ഇന്ത്യന്‍ ആർമിയിൽ ചേർന്ന 5 ഇതിഹാസ വാഹനങ്ങള്‍; ജിപ്സി മുതല്‍ ടാറ്റ സഫാരി വരെ
Mail This Article
ഇന്ത്യന്‍ സേനകളുടെ വാഹനം എന്നു കേട്ടാല്‍ മനസ്സില്‍ വരുന്നത് 'മസ്‌കുലര്‍ രൂപവും തല ഉയര്‍ന്ന ഭാവവും കവചിതവുമായ' രൂപമുള്ള വാഹനങ്ങളാണ്. ഹൈടെക് സംവിധാനങ്ങളുള്ള ഏതു പ്രതിസന്ധി ഘട്ടങ്ങളിലും കടന്നു ചെല്ലാവുന്ന വാഹനങ്ങളാണ് ഇന്ത്യന്‍ സേനകളുടെ മുഖമുദ്രയും. എന്നാല്‍ പൊതുവിപണിയിലും മികച്ച വില്‍പന നേടിയ സിവിലിയന്‍ വാഹനങ്ങളും ഇന്ത്യന്‍ സേനയുടെ ഭാഗമാണെന്നു കുറച്ചു പേര്‍ക്കെങ്കിലും അറിവുണ്ടാകില്ല. വിശ്വാസ യോഗ്യമായ, പലവിധേന ഉപയോഗിക്കാന്‍ സാധിക്കുന്ന ഇത്തരം സിവിലിയന്‍ വാഹനങ്ങളും ആര്‍മിയുടെ ഭാഗമാക്കാന്‍ പ്രത്യേകമായി നിര്‍മിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട 5 എണ്ണം നോക്കാം.
ഹിന്ദുസ്ഥാന്‍ അംബാസഡര്‍
ഇന്ത്യ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വാഹനങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ വിവിധയിടങ്ങളിലും പറഞ്ഞു കേള്‍ക്കാറുള്ള പേരാണ് ഹിന്ദുസ്ഥാന്‍ അംബാസഡര്‍. ഇന്ത്യന്‍ വാഹനവിപണിയിലെ പല ചരിത്രങ്ങള്‍ക്കും തറക്കല്ലിട്ട അംബാസഡര്‍ ദശാബ്ദങ്ങളോളം ഇന്ത്യന്‍ നിരത്തുകള്‍ അടക്കി വാണു. ഇന്നും വാഹനപ്രേമികളുടെ ഇടയില്‍ അംബാസഡറിനു രാജകീയ പദവി തന്നെയാണ്. മന്ത്രിമാരുടെയും നേതാക്കളുടെയും ട്രേഡ്മാര്‍ക്ക് വാഹനമായിരുന്ന അംബാസഡറും സേനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ യുദ്ധകാലാവശ്യങ്ങള്‍ക്കായിരുന്നില്ലെന്നു മാത്രം. ഉയര്‍ന്ന നിര്‍മാണ നിലവാരവും ആവശ്യത്തിലേറെ സ്‌പേഷ്യസുമായ വാഹനം ഉദ്യോഗസ്ഥരുടെയും ഭരണജീവനക്കാരുടെയും സഞ്ചാരത്തിനു പൂര്‍ണമായി ഉപയോഗിച്ചിരുന്നു ഒരു കാലത്ത്. കാര്യമായ പരിചരണം ആവശ്യമില്ലാത്ത വാഹനമായിരുന്നതിനാല്‍ നിര്‍മാണം അവസാനിപ്പിച്ച 2014 വരെയും സേനയ്ക്കുവേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നു. നിലവിലും സേനകളുടെയും വിമാനത്താവളങ്ങളുടെയും ഭാഗമായി അംബാസഡറുകള്‍ ഉപയോഗിക്കുന്നുണ്ട്.
