സൈന്യത്തിൽ ചേർന്ന് ഹൈലക്സ്, ആദ്യ ബാച്ച് കൈമാറി ടൊയോട്ട
Mail This Article
ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സിന്റെ ലൈഫ്സ്റ്റൈല്‍ പിക് അപ് വാഹനമായ ഹൈലക്സ് ഇനി ഇന്ത്യന്‍ സേനയ്ക്കൊപ്പവും. ഹൈലക്സ് പിക്കപ് ട്രക്കിന്റെ ആദ്യ ബാച്ച് ഇന്ത്യന്‍ സൈന്യത്തിനു ടൊയോട്ട കൈമാറി. സേനയുടെ വാഹനവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇവാലുവേഷന്‍ കമ്മിറ്റി നോര്‍ത്തേണ്‍ കമാന്‍ഡ് നടത്തിയ 2 മാസത്തെ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഹൈലക്സ് സേനയുടെ ഭാഗമാകുന്നത്. 13000 അടി ഉയരത്തില്‍, പൂജ്യത്തിനു താഴെ തപനിലയുള്ള പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പരീക്ഷിച്ച ശേഷമാണ് വാഹനം സേനയ്ക്കു വേണ്ടി പ്രവര്‍ത്തിപ്പിക്കാമെന്നു തീരുമാനിച്ചത്.
ഓഫ്റോഡ് നിലവാരത്തിനും റഫ് ടെറൈന്‍ കഴിവുകള്‍ക്കും ഏറെ പ്രശസ്തമാണ് ഹൈലക്സ്. സിവിലിയന്‍ മോഡലിനെ അപേക്ഷിച്ച് സേനയ്ക്കായി നല്കിയ വാഹനത്തിന് ഏതെങ്കിലും വിധത്തിലുള്ള പരിഷ്കാരങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹൈലക്സിന്റെ ഹൃദയം. ഓട്ടമാറ്റിക് - മാനുവല്‍ വകഭേദങ്ങളില്‍ വാഹനം ലഭ്യമാണ്. ഓട്ടമാറ്റിക്കിന് 240 എച്ച്പി പരമാവധി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട്. മാനുവല്‍ ഡ്രൈവില്‍ 204 എച്ച്പിയും 420 എന്‍എം ടോര്‍ക്കുമുണ്ട്. എല്ലാ വാഹനങ്ങളും ഓള്‍വീല്‍ ഡ്രൈവാണ്.
700 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിങ് കപ്പാസിറ്റി, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 7 എയര്‍ബാഗുകള്‍, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്ട്രോള്, വെഹിക്കിള്‍ സ്റ്റെബിലിറ്റി ഫീച്ചര്‍ എന്നിവയെല്ലാം വാഹനത്തിലുണ്ട്. 37.90 ലക്ഷം രൂപയാണ് ഉയര്‍ന്ന വകഭേദത്തിനു വില. മാനുവല്‍ ട്രാന്സ്മിഷന് മോഡല്‍ വില 37.15 ലക്ഷം രൂപയില്‍ ആരംഭിക്കും. ഐഎംവി ടു പ്ലാറ്റ്ഫോമാണ് വാഹനത്തിന്റെ അടിത്തറ.
English Summary: Toyota Kirloskar Motors delivers a fleet of the Iconic Hilux to the Indian Army