതിയ സോനറ്റ് പുറത്തിറങ്ങുക. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതലായി കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള 1.2 ലീറ്റര്‍ പെട്രോള്‍, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്നീ എൻജിന്‍ ഓപ്ഷനുകളാവും പുതിയ സോനറ്റിലും നല്‍കുക.
ഹ്യുണ്ടേയ് ക്രെറ്റ - ജനുവരി/ ഫെബ്രുവരി 2024
ഇന്തോനീഷ്യ, റഷ്യ എന്നീ വിപണികളില്‍ പുതിയ ക്രെറ്റയെ അവതരിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്ക് പുതിയ ക്രെറ്റയെ ഹ്യുണ്ടേയ് കൊണ്ടുവരുന്നത്. 2024 ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയിലായിരിക്കും പുതിയ ക്രെറ്റ എത്തുക. 360 ഡിഗ്രി ക്യാമറ, അഡാസ് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഇന്റീരിയറില്‍ വലിയ മാറ്റങ്ങളോടെയാവും ക്രെറ്റയുടെ വരവ്. 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എൻജിനുകള്‍ പുതിയ ക്രെറ്റയിലുമുണ്ടാവും. എന്നാല്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന് 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനായി മാറിയേക്കും.
English Summary: 6 Mass Market SUVs to get Facelifts in the Next 9 months