മാരുതി സുസുക്കി ജിപ്‌സി
1991 മുതലാണ് മാരുതി സുസുക്കി ജിപ്‌സി ഇന്ത്യന്‍ സേനകളുടെ ഭാഗഭാക്കായത്. അന്നു മുതല്‍ ഇന്നുവരെയും ഇന്ത്യന്‍ സേനയുടെ അവിഭാജ്യ ഘടകവും മുഖമുദ്രയുമായി മാറാന്‍ ജിപ്‌സിക്കു സാധിച്ചു. സിനിമകളില്‍ പട്ടാളവേഷങ്ങളിലെത്തുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കുമൊപ്പം ജിപ്‌സി സ്റ്റാറായി. ചെറിയ രൂപവും ഭാരക്കുറവുള്ള ഫ്രെയിമുമെല്ലാമുള്ള വാഹനം ഓള്‍ ടെറൈന്‍ വാഹനമെന്നു പോലും വിശേഷിപ്പിക്കപ്പെട്ടു. മഞ്ഞു നിറഞ്ഞ മലമുകളിലും മരുഭൂമികളിലും ഉള്‍പ്പെടെ പടവെട്ടാന്‍ ജിപ്‌സി എന്നും മുന്നിലുണ്ടായിരുന്നു. ലളിതമായ ഹാന്‍ഡ്‌ലിങ്, ഉപയോഗിക്കുന്നതിലെ ലാളിത്യം, ദുഷ്‌കരമായ സാഹചര്യങ്ങളെ മറികടക്കാനുള്ള ശേഷി, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയെല്ലാം ജിപ്‌സിയെ സേനകളുടെ ഇഷ്ടവാഹനമായി മാറ്റി. സേനകളെ ചെറിയ സംഘങ്ങളായി തിരിച്ച് അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള മികവുള്ള ജിപ്‌സി ഒട്ടേറെ വലിയ ദൗത്യങ്ങളിലും ഭാഗമായി. കംബസ്റ്റ്യന്‍ എന്‍ജിനുള്ള ജിപ്‌സിയെ ഇലക്ട്രിക് ജിപ്‌സിയായി മാറ്റാനുള്ള പദ്ധതിയുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ടാറ്റാ സുമോ
ഇന്ത്യന്‍ സേനകളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമായി ടാറ്റാ ഫോര്‍വീല്‍ ഡ്രൈവുള്ള സുമോ മോഡലുകള്‍ നിര്‍മിച്ചിരുന്നു. യുദ്ധമുഖങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ആംബുലന്‍സ് സന്നാഹങ്ങളായി ടാറ്റാ സുമോ നിലകൊണ്ടു. സേനകളുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തി ഏറെ പഠനശേഷം ടാറ്റാ നിര്‍മിച്ച ഫോര്‍വീല്‍ ഡ്രൈവ് സന്നാഹം ടാറ്റാ സുമോയെ ഏതു വലിയ പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാന്‍ പ്രാപ്തനാക്കി. സേനകള്‍ ഉപേക്ഷിക്കുന്ന ഫോര്‍വീല്‍ ഡ്രൈവ് സുമോ മോഡലുകള്‍ക്കു വലിയ ആരാധകരാണുള്ളത്. വിപണിവിലയുടെ മൂന്നിരട്ടി വില വരെ നല്‍കിയാണ് ടാറ്റാ സുമോ ഫോര്‍വീല്‍ ഡ്രൈവ് മിലിറ്ററി ലേലങ്ങളില്‍ വിറ്റുപോകുന്നത്.
