ഹോണ്ടയുടെ മിഡ് സൈസ് എസ്‍യുവി എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഹോണ്ട പുറത്തിറക്കും. എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ്ങിനിടെയാണ് പുതിയ എസ്‍യുവിയുടെ ഇലക്ട്രിക് പതിപ്പും വികസനഘട്ടത്തിലാണെന്നു ഹോണ്ട അറിയിച്ചത്.
വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം ഇതായിരിക്കും. 2030 ൽ ഹോണ്ട നിരയിലെ എസ്‌യുവികളുടെ എണ്ണം 5 ആക്കാനാണ് പദ്ധതിയെന്നും ഹോണ്ട പറയുന്നു. പുതിയ എസ്‍യുവി എലിവേറ്റിനെ ഒക്ടോബറിൽ വിപണിയിലെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതി. എലിവേറ്റിനായുള്ള ബുക്കിങ് ജൂലൈയിൽ ആരംഭിക്കും.
ജാപ്പനീസ് ഓട്ടോമൊബൈൽ ഭീമനിൽ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയുമാണ് ഹോണ്ട എലിവേറ്റ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകളോടായിരിക്കും എലിവേറ്റ് മത്സരിക്കുക. ഹോണ്ടയുടെ 1.5 ലീറ്റർ ഐവിടെക് ഡിഒഎച്ച്സി എൻജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, സിവിറ്റി ഗിയർബോക്സുകളുമായി വാഹനമെത്തും. 121PS കരുത്തും 145.1 ടോർക്കുമുണ്ട് ഈ എൻജിന്.
English Summary: Honda to Launch Elevate based Electric SUV