ടാറ്റാ സഫാരി സ്റ്റോം
ഇന്ത്യയിലെ ആദ്യ ബിഗ്‌സൈസ് എസ്‌യുവി എന്ന വിശേഷണം നേടിയ സഫാരി സ്റ്റോമും ഇന്ത്യന്‍ സേനയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പ്രത്യേകമായി രൂപപ്പെടുത്തിയ സന്നാഹങ്ങളുള്ള ടാറ്റാ സഫാരിയാണ് സേനകളുടെ ഭാഗമായിരുന്നത്. അക്കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും പര്യാപ്തനായ എസ്‌യുവിയായിരുന്നു സഫാരി സ്റ്റോം. തുടക്കത്തില്‍ തന്നെ സഫാരി സ്റ്റോം ജിഎസ്800 മോഡലിന്റെ 3192 ഓര്‍ഡറുകളാണ് സേനയില്‍ നിന്നു ടാറ്റയ്ക്കു ലഭിച്ചത്. ഈ വാഹനത്തിന്റെ കരുത്ത് സംബന്ധിച്ച വിവരങ്ങളും പുറത്തു വിട്ടിരുന്നില്ല. ജിഎസ്800 എന്ന എന്‍ജിന്‍ പുറത്തു വില്‍പനയിലുള്ള മോഡലുകളെക്കാള്‍ കരുത്ത് വര്‍ധിപ്പിച്ച് ട്യൂണ്‍ ചെയ്താണ് നിര്‍മിച്ചിട്ടുള്ളത്. ഇന്നും സേന ഏറ്റവുമധികം യാത്രകള്‍ക്ക് ആശ്രയിക്കുന്ന വാഹനങ്ങളിലൊന്നും ടാറ്റാ സഫാരി സ്റ്റോം ജിഎസ്800 ആണ്.
മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് 4X4
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന വാഹന നിര്‍മാതാക്കള്‍ക്കു ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ പ്രചോദനമായ വാഹനമാണ് സ്‌കോര്‍പിയോ. അന്താരാഷ്ട്ര നിലവാരമുള്ള ഈ റഗ്ഡ് എസ്‌യുവിയുടെ പുതു തലമുറയെക്കാള്‍ ആരാധകര്‍ പഴയ തലമുറയ്ക്കാണുള്ളത്. സ്‌കോര്‍പിയോയുടെ ഫോര്‍വീല്‍ ഡ്രൈവ് വകഭേദത്തിന്റെ 1470 യൂണിറ്റുകളാണ് ഇന്ത്യന്‍ ആര്‍മി മഹീന്ദ്രയില്‍ നിന്നു വാങ്ങിയത്. മികച്ച എന്‍ജിന്‍, വലിയ പ്രകടനക്ഷമതയുള്ള ഫോര്‍വീല്‍ ഡ്രൈവ് സംവിധാനം, മികച്ച സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം ഓണ്‍റോഡ് - ഓഫ്‌റോഡ് പര്‍പ്പസുകളില്‍ വാഹനത്തിന്റെ സുരക്ഷയും കംഫര്‍ട്ടും വര്‍ധിപ്പിച്ചു.
പ്രത്യേകമായി നിര്‍മിച്ച വാഹനങ്ങളാണ് സേനകളില്‍ ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഈ 5 വാഹനങ്ങളും സേനകളില്‍ അവരുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മികച്ച നിര്‍മാണ നിലവാരത്തിനും പ്രായോഗികതയ്ക്കുമാണ് ഇവിടെ പ്രാധാന്യം ലഭിച്ചത്. സിവിലിയന്‍ വാഹനങ്ങള്‍ സേനകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഈ വാഹനങ്ങളുടെ പൊതു വിപണി ആവശ്യകതയും ആരാധകരും വര്‍ധിച്ചു. മാറ്റത്തിന്റെ പാതയിലാണ് സേനകളും. തുടര്‍ന്നും ഇവ ഉപയോഗിക്കുന്നതിനൊപ്പം ജിംനി പോലെയുള്ള കൂടുതല്‍ സിവിലിയന്‍ വാഹനങ്ങളും വരും ദിവസങ്ങളില്‍ സേനകളുടെ ഭാഗമാകുമെന്നു കരുതാം.
English Summay: Five Civilian Vehicles Used In Indian Army